തിരുവനന്തപുരം : പണമില്ലേ പണമില്ലേ എന്നാണ് കേരള സര്‍ക്കാരിന്റെ ഇപ്പോഴത്തെ പതിവ് പല്ലവി. ശമ്പളം നല്കാന് പണമില്ല. പെന്ഷന് നല്കാന് പണമില്ല. സാമൂഹ്യക്ഷേമ പെന്‍ഷനും പണമില്ല. കെടുകാര്യസ്ഥത മൂലം കടം പെരുകുന്നുവെന്നത് വാസ്തവം.
എന്നാല്‍ എല്ലാത്തിനും പഴി കേന്ദ്ര സര്‍ക്കാരിനും. കേന്ദ്രം നല്‍കാനുളള ചരക്ക് സേവന നികുതി വിഹിതവും മറ്റും നല്‍കാതെ വരിഞ്ഞു മുറുക്കുകയാണെന്നാണ് ആരോപണമെങ്കിലും മുഖ്യനും മന്ത്രിമാര്‍ക്കും ഉലകം ചുറ്റാനും ആര്‍ഭാട ജീവിതത്തിനും പണത്തിന് തെല്ലും പഞ്ഞമില്ല. ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്ത് നിര്‍മ്മിക്കാന്‍ ലക്ഷങ്ങളാണ് ചെലവ്. പുത്തന്‍ കാറുകള്‍ വാങ്ങുന്നതിനും പണം പ്രശ്നമില്ല. ജനങ്ങളുടെ കാര്യം വരുമ്പോഴേ ഉളളൂ പണമില്ലാത്തത്.
ഏതായാലും ഇതിനിടെ മറ്റൊരു സാഹസികത കാണിച്ചിരിക്കുകയാണ് കായിക മന്ത്രി അബ്ദുറഹ്മാന്. ലോക ഫുട്ബാള്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയെ കേരളത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ് മന്ത്രി. പണമൊക്കെ നമുക്കൊപ്പിക്കാമെന്ന നിലപാടിലാണ് അബ്ദുറഹ്മാന്.മെസിയെയും കൂട്ടരെയും കേരളത്തിലേക്ക് ക്ഷണിച്ച് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് മന്ത്രി കത്തയച്ചതായി ഫേസ്ബുക്കിലൂടെയാണ് മന്ത്രി അറിയിച്ചത്.
മൂന്ന് മാസം മുമ്പ് അര്‍ജന്റിന ഇന്ത്യയില്‍ കളിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എന്നാല്‍, അക്കാര്യം ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് നിരാകരിക്കുകയായിരുന്നു. സൗഹൃദ മത്സരം കളിക്കാന്‍ നാല്പത് കോടി രൂപയിലേറെയാണ് അര്‍ജന്റീന ചോദിച്ചത് എന്നതാണ് കാരണം. അത്രയും ചെലവിടാനുളള ധനസ്ഥിതിയിലല്ല എന്നാണ് കാരണമായി പറഞ്ഞത്. റാങ്കിംഗില്‍ പിന്നിലുള്ള ഇന്ത്യ അര്‍ജന്റീനയോട് കളിച്ചാല്‍ ഫലം ദയനീയമാകുമോ എന്ന ആശങ്കയും എ ഐ എഫ് എഫ് പങ്കുവെച്ചതായി അറിയുന്നു.ഏതായാലും ലോകത്തെ മുന്‍നിര രാജ്യങ്ങള്‍ പോലും കൊതിക്കുന്ന ഓഫറാണ് ഇന്ത്യ തള്ളിക്കളഞ്ഞത്. ജൂണ്‍ 10 നും 20 നും ഇടയിലാണ് അര്‍ജന്റീന ഇന്ത്യയിലും ബംഗ്ലാദേശിലും കളിക്കാന്‍ സന്നദ്ധത അറിയിച്ചത്. രണ്ടു കൂട്ടരും തയ്യാറായില്ല. തുടര്‍ന്ന് ചൈനയും ഇന്തോനേഷ്യയും അവസരം മുതലാക്കി.
ലോകകപ്പില്‍ തങ്ങള്‍ക്ക് ലഭിച്ച അതിഗംഭീര പിന്തുണയ്ക്ക് പകരം മെസിയും സംഘവും നല്കുന്ന സമ്മാനമായിരുന്നു സൗഹൃദ മത്സരം. ഏതായാലും ഈ വാര്‍ത്ത അറിഞ്ഞയുടന്‍ മന്ത്രി അബ്ദുറഹ്മാന് ചാടിവീഴുകയായിരുന്നു.
ഇത്തരത്തില്‍ ഒരു മത്സരത്തിന് പണം കണ്ടെത്തുക എന്നതാണോ പ്രശ്നം. മെസിയും കൂട്ടരും വരുമെന്ന് അറിഞ്ഞാല്‍ സ്പോണ്‍സര്‍മാരെ വച്ച് നമ്മള് മത്സരം നടത്തുമെന്നാണ് മന്ത്രിയുടെ പക്ഷം. സ്പോണ്‍സറെ കണ്ടെത്തുന്നതൊക്കെ കൊളളാം , എന്നാല്‍ അതിലും പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവരെ
എത്തിച്ച് കമ്മീഷനടിക്കാതെ നോക്കിയാല്‍ മതി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ബന്ധുക്കളെയും ഏഴയലത്ത് അടുപ്പിച്ചേക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: