പാരീസ്: 2024ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതാ മത്സരത്തില്‍ ഫ്രാന്‍സിന്റെ വിജയക്കുതിപ്പ്. ഗ്രീസിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് അവര്‍ വിജയക്കുതിപ്പ് തുടര്‍ന്നത്. ഗ്രൂപ്പ് എയില്‍ തുടര്‍ച്ചയായ നാലാം വിജയമാണ് അവരുടേത്.
ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 55-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കിലിയന്‍ എംബപ്പെയാണ് ഫ്രാന്‍സിന്റെ വിജയഗോള്‍ നേടിയത്. 69-ാം മിനിറ്റില്‍ ഗ്രീക്ക് താരം കോണ്‍സ്റ്റാന്റിനോസ് മാവോപനോസ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ ശേഷം പത്തുപേരുമായാണ് കളിച്ചത്.
കളിയില്‍ ഫ്രാന്‍സിന്റെ ആധിപത്യമായിരുന്നു. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും അവര്‍ എതിരാളികളേക്കാള്‍ മികച്ചുനിന്നു. 62 ശതമാനവും പന്ത് കൈവശംവച്ച അവര്‍ 19 ഷോട്ടുകളും പായിച്ചു. എന്നാല്‍ ഗ്രീസ് ശക്തമായ പ്രതിരോധക്കോട്ടക്കെട്ടിയതോടെ അവരുടെ മുന്നേറ്റങ്ങള്‍ക്ക് ആദ്യ പകുതിയില്‍ ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല.
രണ്ടാം പകുതിയില്‍ ഫ്രാന്‍സ് വിജയം ലക്ഷ്യമിട്ട് മുന്നേറ്റം കൂടുതല്‍ ശക്തമാക്കി. തുടര്‍ച്ചയായ ആക്രമണങ്ങള്‍ എതിര് ബോക്സിലേക്ക് നടത്തിയതോടെ എപ്പോള്‍ വേണമെങ്കിലും ഗോള്‍ വീഴാമെന്ന അവസ്ഥയായി. 49-ാം മിനിറ്റില്‍ ഫ്രാന്‍സിന് അനുകൂലമായി പെനാല്‍റ്റി കിട്ടി. ഗ്രിസ്മാനെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിനാണ് പെനാല്‍റ്റി. 55-ാം മിനിറ്റിലാണ് എംബപ്പെ പെനാല്‍റ്റി കിക്കെടുത്തത്.
എംബപ്പെയുടെ കിക്ക് ഗ്രീക്ക് ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ വലയിലെത്തി. ഈ സീസണില്‍ ക്ലബിനും രാജ്യത്തിനുമായി എംബപ്പെ നേടിയ 54-ാം ഗോളായിരുന്നു ഇത്. റിക്കോര്‍ഡാണിത്. 1957-58-ല്‍ ജസ്റ്റ് ഫൊണ്ടെയ്ന് നേടിയ 53 ഗോളുകളുടെ റിക്കോര്‍ഡാണ് എംബപ്പെ തിരുത്തിയത്. പിന്നീട് കിങ്സ്ലി കോമാന്റെയും എംബപ്പെയുടെയും ഷോട്ടുകള്‍ ഗ്രീസ് ഗോളി രക്ഷപ്പെടുത്തിയതോടെ ഫ്രാന്‍സിന്റെ വിജയം 1-0ല്‍ ഒതുങ്ങി. ഗ്രൂപ്പില്‍ നാല് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഫ്രാന്‍സ്.
മറ്റൊരു മത്സരത്തില്‍ അയര്‍ലന്‍ഡ് ആദ്യ വിജയം സ്വന്തമാക്കി. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ജിബ്രാള്‍ട്ടറിനെ തോല്‍പ്പിച്ചു. ഗോള്വിട്ടുനിന്ന ആദ്യ പകുതിക്കുശേഷം 52-ാം മിനിറ്റില്‍ ജോണ്‍സ്റ്റണ്‍, 59-ാം മിനിറ്റില്‍ ഫെര്ഗൂസണ്, പരിക്ക് സമയത്ത് ആഡം ഇഡ എന്നിവരാണ് അയര്‍ലന്‍ഡിനായി ഗോള്‍ നേടിയത്. മൂന്ന് കളികളില്‍ നിന്ന് ഒരു വിജയത്തോടെ നേടിയ മൂന്ന് പോയിന്റുമായി മൂന്നാമതാണ് ഗ്രീസ്. കളിച്ച നാല് കളികളും തോറ്റ ജിബ്രാള്‍ട്ടര്‍ യോഗ്യത നേടാതെ പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: