കോഴിക്കോട് : വ്യാജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടാന്‍ ശ്രമിച്ചെന്ന കേസില്‍ വിദ്യയെ പിടികൂടാന്‍ പോലീസിന് സാധിക്കുന്നത് പതിനഞ്ച്ദിവസങ്ങള്ക്ക് ശേഷം. സിപിഎമ്മിന്റെ തട്ടകമായ കോഴിക്കോട് മേപ്പയ്യൂര്‍ ആവള കുട്ടോത്തുനിന്നും വിദ്യയെ പിടികൂടിയത് നാടകീയ നീക്കങ്ങള്‍ക്ക് ഒടുവിലാണ്. വിദ്യയ്ക്ക് ഒളിവില്‍ കഴിയാന്‍ സഹായങ്ങള്‍ നല്‍കിയവരുടെ പേര് വിവരങ്ങള്‍ പുറത്തുവരാത്ത വിധത്തിലായിരുന്നു പോലീസിന്റെ കരുനീക്കങ്ങള്‍.
ആവള കുട്ടോത്ത് നിന്നാണ് വിദ്യയെ പിടിച്ചതെന്ന് പറയുന്നെങ്കിലും ഈ പ്രദേശത്തിന് സമീപത്തെ സ്റ്റേഷനുകളിലെ പോലീസുകാര്‍ക്കൊന്നും ഇതിനെപ്പറ്റി അറിവുണ്ടായിരുന്നില്ല. മഹാരാജാസിലെ എസ്എഫ്ഐ നേതാവായ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് വിദ്യയെ പിടികൂടിയത്. സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് പോലും വിദ്യയെയുംകൊണ്ട് അഗളി പോലീസ് കോഴിക്കോട്ടെത്തിയതിന് ശേഷമാണ് അറിഞ്ഞത്.
എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ ജനങ്ങള്‍ക്കിടയില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നതോടെയാണ് വിദ്യയെ അറസ്റ്റ് ചെയ്യാന്‍ പോലീസും നീക്കം തുടങ്ങിയത്. വിദ്യ ഒളിവിലാണ് കണ്ടെത്താനുള്ള തെരച്ചില്‍ നടന്നു വരികയാണെന്ന് പോലീസ് ആവര്‍ത്തിക്കുമ്പോഴും ഉന്നത പോലീസിനും മറ്റും ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ അറിയാമായിരുന്നുവെന്ന് സംശയമുണര്‍ത്തുന്ന നടപടികളാണ് കൈക്കൊണ്ടത്. അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ പ്രദേശത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കിയെടുക്കുന്നതിനായി വൈകീട്ട് മുതല്‍ കോഴിക്കോട്ടേക്കുള്ള വഴിയില്‍ പലയിടത്തും പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
അതോടൊപ്പം വിദ്യയെ പോലീസ് കസ്റ്റഡിയിലെടുക്കുന്ന ഒരുചിത്രവും പുറത്തുവരാതിരിക്കാനുള്ള നീക്കങ്ങളും പോലീസ് നടത്തി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് വിദ്യ പിടിയിലായതെന്ന് പോലീസ് സംഭവത്തില്‍ നല്കിയ മറുപടി. നീണ്ട 15 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ കേരളത്തിലെ വിദഗ്ധ പോലീസ് സംഘത്തിന് സാധിച്ചിട്ടുള്ളത്. വിദ്യയെ അഗളി പോലീസ് നിലവില്‍ അട്ടപ്പാടിയില്‍ എത്തിച്ചിട്ടുണ്ട്. ഇന്ന് വിശദമായി ചോദ്യം ചെയ്യും. ശേഷം ഇന്ന് രാവിലെ 11 മണിയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. അതിനിടെ വിദ്യ മുന്‍കൂര്‍ ജാമ്യത്തിനായി കോടതികളെ സമീപിച്ചിരുന്നു. ഹര്‍ജി അടുത്ത ദിവസം പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: