എടത്വാ: എ.ഐ ക്യാമറയ്ക്ക് മുന്നിലൂടെ കടന്നുപോയാല്‍ ബൈക്കിന്റ നമ്പര്‍ പ്ലേറ്റ് മാസ്കില്‍ മറക്കും. യാത്ര നിരന്തരമായതോടെ പോലീസിന്റെ അന്വഷണത്തില്‍ കുടുങ്ങിയത് കോളേജ് വിദ്യാര്‍ഥി.
എടത്വാ വലിയ പാലത്തില്‍ സ്ഥാപിച്ച എ.ഐ ക്യാമറായ്ക്ക് മുന്നിലാണ് എടത്വാ കോളേജില്‍ പഠിക്കുന്ന തലവടി സ്വദേശിയായ വിദ്യാര്‍ഥിയുടെ പ്രകടനം. രാവിലെ കോളേജിലേക്ക് പോകുമ്പോള്‍ പാലത്തിലേക്ക് തിരിച്ച് വെച്ചിരിക്കുന്ന എ.ഐ ക്യാമറായ്ക്ക് മുന്നിലെത്തുന്നതിന് മുന്‍പ് ബൈക്കിന്റെ മുന്‍വശത്തെ നമ്പര്‍ പ്ലേറ്റ് മാസ്ക് ഉപയോഗിച്ച് മറയ്ക്കും. വൈകിട്ട് കോളേജ് വിട്ട് വീട്ടിലേയ്ക്ക് പോകുമ്പോള്‍ ബൈക്കിന്റെ പിന്നിലെ നമ്പര്‍ പ്ലേറ്റ് മാസ്ക് ഉപയോഗിച്ച് മറയ്ക്കും.
സംഭവം തുടര്‍ന്നതോടെ ബൈക്കും സഞ്ചരിക്കുന്ന യാത്രക്കാരനേയും കുറിച്ച് വ്യക്തമായ രേഖകള്‍ ലഭിക്കാത്തതിനാല്‍ എ.ഐ ക്യാറയുടെ കണ്ണില്‍ കരടായി തീര്‍ന്നു. ഇതോടെ എടത്വാ പോലീസ് കേസ് ഏറ്റെടുത്ത് അന്വഷണം ആരംഭിച്ചു. എ.ഐ ക്യാറയെ കബളിപ്പിച്ചെങ്കിലും സ്വകാര്യ വ്യക്തികളുടെ സി.സി ടി.വിയില്‍ ബൈക്ക് ഉടമയുടെ നമ്പര്‍ പതിഞ്ഞു. പോലീസിന്റെ അന്വഷണത്തില്‍ കോളേജ് വിദ്യാര്‍ഥിയാണെന്ന് തെളിഞ്ഞു. ഇതോടെ വിദ്യാര്‍ഥിയെ പോലീസ് പൊക്കി. ഡ്രൈവിംഗ് ലൈസന്‍സും ബൈക്കിന്റെ മറ്റ് രേഖകളും വിദ്യാര്‍ഥിയുടെ കൈവശം ഉണ്ടായിരുന്നു. എ.ഐ ക്യാമറായെ കബളിപ്പിക്കാന്‍ ചെയ്തതാണ് വിദ്യാര്‍ഥിക്ക് പൊല്ലാപ്പായി മാറിയത്.
എടത്വാ സി.ഐ കെ.ബി ആനന്ദബോസ്, എസ്.ഐ മഹേഷ്, സി.പി. ഒമാരായ ജെസ്റ്റിന്, സഫീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വഷണം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: