ആലപ്പുഴ: ജില്ലയില്‍ പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു. കുട്ടികളില്‍ പകര്‍ച്ച പനി പടരുന്നത് ആശങ്ക ഉയര്‍ത്തുന്നു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ കിടക്കകള്‍ പനി ബാധിതരെ കൊണ്ട് നിറഞ്ഞു. ഈ സാഹചര്യത്തില്‍ കുട്ടികള്‍, അതീവ ഗുരുതരമല്ലാത്തവര്‍ എന്നിവര്‍ ഒഴികെയുള്ളവരെ മരുന്ന് നല്കി വീട്ടില്‍ വിശ്രമിക്കാന്‍ പറഞ്ഞ് മടക്കി അയയ്ക്കുകയാണ്. എന്നാല്‍ സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. പനി, വയറിളക്കരോഗങ്ങള്‍, ഡങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവയെല്ലാം വ്യാപകമായിട്ടുണ്ട്.
വെള്ളക്കെട്ടുള്ളിടത്തു മാത്രമല്ല ആലപ്പുഴയുടെ കരപ്രദേശത്തും പടിഞ്ഞാറന്‍ മേഖലയിലും പനിപടരുന്നു. മഴക്കാലജന്യരോഗങ്ങളും ജീവിത ശൈലീ രോഗങ്ങളും കുട്ടികള്‍ക്കിടയില്‍ ഉണ്ടാവുന്ന പകര്ച്ചപ്പനികളുമൊക്കെയാണ് ശ്രദ്ധിക്കേണ്ടത്. കൊതുക് പെരുകുന്നതും രോഗപ്രതിരോധശേഷി കുറയുന്നതും വെള്ളക്കെട്ടും മഴയും തണുത്ത അന്തരീക്ഷവും പകര്‍ച്ചവ്യാധികള്‍ വരുത്തുന്നു. ചുമയും കഫക്കെട്ടും പനിയിലേക്കു നയിക്കും. ഏതുതരം പനിയെന്ന് സ്വയം മനസിലാക്കാന്‍ ശ്രമിക്കരുത്. വെള്ളക്കെട്ടില്‍ കൊതുക് പെരുകി മലേറിയ, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി, എലിപ്പനി പോലുള്ള മാരക അസുഖങ്ങള്‍ പകരാതെ നോക്കണം. എലിമൂത്രത്തിലൂടെ പകരുന്ന രോഗമായ എലിപ്പനി റെപ്റ്റോ സ്പൈറ രോഗാണു പരത്തുന്നു. ശരീരത്തിലെ മുറിവുകളിലൂടെയാണ് ബാധിക്കുന്നത്.
സ്വയം ചികിത്സയ്ക്ക് നില്‍ക്കാതെ ഡോക്ടറുടെ സേവനം ഉറപ്പാക്കുന്നതിനൊപ്പം വീടും പരിസരവും ശുചിയായി സൂക്ഷിക്കണം. കഴിക്കുന്ന ഭക്ഷണവും ഉപയോഗിക്കുന്ന വെള്ളവും ശുദ്ധമാവണം. എലിപ്പനി, ഡെങ്കിപ്പനി, വൈറല്‍ ഫീവര്‍ തുടങ്ങിയതെല്ലാം സാധാരണയില്‍ കവിഞ്ഞ് ജില്ലയുടെ ഏത് ഭാഗത്തുനിന്നും രോഗസാഹചര്യമില്ലെന്നും അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: