സുരേഷ് പത്മനാഭന്‍
തലേദിവസം അര്‍ധരാത്രി വീട്ടില്‍ നിന്നും ഉറങ്ങാതെ ഇറങ്ങി പത്തിരുപതു മണിക്കൂര്‍ മൃഷ്ടാന്ന ഭക്ഷണവും കഴിച്ചു ചാക്യാരുടെ വായ്‌ത്താരിയില്‍ ആകാശമാര്‍ഗത്തില്‍ ചരിച്ച ക്ഷീണവുമായി പരിശോധനകള്‍ക്കായി കാത്തുനില്‍ക്കുന്നു. നമ്മുടെ ശബരിമല ദര്ശനത്തിന്റെ പരിഷ്‌കരിച്ച പതിപ്പ്, കുറേക്കൂടി മെച്ചത്തിലുള്ള സംവിധാനം. കാലനെ വെട്ടിച്ചു വിദേശത്തേക്ക് കടന്ന വൃദ്ധ ദമ്പതികള്‍, ചെറുപ്പക്കാര്‍, കളിതുടരുന്ന കുട്ടികള്‍, നവദമ്പതികള്‍ അവരുടെ കണ്ണുകളിലെ സ്വപ്‌നവും പ്രതീക്ഷകളും, അമേരിക്കകാരല്ലാത്തവര്‍ക്കായുള്ള സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തിലെ വരിയാണ്.
ആബാലവൃദ്ധം തിക്കിത്തിരക്കാതെ കാത്തു നില്‍കുന്നു. മിക്കവാറും കറുത്ത കോട്ടു ധരിച്ചിട്ടുമുണ്ട്. അഞ്ചാറു സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍. അവരുടെ കൗണ്ടറുകള്‍ക്കുപോലും നമ്പറുകള്‍. ചില്ലിട്ട ഇരിപ്പിടത്തില്‍ നിന്നും അവര്‍ നമ്മളെ ട്രാഫിക് പോലീസ് കാരെപ്പോലെ കൈപൊക്കി വിളിക്കും. കഥകളിക്കു ഇവിടെയും വേരുകളുണ്ടാവാമെന്നു ചരിത്രന്വേഷിയായ എന്റെ മനസ്സ് ഉറപ്പിച്ചു. കറുത്തവര്‍, പലതരത്തില്‍ വെളുത്തവര്‍, അതിഗൗവക്കാര്‍, അറ്റകൈക്ക് ചിരിക്കുന്നവര്‍ എന്നിങ്ങനെ.
പാസ്‌പോര്‍ട്ട് പരിശോധകര്‍ എന്തൊക്കെയോ ചോദിക്കുന്നു, ഐക്യ നാടുകളുടെ മുദ്ര പതിച്ചുവിടുന്നു. ഇതാണ് പരിപാടിയെന്ന് നിത്യവും വായിച്ചിരുന്ന പത്രത്തിലെ പതിവ് കോളം നിരീക്ഷണം വെളിപ്പെടുത്തി, എന്റെ ഊഴമെത്തി. കരുത്തും കാവലുമായി ശ്രീമതിയും. സന്ദര്‍ശനത്തിന്റെ ഉദ്ദേശം, കാലാവധി, കൈവശമുള്ള പെട്ടികളില്‍ ആഹാര സാധനങ്ങളുണ്ടോ, വിത്തും വളവും ചെടികളും ഒളിപ്പിച്ചു വച്ചിട്ടുണ്ടോ എന്നാണ് വായില്‍ മുറുക്കാന്‍ ചവക്കും പോലെ ഇംഗ്ലീഷ് അവന്‍ കുഴച്ചു മറിച്ചത്. ഇത്തിരി അരിപൊടി, മഞ്ഞള്‍ പൊടി, ചമ്മന്തി പൊടി സ്വല്പം കായ, കിഴങ്ങുകള്‍ വറുത്തത്, തൃപ്പൂണിത്തുറ സ്വാമിയുടെ ലഡു, ജിലേബി, ശ്രീകൃഷ്ണ സ്വീറ്റ്‌സിന്റെ പലതരം മധുരങ്ങള്‍, അത്രമാത്രം എന്ന് സിനിമയില്‍ മോഹന്‍ലാലിനോടും ശ്രീനിവാസനോടും പശുവിന്റെ തീറ്റയെപ്പറ്റി വിവരിക്കുന്ന ശങ്കരാടിയെപ്പോലെ ആവുന്ന ഇംഗ്ലീഷില്‍ മറുപടിയും നല്‍കി. പോരുംമുന്‍പ് ഇവന്റെ ഭാഷ സ്വല്പം യു ട്യൂബിലിട്ടു കേട്ടതിനാല്‍ ഇത്രയെങ്കിലും സാധിച്ചു.
സീലടിച്ചു പാസ്‌പോര്‍ട്ട് തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്‍ നിന്ന ഞങ്ങള്‍ക്ക് അത് സുതാര്യമായ ചെറിയ പെട്ടിയില്‍ അടക്കം ചെയ്തു മുകളില്‍ കിലുക്കം പോലെ എന്തോ ശബ്ദിക്കുന്ന ഇലക്ട്രോണിക് സംവിധാനത്തോടെ നല്‍കികൊണ്ട് പെട്ടികള്‍ ശേഖരിച്ചു കൗണ്ടര്‍ എ യില്‍ പരിശോധനക്കേല്‍പ്പിക്കാന്‍ നിര്‍വികാരനായി അദ്ദേഹം നിര്‍ദേശിച്ചു. പെട്ടികള്‍ ഒരു വിധം കണ്ടെത്തി ഇങ്ങനെ കിലുക്കം വെച്ച കവറില്‍ പാസ്‌പോര്‍ട്ട് ലഭിക്കാത്തവര്‍ തങ്ങളുടെ ലഗേജുമായി ഗമയില്‍ കടന്നു പോകുന്നു.
കൗണ്ടര്‍ എ യില്‍ എത്തിയപ്പോള്‍ ഞങ്ങളെപ്പോലെ കിലുക്കമുള്ള പെട്ടിയില്‍ പാസ്സ്‌പോര്‍ട്ടുമായി കുറേപേര്‍. ഇനി എന്താണ് നടപടി ക്രമം. പുറകില്‍ നിന്ന സര്‍ദാര്‍ജിക്കു സത് ശ്രീ അകല്‍ ആശംസിച്ചുകൊണ്ട് പരന്ത്രീസില്‍ ഞാന്‍ തിരക്കി, ഇന്ത്യക്കാരനാണെന്നു മനസ്സിലാക്കിയ സര്‍ദാര്‍ജി പഞ്ചാബി കലര്‍ന്ന ഹിന്ദിയില്‍ പരിഭ്രമിക്കാനൊന്നുമില്ലെന്നും ചിലപ്പോള്‍ പിഴ അടക്കേണ്ടിവരുമെന്നും പറഞ്ഞത് ആപത്ഘട്ടമായതുകൊണ്ടാവാം എനിക്ക് ഏറെക്കുറെ മനസ്സലായി. നമ്മുടെ വാഹനങ്ങളുടെ സര്‍വീസ് സെന്ററുകളിലെ വലിയ റാമ്പ്. അതില്‍ ചലിക്കുന്ന കോണ്‍വെയറുകള്‍. മുകളില്‍ പലതരം സ്‌കാനറുകള്‍. രണ്ടും കല്പിച്ചു ഇടറുന്ന മനസ്സോടെ പെട്ടികള്‍ അതില്‍ കയറ്റിവച്ചപ്പോള്‍, അരിപ്പൊടി ഇവര്‍ മയക്കുമരുന്നെന്നു തെറ്റിദ്ധരിച്ചതാവാം എന്ന് കരുതി.
ഇതിനിടെ സംഭവം നിരീക്ഷിച്ച ഞങ്ങളുടെ സഞ്ചാരത്തെ കുറിച്ചുള്ള രേഖകള്‍ പരിശോധിച്ച ഒരു സീനിയര്‍ സ്ഥലത്തെത്തി മുന്ന് പെട്ടികളില്‍ രണ്ടു വലിയ പെട്ടികള്‍ തിരിച്ചെടുക്കാനും മൂന്നാമത്തെ ചെറിയപെട്ടി തുറക്കാനും ആവശ്യപ്പെട്ടു. തന്റെ ഗ്ലൗസിട്ട കൈകള്‍ കൊണ്ട് ഒരു നിമിഷം പരത്തിയ ശേഷം അദ്ദേഹം അത് കണ്ടെത്തി പുറത്തേക്കെടുത്തു. ഇറ്റ് ഈസ് എ ലഡ്ഡു എന്ന് വലിയ തിരുപ്പതി ലഡ്ഡു പോലുള്ള തൃപ്പൂണിത്തുറ സ്വാമിയുടെ പലഹാരത്തെ നിര്‍വചിച്ചപ്പോള്‍ ഞങ്ങളുടെ മനസ്സിലുംലഡ്ഡു പൊട്ടി, കുളിര്‍മഴ പെയ്തു. ആ ഉദ്യോഗസ്ഥനെ ആശ്ലേഷിക്കുവാന്‍ തോന്നിയെങ്കിലും അത് ഞങ്ങളുടെ പേരകുട്ടിക്കുള്ളതാണ് എന്ന വാക്കുകളാണ് പുറത്തു വന്നത്. നന്ദി പറഞ്ഞു കാത്തിരിക്കുന്ന അവന്റെ അരികിലേക്ക് നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: