കൊച്ചി: യൂട്യൂബര്‍മാരുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 25 കോടിയോളം രൂപയുടെ നികുതിവെട്ടിപ്പെന്ന് റിപ്പോര്‍ട്ട്. മാസങ്ങളോളം നിരീക്ഷണം നടത്തിയശേഷമാണ് ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസമാണ് വ്ലോഗര്‍മാരുടെ വീടുകളില്‍ മണിക്കൂറുകള്‍ നീണ്ട റെയ്ഡ് നടത്തിയത്. നിരീക്ഷണത്തില്‍ സംശയം തോന്നി കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയ 13 വ്ലോഗര്മാരോടെ വരുമാനം സ്രോതസ് വെളിപ്പെടുത്താന്‍ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ നല്കുന്ന കണക്ക് വരുമാനസ്രോതാക്കളില്‍നിന്ന് ലഭിക്കുന്ന കണക്കുമായി ഒത്തുനോക്കും. ഇതുപ്രകാര നികുതി അടയ്ക്കാത്ത വ്ലോഗര്‍മാരുടെ അക്കൗണ്ടുകള്‍ നീക്കാന്‍ ആദായനികുതി വകുപ്പ് നടപടി കൈക്കൊള്ളുമെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാനത്തെ അറിയപ്പെടുന്ന 30 വ്ലോഗര്‍മാരുടെ അക്കൗണ്ടുകള്‍ മാസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡിന് ഇറങ്ങിയത്. 30 പേരില്‍നിന്ന് 13 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയിരുന്നു. വര്‍ഷം രണ്ടുകോടിയിലേറെയാണ് യൂട്യൂബര്‍മാരുടെ വരുമാനമെന്ന് പരിശോധനയില്‍ വ്യക്തമായി. എന്നാല്‍ ഇവരില്‍ ചിലര്‍ ഇതുവരെ ഒറ്റപ്പൈസ പോലും നികുതി അടച്ചിട്ടില്ലെന്നും ആദായനികുതി വകുപ്പ് കണ്ടെത്തി.
ഇതോടെ നികുതി അടക്കാന്‍ തയാറാവാത്ത വ്ലോഗര്‍മാര്‍ക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. വ്ലോഗര്‍മാരില്‍ ചിലര്‍ കൃത്യമായി ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാറുണ്ടെങ്കിലും പലരും വരുമാനം മറച്ചുവെച്ചതായും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: