കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെടുന്ന തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.ക്രൈം ബ്രാഞ്ചാണ് കെ പി സി സി അധ്യക്ഷനെ അറസ്റ്റ് ചെയ്തത്. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ രാവിലെ 11മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകിട്ട് വരെ നീണ്ടതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.
സുധാകരനെ അറസ്റ്റ് ചെയ്താല്‍ 50000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തില്‍ ജാമ്യത്തില്‍ വിടണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
സുധാകരനെ ചോദ്യം ചെയ്യും മുമ്പ് പരാതിക്കാരായ ഷമീര്‍, യാക്കൂബ്, അനൂപ് അഹമ്മദ് എന്നിവരില്‍ നിന്ന് അന്വേഷണ സംഘം മൊഴി എടുത്തിരുന്നു. വിദേശത്ത് നിന്ന് ലഭിക്കേണ്ട രണ്ടര ലക്ഷം കോടി രൂപ കൈപറ്റാന്‍ ദില്ലിയില്‍ പണം ചെലവിടണമെന്നും ഇതിനായി കെ സുധാകരന്‍ ഇടപെടുമെന്നും വിശ്വസിപ്പിച്ചാണ് പരാതിക്കാരില്‍ നിന്ന് മോന്‍സന്‍ മാവുങ്കല്‍ 25 ലക്ഷം രൂപ കൈപ്പറ്റിയത്.
കെ സുധാകരന്റെ സാന്നിധ്യത്തിലാണ് പണം നല്‍കിയതെന്നാണ് പരാതിക്കാര്‍ വ്യക്തമാക്കിയത്. അപ്പോള്‍ തന്നെ മോന്‍സന്‍ കെ സുധാകരന് ഇതില്‍ പത്ത് ലക്ഷം രൂപ നല്‍കിയതായി മോന്‍സന്റെ ജീവനക്കാരും മൊഴി നല്‍കി.
നേരത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും കെ സുധാകരന്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ രണ്ടാംപ്രതിയാണ് കെ പി സി സി അധ്യക്ഷന്‍.
അതേസമയം തന്നെ പ്രതിയാക്കുന്നത് രാഷ്‌ട്രീയ പ്രേരിതമെന്നാണ് കെ സുധാകരന്റെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: