മുംബയ് : സാങ്കേതിക രംഗത്തെ ഭീമനായ ആപ്പിള്‍ ഇന്ത്യയില്‍ സ്വന്തം ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഐഫോണ്‍ നിര്‍മ്മാണ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടിം കുക്ക് ഏപ്രിലില്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ എച്ച്ഡിഎഫ്സി ബാങ്ക് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ശശിധര്‍ ജഗദീശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
രാജ്യത്ത് ‘ആപ്പിള്‍ പേ’ ആരംഭിക്കുന്നതിനായി ആപ്പിള്‍, നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുമായി (എന്‍പിസിഐ) ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.എന്നാല്‍ അത് റുപേ പ്ലാറ്റ്ഫോം നല്കുന്ന ക്രെഡിറ്റ് കാര്‍ഡിനെ കുറിച്ചാണോ ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസിന് (യുപിഐ) വേണ്ടിയുള്ള ചര്‍ച്ചകളെ കുറിച്ചാണോ എന്ന് വ്യക്തമല്ല. റുപേ ക്രെഡിറ്റ് കാര്‍ഡും യുപിഐയുമായി ലിങ്ക് ചെയ്യാനാകും.
ഇന്ത്യയില്‍, ബാങ്കുകള്‍ക്ക് മാത്രമേ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കാനാകൂ.അതേസമയം ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വഴി ക്യുആര്‍ കോഡുകള്‍ സ്കാന്‍ ചെയ്ത് തടസമില്ലാത്തതും വേഗത്തിലുള്ളതുമായ പണമിടപാടുകള്‍ നടത്താനാണ് യുപിഐ . ക്രെഡിറ്റ് കാര്‍ഡിന്റെ രീതികളെക്കുറിച്ച് ആപ്പിള്‍ ,റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. മറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ക്കായുളള പതിവ് നടപടിക്രമങ്ങള്‍ പാലിക്കാന്‍ ആര്‍ബിഐ കമ്പനിയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
ആപ്പിള്‍ എച്ച്ഡിഎഫ്സി ബാങ്കുമായി സഹകരിച്ച് ഇന്ത്യയില്‍ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. ചര്‍ച്ചകള്‍ പ്രാരംഭഘട്ടത്തിലാണ്. ആപ്പിള്‍ നിലവില്‍ യു എസില്‍ പ്രീമിയം ക്രെഡിറ്റ് കാര്‍ഡ് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ടൈറ്റാനിയത്തില്‍ നിര്‍മ്മിച്ച ഈ ക്രെഡിറ്റ് കാര്‍ഡ് മാസ്റ്റര്‍കാര്‍ഡ്, ഗോള്‍ഡ്മാന്‍ സാക്സ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് നടത്തുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ആപ്പിള്‍ ഇന്ത്യയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ആപ്പിളിന്റെ ഇന്ത്യയിലെ വില്‍പ്പന ഏകദേശം 50,000 കോടി രൂപയിലെത്തി.
അടുത്തിടെ, ടിം കുക്ക് ഇന്ത്യാ സന്ദര്‍ശിച്ചപ്പോള്‍ മുംബൈയിലും ദല്‍ഹിയിലും രണ്ട് എക്സ്ക്ലൂസീവ് സ്റ്റോറുകള്‍ ആരംഭിച്ചിരുന്നു. ഐഫോണ്‍ ഉല്‍പ്പാദനത്തിന്റെ ഒരു പ്രധാന ഭാഗം ആപ്പിള്‍ ഇന്ത്യയിലേക്ക് മാറ്റുകയാണ്. ഇന്ത്യയിലെ മൊത്തത്തിലുള്ള സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഇതിന് നാല് ശതമാനം വിഹിതമുണ്ട്. ഇത് രണ്ട് കോടി ഉപയോക്താക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: