തിരുവനന്തപുരം : വ്യാജ ഡിഗ്രി വിവാദങ്ങളെ തുടര്‍ന്ന് കാണാതായ നിഖില്‍ തോമസിനായി പോലീസ് തെരച്ചില്‍. തിങ്കളാഴ്ച ഇയാള്‍ തിരുവനന്തപുരത്ത് ഉള്ളതായി ഫോണ്‍ ലൊക്കേഷന്‍ കാണിച്ചിരുന്നെങ്കിലും പിടികൂടാനായില്ല. നിലവില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കായംകുളം സിഐയുടെ നേതൃത്വത്തിലാണ് നിഖിലിനെതിരെ അന്വേഷണം നടത്തുന്നത്.
അതിനിടെ നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കലിംഗ സര്‍വകലാശാല നിയമ വിദഗ്ധരുമായി ചര്‍ച്ച നടത്തി. സംഭവത്തില്‍ കേരള പോലീസ് അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തിയശേഷം തുടര്‍ നടപടി കൈക്കൊള്ളാനാണ് നിലവില്‍ കലിംഗ സര്‍വ്വകലാശാലയുടെ തീരുമാനം. നിഖിലിന്റേതെന്ന പേരില്‍ പോലീസ് കണ്ടെത്തിയത് കലിംഗ സര്‍വകലാശാല സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയിലുള്ളതാണ്. ഇ്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മ്മിച്ചത് ആരെന്ന് കണ്ടെത്തണം. അന്വേഷണം പൂര്‍ത്തിയായാല്‍ ഉടന്‍ യുജിസിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും കലിംഗ രജിസ്ട്രാര്‍ പ്രതികരിച്ചു.
നിഖില്‍ തോമസ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി എംകോം പ്രവേശനം നേടിയ സംഭവത്തില്‍ സിപിഎമ്മിനെതിരേയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സിപിഎം നേതാവിന്റെ ശുപാര്‍ശയിലാണ് നിഖിലിന് പ്രവേശനം നല്‍കിയതെന്ന മാനേജറുടെ വെളിപ്പെടുത്തലാണ് പാര്‍ട്ടിക്കിപ്പോള്‍ തലവേദനായായിരിക്കുന്നത്. നേതാവിന്റെ പേര് പറഞ്ഞില്ലെങ്കിലും സിപിഎമ്മിനെ ആകെ വെട്ടിലാക്കുന്നതാണ് എംഎസ്എം കോളേജ് മാനേജറുടെ പ്രതികരണം. നിഖിലിന്റെ പ്രവേശനത്തിന് കായംകുളത്തെ സിപിഎമ്മിലെ പ്രമുഖ നേതാവ് ഇടപെട്ടെന്ന ആക്ഷേപം തുടക്കം മുതല്‍ സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: