മലപ്പുറം: വ്യാജ എഞ്ചിൻ, ഷാസി നമ്പറുകളുള്ള ബൈക്കിന് ആർസി ഓണർഷിപ്പ് മാറ്റി നൽകിയ സംഭവത്തിൽ രണ്ട് മോട്ടോർ വാഹന ഉദ്യോഗസ്ഥരുൾപ്പെടെ നാലുപേർ മലപ്പുറം പോലീസിന്റെ പിടിയിലായി. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരായ നിലമ്പൂർ പോത്തുകല്ല് ഭൂദാനം കോളനി ആനപ്പാൻ സതീഷ്ബാബു (46), പൂക്കോട്ടൂർ പുതിയകളത്തിൽ എ.ഗീത (53), മോട്ടോർ വാഹന വകുപ്പിൽനിന്ന് വിരമിച്ച സെക്ഷൻ സൂപ്രണ്ട് കോഴിക്കോട് മലാപറമ്പ് ചിത്തിര ഹൗസിൽ അനിരുദ്ധൻ (61), ആർടിഒ ഏജന്‍റ് കാവനൂർ ഇല്ലിക്കൽ ഉമ്മർ (50) എന്നിവരെയാണ് മലപ്പുറം സിഐ ജോബി തോമസ് അറസ്റ്റ് ചെയ്തത്.
കിഴിശ്ശേരി സ്വദേശിയുടെ കൈവശമാണ് ബൈക്കുണ്ടായിരുന്നത്. എഞ്ചിൻ, ഷാസി നമ്പറുകളിൽ മാറ്റംവരുത്തിയതായി ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. അവസാന ഡിജിറ്റിലാണ് കൃത്രിമം കണ്ടെത്തിയത്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി നാഗപ്പന്റെ പരാതിയിൽ മോട്ടോർ വാഹന വകുപ്പ് നിർദേശപ്രകാരമാണ് കഴിഞ്ഞ ജനുവരി 11ന് മലപ്പുറം പോലീസ് കേസെടുത്തത്. തന്റെ ബൈക്കിന്റെ അതേ നമ്പറിലുള്ള മറ്റൊരു ബൈക്ക് മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്തതായി കാണിച്ച് നാഗപ്പൻ, നെയ്യാറ്റിൻകര ജോയിന്‍റ് ആർടിഒ മുഖേന തിരുവനന്തപുരം ആർടിഒക്ക് നൽകിയ പരാതിയാണ് കേസിന് അടിസ്ഥാനം.
മലപ്പുറം ആർടിഒയുടെ പ്രാഥമികാന്വേഷണത്തിൽ കൃത്രിമം നടന്നതായി ബോധ്യപ്പെട്ടതോടെയാണ് കേസ് പോലീസിന് കൈമാറിയത്. 2012ലാണ് മലപ്പുറം ജോയിന്‍റ് ആർടിഒ ഓഫീസിൽനിന്ന് ബൈക്കിന് ആർ സി ബുക്ക് നൽകിയത്. എഞ്ചിൻ, ഷാസി നമ്പറുകൾ വ്യാജമായി കൊത്തിയാണ് ആർടിഒ ഏജന്‍റ് ഉമ്മർ മുഖേന വാഹന ഉടമ ആർസിക്ക് അപേക്ഷിച്ചത്. അരീക്കോട് ഭാഗത്തെ വാഹനക്കച്ചവടക്കാർ വഴി എത്തിയ ബൈക്കാണ് തിരുവനന്തപുരത്തെ മറ്റൊരു ബൈക്കിന്റെ നമ്പറിൽ മലപ്പുറം ജോയിന്‍റ് ആർ ടി ഒ ഓഫീസിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്.
ഉമ്മറാണ് കേസിലെ ഒന്നാംപ്രതി. പരിശോധന നടത്താതെ, ആർ സി ഇഷ്യൂ ചെയ്തതിനാണ് മോട്ടോർ വാഹന ഉദ്യോഗസ്ഥരെ കൂട്ടുപ്രതികളാക്കി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ എ.ഗീത ഇപ്പോൾ തിരൂരങ്ങാടി ജോയിന്‍റ് ആർടിഒ ഓഫീസിലും സതീഷ് നിലമ്പൂർ ജോയന്‍റ് ആർടിഒ ഓഫീസിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: