ന്യൂയോര്‍ക്ക്: മോദിയുടെ ഇന്ത്യയില്‍ മുസ്ലിങ്ങള്‍ സുരക്ഷിതരല്ലെന്ന വിമര്‍ശനം ഉയര്‍ത്താന്‍ നോക്കിയ യുഎസ് കോണ്‍ഗ്രസിലെ പ്രതിനിധി ഇല്‍ഹാന്‍ ഒമര്‍ ട്വീറ്റിലൂടെ നടത്തിയ വിമര്‍ശനം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. മോദിയുടെ ഇന്ത്യയില്‍ ഞങ്ങള്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നുവെന്ന് ന്യൂനപക്ഷങ്ങള്‍ക്കുള്ള ദേശീയ കമ്മീഷന് ഉപാധ്യക്ഷന്‍ അതിഫ് റഷീദ് തുറന്ന കത്തെഴുതിയതോടെയാണ് ഇത്. ഇല്‍ഹാന്‍ ഒമറിന് മറുപടിയായി അതിഫ് റഷീദ് എഴുതിയ കത്ത് ഇപ്പോള്‍ വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
മോദിയുടെ ഇന്ത്യയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുന്ന രീതിയിലാണ് ഈ കത്ത്. മോദിയുടെ യുഎസ് സന്ദര്‍ശനവേളയില്‍ ഈ വിമര്‍ശനമുയര്‍ത്തി രാഷ്ട്രീയ വിവാദമുണ്ടാക്കാനായിരുന്നു മിനെസോറ്റ സ്റ്റേറ്റിന്റെ കോണ്‍ഗ്രസ് പ്രതിനിധിയായ ഇല്‍ഹാന്‍ ഒമറിന്റെ ശ്രമം. ഇസ്രയേല്‍ പലസ്തീനിതിരെ നടത്തുന്ന സൈനിക നടപടിയെ വിമര്‍ശിച്ചതിന്റെ പേരില്‍ യുഎസ് വിദേശകാര്യ സമിതിയില്‍ നിന്നും ഒഴിവാക്കപ്പെട്ട വ്യക്തികൂടിയാണ് ഇല്‍ഹാന്‍ ഒമര്‍ എന്ന് ഓര്‍മ്മിക്കുക.
യുഎസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധികളായ ഇല്‍ഹാന്‍ ഒമറും മറ്റൊരു മുസ്ലിം പ്രതിനിധിയായ റഷീദ ലെയ്ബും സംയുക്ത യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് മോദി നടത്തുന്ന പ്രസംഗം ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ എന്താണ് ഇന്ത്യയിലെ യാഥാര്‍ത്ഥ്യമെന്ന് തുറന്ന് കാണിക്കുന്നതായിരുന്നു അതിഫ് റഷീദ് ഇല്‍ഹാന്‍ ഒമറിനെഴുതിയ കത്ത്. ഇന്ത്യയില്‍ നിന്നുള്ള ചില എന്ജിഒപ്രതിനിധികളാണ് ഇല്‍ഹാന്‍ ഒമറിനെ ഇങ്ങിനെ ഒരു നീക്കത്തിന് പ്രേരിപ്പിച്ചത്. ആംനെസ്റ്റി, ഹ്യൂമന്‍ റൈറ്റ്സ് വാച്ച്, ശതകോടീശ്വരനായ മോദി വിരുദ്ധ ലോബിയുടെ ചുക്കാന്‍ പിടിക്കുന്ന ജോര്‍ജ്ജ് സോറോസ് തുടങ്ങി ഒട്ടേറെപ്പേര്‍ മോദിയുടെ യുഎസ് സന്ദര്‍ശനത്തിന്റെ ശോഭ കെടുത്താന്‍ കഠിനാധ്വാനം ചെയ്യുകയാണ്. ഇതിന്റെ ഭാഗമായി മോദി യുഎസ് സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി ബിബിസി നിര്‍മ്മിച്ച നുണകള്‍ നിറഞ്ഞ വിവാദ ഡോക്യുമെന്ററി ആംനെസ്റ്റി യുഎസില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഈ ബിബിസി ഡോക്യുമെന്ററി ഇന്ത്യയില്‍ നിരോധിച്ചിരുന്നു.
“നിങ്ങളുടെ വെറുപ്പിന്റെ അജണ്ടയുടെ ഭാഗമായി ഇന്ത്യയെക്കുറിച്ചുള്ള തെറ്റായ ചിത്രമാണ് നിങ്ങള്‍ കാണിക്കാന്‍ ശ്രമിക്കുന്നത്. ഞാന്‍ ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വ്യക്തിയാണ്. എനിക്കിവിടെ മതസ്വാതന്ത്ര്യവും മതപരമായ വ്യക്തിത്വവും ഉണ്ട്. ഇന്ത്യയിലെ ഏത് വിഭവങ്ങളിലും എനിക്ക് തുല്യപങ്കാളിത്തം ഉണ്ട്. ഇന്ത്യയില്‍ എന്തും സംസാരിക്കാന്‍ എനിക്ക് സ്വാതന്ത്ര്യമുണ്ട്. – ഇല്‍ഹാന്‍ ഒമറിന്റെ ട്വീറ്റിന് മറുപടിയായി നല്കിയ കത്തില്‍ അതിഫ് റഷീദ് എഴുതി.
ഇന്ത്യയില്‍ എനിക്ക് എന്തും എഴുതാനുള്ള സ്വാതന്ത്ര്യമുണ്ട്. താങ്കള്‍ എന്റെ ഇന്ത്യയെക്കുറിച്ച് തെറ്റായി ചിത്രമാണ് കാണിക്കുന്നത്. ദയവായി വായില്‍ നിന്നും വിഷം തുപ്പുന്നത് നിര്‍ത്തൂ- അതിഫ് റഷീദ് എഴുതുന്നു.
അതിഫ് റഷീദി ട്വിറ്ററില്‍ പങ്കുവെച്ച ഈ കത്ത് വൈറലായി പ്രചരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: