മലപ്പുറം : മുണ്ടുപറമ്പ് ബൈപ്പാസില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ ലോറി റോഡിലൂടെ നിരങ്ങിയെത്തി കാറും ബൈക്കും ഇടിച്ചുതെറിപ്പിച്ചു. അപകടത്തില്‍പ്പെട്ടവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവത്തിന്റെ ഭീകരത പുറത്തുവരുന്നത്.
പാലക്കാട് ഭാഗത്തുനിന്നു വന്ന ലോറി നിയന്ത്രണം വിട്ട് റോഡില്‍ ചരിഞ്ഞു വീഴുകയായിരുന്നു. അമിത വേഗതയിലാണ് ലോറി റോഡില്‍ ചെരിഞ്ഞ് വീണത്. റോഡിലൂടെ നിരങ്ങി നീങ്ങിയ ലോറി ആദ്യം ഒരു കാറിലിടിക്കുകയും പിന്നീട് പുറകിലുണ്ടായിരുന്ന സ്കൂട്ടര്‍ യാത്രക്കാരനെ തട്ടിത്തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ യാത്രക്കാരന് തെറിച്ചു വീഴുന്നതും ദൃശ്യത്തില്‍ കാണാം. കോഴിക്കോടു ഭാഗത്തുനിന്ന് മുണ്ടുപറമ്പിലേക്ക് വരികയായിരുന്നു ഇയാള്‍. കാറില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ലോറി മറിയുന്നതു കണ്ട് ഇയാള്‍ പതുക്കെ വെട്ടിച്ച് ഇടതു വശത്തേക്ക് കയറാന്‍ നോക്കുന്നുണ്ടെങ്കിലും അതിന് സാവകാശം ലഭിക്കുന്നതിനു മുന്‍പേ ഇടിച്ചു തെറിപ്പിച്ചുു.
വാഹനത്തില്‍ നിന്നും തെറിച്ചു വീണ സ്കൂട്ടര്‍ യാത്രികന് സമീപത്തുണ്ടായിരുന്ന ഇരുമ്പു തൂണിന്റെ അടിയില്‍പ്പെട്ടു. അതിനാല്‍ പുറത്തെടുക്കാന്‍ അല്പം ബുദ്ധിമുട്ടിയെന്നത് ഒഴിച്ചാല്‍ ഗുരുതരമായി ആര്‍ക്കും പരിക്കുകളില്ല. അഗ്നിരക്ഷാസേനയും പോലീസുമെത്തിയാണ് ഇയാളെ പുറത്തെടുത്തത്. കാറിന്റെ ഡ്രൈവറും സ്കൂട്ടര്‍ യാത്രികനും നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: