അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം അഞ്ഞൂറു വര്‍ഷത്തെ അപമാനത്തിന്റെ കറ കഴുകിക്കളഞ്ഞ് പൂര്‍വ്വാധികം ശോഭയോടെ ഉയിര്ത്തെഴുന്നേല്ക്കുന്ന മുഹൂര്‍ത്തം സമാഗതമാവുകയാണ്. അതിനിനി വിരലിലെണ്ണാവുന്ന മാസങ്ങളേ ബാക്കിയുള്ളൂ. വരുന്ന ജനുവരിയ്ക്കു മുമ്പു തന്നെ ക്ഷേത്രത്തിന്റെ പണി തീര്‍ത്ത് പ്രാണപ്രതിഷ്ഠ നടത്തി ഭക്തജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടന്നു കൊണ്ടിരിയ്ക്കുന്നു. ലോകമെങ്ങുമുള്ള സനാതന ധര്‍മ്മാഭിമാനികള്‍ അയോദ്ധ്യയിലെ തങ്ങളുടെ അഭിമാന സ്തംഭത്തെ ഒരു നോക്ക് കാണാനും, ശ്രീരാമചന്ദ്രപ്രഭുവിന് പ്രണാമങ്ങള്‍ അര്‍പ്പിച്ച് പാദപൂജ ചെയ്യുവാനും വെമ്പല്‍ കൊണ്ട് അക്ഷമരായി കാത്തിരിയ്ക്കുന്നു.
ശ്രീരാമക്ഷേത്രം സജീവമാകുന്നതോടെ പുതിയൊരു ചൈതന്യപ്രവാഹം അയോദ്ധ്യ കേന്ദ്രീകരിച്ച് ലോകമെങ്ങും പ്രസരിയ്ക്കാന്‍ ആരംഭിയ്ക്കും. അത് സനാതന ധര്മ്മത്തിന് നവജീവന്‍ പകരും. എന്നാല്‍ ഏതൊരു പ്രവാഹത്തിന്റെയും കാര്യത്തിലെന്ന പോലെ ആ ഊര്‍ജ്ജം സ്വീകരിച്ച് ലോകമെങ്ങും എത്തിയ്ക്കുന്നതിനു വേണ്ട ചാനലുകള്‍ കൃത്യമായി ബന്ധിപ്പിച്ച് തയ്യാറാക്കേണ്ടതുണ്ട്. ഭക്തിഭാവനയോടെ രാമനെ സ്മരിയ്ക്കുന്ന കോടാനുകോടി മനുഷ്യരുടെ ഹൃദയങ്ങള്‍ കോര്‍ത്തിണക്കിയതാണ് ആ ചാനല്‍. അയോദ്ധ്യയിലെ സിംഹാസനത്തില്‍ പ്രതിഷ്ഠിതനാവാന്‍ പോവുന്ന രാമന്റെ ചൈതന്യം ഏറ്റുവാങ്ങാന്‍ നമ്മളോരോരുത്തരും ഹൃദയത്തില്‍ രാമഭക്തിയുടെ നെയ് വിളക്കുകള്‍ ജ്വലിപ്പിയ്ക്കേണ്ട സമയം സമാഗതമായിരിയ്ക്കുന്നു.
മഹാക്ഷേത്രങ്ങളിലേയ്ക്കോ തീര്‍ഥാടന കേന്ദ്രങ്ങളിലേയ്ക്കോ പോവുമ്പോള്‍ അവിടത്തെ ചൈതന്യം പൂര്‍ണ്ണമായി സ്വീകരിയ്ക്കാന്‍ നമ്മള് സ്വയം ട്യൂണ്‍ ചെയ്യേണ്ടതുണ്ട്. ഇത് അനുഭവ സിദ്ധമായ സംഗതിയാണ്. ഉദാഹരണത്തിന്, ശരിയായി വ്രതമെടുത്ത് ശരണം വിളികളോടെ ശബരിമലയ്ക്ക് പോകുന്ന ഭക്തര്‍ക്ക് അവാച്യമായ ഒരനുഭൂതിയാണ് അയ്യപ്പ സന്നിധാനം പകര്‍ന്നു നല്‍കുന്നത്. അതുപോലെയാണ് തിരുപ്പതി, കാശി, രാമേശ്വരം, അമര്‍നാഥ്, കൈലാസം തുടങ്ങിയ മറ്റ് തീര്ത്ഥങ്ങളിലേയ്ക്കുള്ള യാത്രകളും. വെറും ടൂറിസ്റ്റുകളായി അവിടങ്ങളില്‍ എത്തുന്ന വ്യക്തികള്‍ക്ക് ആ പുണ്യസ്ഥാനങ്ങളുടെ അനുഭൂതിതലം അനുഭവിച്ചറിയാന്‍ കഴിയുന്നില്ല. വ്രതം, നാമജപം, തീര്ത്ഥമാഹത്മ്യ പഠനം തുടങ്ങിയ മുന്നൊരുക്കങ്ങളിലൂടെ തീര്‍ഥാടകരുടെ മനസ്സുകളെ ഒരുക്കേണ്ടതുണ്ട്.
കേരളം മാത്രമല്ല മലയാളികള്‍ ജീവിയ്ക്കുന്ന എല്ലായിടവും രാമമന്ത്രങ്ങളാല്‍ മുഖരിതമാവുന്ന രാമായണ മാസമാണ് കടന്നു വരുന്നത്. സ്വന്തം കുടുംബങ്ങളില്‍ ഒരല്പ്പമെങ്കിലും ശ്രീരാമോപാസന നടക്കാതെ ഈ രാമായണ മാസം കടന്നു പോവില്ല എന്ന് നമ്മള് ഓരോരുത്തരും പ്രതിജ്ഞയെടുക്കണം. ഒരു നിശ്ചിത സംഖ്യയില്‍ രാമമന്ത്രത്തിന്റെ ജപം, അല്ലെങ്കില്‍ സംക്ഷിപ്ത രാമായണമോ, പ്രസിദ്ധമായ ഏതാനും രാമസ്തുതികളോ ഹൃദിസ്ഥമാക്കല്‍, അല്ലെങ്കില്‍ ഒരു പത്തു ദിവസമെങ്കിലും സ്വയം പാരായണം ചെയ്തുകൊണ്ട് രാമായണ മാസാചരണത്തില്‍ പങ്കു ചേരല്‍, വിഷ്ണുസഹസ്രനാമ പാരായണം എന്നിങ്ങനെ വ്യക്തി തലത്തില്‍ ഓരോരുത്തര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ചെയ്യാവുന്ന ചെറിയ ലക്ഷ്യങ്ങള്‍ നിശ്ചയിച്ചു കൊണ്ട് അതിനായി ശ്രമിയ്ക്കണം. മന്ത്രം, ധ്യാനം, യോഗവിദ്യ ഇവയുടെ ഒക്കെ മാഹാത്മ്യത്തെക്കുറിച്ച് പറഞ്ഞതു കൊണ്ടോ, കേട്ടതു കൊണ്ടോ മാത്രം പ്രത്യേകിച്ച് യാതൊരു പ്രയോജനവുമില്ല. ധര്‍മ്മത്തിന്റെ ആചരണവും അനുഷ്ഠാനവും മാത്രമേ നമ്മെ പരിവര്‍ത്തനപ്പെടുത്തൂ. കൂടുതല്‍ ഉയര്‍ന്ന ബോധതലങ്ങളെ അനുഭവിയ്ക്കാന്‍ വ്യക്തിയ്ക്ക് പ്രാപ്തി നല്‍കൂ. ശരീരം കൊണ്ടോ മനസ്സു കൊണ്ടോ അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ എത്തും മുമ്പ് നമ്മുടെ ഒരോരുത്തരുടേയും ഹൃദയങ്ങളെ രാമതീര്‍ത്ഥത്തില്‍ കുളിപ്പിച്ച് ശുദ്ധമാക്കിയിരിയ്ക്കും എന്ന ദൃഢപ്രതിജ്ഞ കൈക്കൊള്ളണം. പോരാ അതിനായി അച്ചടക്കത്തോടെ, സമര്‍പ്പണത്തോടെ ഇപ്പോഴേ യത്നിയ്ക്കണം.
രാമ നാമ് സത്യ ഹേ (രാമ നാമം സത്യമാണ്) എന്നത് രാമഭക്തര്‍ക്കിടയില്‍ നിരന്തരം മുഴങ്ങിക്കേള്‍ക്കുന്ന ആപ്തവാക്യമാണ്. നമ്മുടെ ഋഷിമാര്‍ സ്വാനുഭവത്തില്‍ നിന്നും അറിഞ്ഞ് ഉപദേശിച്ചു തന്ന സത്യങ്ങളെ ജീവിതത്തില്‍ അനുഭവിച്ചറിയാന്‍ നമ്മുടെ ഭാഗത്തു നിന്നും ആത്മാര്‍ത്ഥമായ പ്രയത്നം ആവശ്യമാണ്. രാമായണ മാസം വെറുമൊരു ചടങ്ങു മാത്രമായി പോകാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം. ഓരോ വര്‍ഷവും കൂടുതല്‍ പേര്‍ക്ക് രാമനെ അനുസന്ധാനം ചെയ്യാന്‍ കഴിയുന്ന വിധത്തിലാവണം രാമായണ മാസാചരണം. അയോദ്ധ്യാ പ്രക്ഷോഭ കാലത്ത് ഭാരതത്തിലെ പതിനായിരക്കണക്കിന് ഗ്രാമങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് രാമശിലകളാണ് ദൃഡ സങ്കല്പ്പത്തോടെ പൂജിച്ച് അയോദ്ധ്യയില്‍ എത്തിച്ചത്. അവയൊക്കെ രാമക്ഷേത്രത്തിന്റെ അടിത്തറയില്‍ പാകി കഴിഞ്ഞതായി നിര്‍മ്മാണ മേല്‍നോട്ടം വഹിയ്ക്കുന്ന സമിതിയുടെ ചെയര്മാന് നൃപേന്ദ്ര മിശ്ര പറഞ്ഞു.
അങ്ങനെ രാമക്ഷേത്രത്തിന്റെ ആകാരം മന്ത്രസ്പന്ദനത്താല് ചൈതന്യവത്തായി കഴിഞ്ഞു. ഇനിയുള്ളത് അവിടെയെത്തി ചേരുന്ന ഭക്തകോടികളുടെ ശരീര മനസ്സുകളാണ്. മനസ്സു കൊണ്ടെങ്കിലും അയോദ്ധ്യയില്‍ എത്തിച്ചേരാന്‍ പോകുന്ന ഓരോ ഭക്തന്റെയും ഹൃദയം രാമമന്ത്രത്തില്‍ മുഗ്ദമാവട്ടെ. മണ്ഡലക്കാലത്ത് ശബരിമലയില്‍ നിന്നും അയ്യപ്പന്മാര് തിരികെ കൊണ്ടു വരുന്ന അഭിഷേക നെയ്യ്, അരവണ, അപ്പം, ഭസ്മം തുടങ്ങിയ ദിവ്യ പ്രസാദങ്ങളിലൂടെ ഭാരതത്തിലെങ്ങും കോടിക്കണക്കിന് ഗൃഹങ്ങളില്‍ ഭഗവാന് അയ്യപ്പ സ്വാമിയുടെ ചൈതന്യം എത്തിച്ചേരുന്നു. അതുപോലെ തീര്‍ഥാടക മഹാപ്രവാഹത്തിലൂടെ രാമ ചൈതന്യം ലോകമെങ്ങും ഒഴുകി പരന്ന് മനുഷ്യരാശിയെ ഉത്തേജിപ്പിയ്ക്കട്ടെ.
രാമാനുജന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: