സർബാനന്ദ സോനോവാൾ,കേന്ദ്ര ആയുഷ് മന്ത്രി
‘വസുധൈവ കുടുംബകത്തിനായി യോഗ’ എന്നതാണ് ഈ വർഷത്തെ അന്താരാഷ്‌ട്ര യോഗാ ദിന പ്രമേയം. ആരോഗ്യകരവും സന്തോഷകരവും സമാധാനപരവും ചലനാത്മകവുമായ ലോകം കെട്ടിപ്പടുക്കുന്നതിന് അന്താരാഷ്‌ട്ര യോഗാ ദിനത്തിന്റെ ഭാഗമാകുന്ന ഏവരുടെയും തുടർച്ചയായ, നിർഭയവും നിരന്തരവുമായ പരിശ്രമങ്ങളെ ഈ പ്രമേയം തുറന്നുകാട്ടുന്നു. യോഗ ശുഭകരമായ ഉണർവേകുന്നു. ‘വസുധൈവ കുടുംബകം’ ലോകത്തെ വലിയ ഒരു കുടുംബമായി കാണുകയും വിശ്വസിക്കുകയും ചെയ്യുന്നു. ഈ രീതിയിൽ നോക്കുമ്പോൾ, ഇന്ത്യയുടെ പ്രാചീന-പരമ്പരാഗത ആചാരമായ യോഗ, പുരാതനകാലത്തെ ‘സർവേ ബഹ്വന്തു സുഖിനാ, സർവേ സന്തു നിരാമയാ’ (ഏവരും സന്തുഷ്ടരാകട്ടെ, ഏവരും രോഗമുക്തരാകട്ടെ’) എന്ന പ്രാർഥന സാക്ഷാത്കരിക്കാനുള്ള കരുത്തുറ്റ ചാലകശക്തിയായി മാറുന്നു.
കഴിഞ്ഞ 9 വർഷത്തിനിടെ ആയുഷിനു പൊതുവിൽ വലിയ പുരോഗതി കൈവരിക്കാനായിട്ടുണ്ട്. 2014-ലാണ്, എല്ലാ വർഷവും ജൂൺ 21-ന് അന്താരാഷ്‌ട്ര യോഗാ ദിനാചരണം എന്ന നിർദേശത്തിന്റെ രൂപത്തിൽ, ഐക്യരാഷ്‌ട്രസഭയിലെ അംഗരാജ്യങ്ങളുടെ മുമ്പാകെ ഇന്ത്യ ആഗോള ക്ഷേമത്തിന്റെയും സമഗ്രമായ ആരോഗ്യത്തിന്റെയും “സന്ദേശം” നൽകിയത്. യുഎന്നിലെ അംഗരാജ്യങ്ങൾ അന്ന് ഏകകണ്ഠമായി ഈ നിർദേശം അംഗീകരിച്ചു. ഇപ്പോൾ ലോകം മുഴുവൻ അതു പൂർണമനസോടെ സ്വീകരിക്കുന്നു.
‘വസുധൈവ കുടുംബകത്തിനായി യോഗ’ എന്നത് നന്നായി ചിന്തിക്കുകയും ചർച്ച ചെയ്യുകയും പലരും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന വിഷയമാണ്. ജി-20 രാജ്യങ്ങളുടെയും എസ്‌സിഒ (ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ) അംഗരാജ്യങ്ങളുടെയും പ്രതിനിധികളും എസ്‌സിഒ പങ്കാളികളും യോഗയ്‌ക്ക് ഉന്നതസ്ഥാനമാണു നൽകുന്നത്. ഈ വർഷം അന്താരാഷ്‌ട്ര യോഗാ ദിനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇന്ത്യയിൽ യോഗ പരിശീലിക്കും.
അന്താരാഷ്‌ട്ര യോഗാ ദിനം എന്നത്, നാം ഇപ്പോൾ നാം കാണുന്നതുപോലെ യോഗയ്‌ക്കുള്ള കൂട്ടായ സ്വീകാര്യത ഉറപ്പാക്കുക, കേന്ദ്ര ഗവണ്മെന്റിന്റെ ഓരോ മന്ത്രാലയത്തിന്റെയും സമന്വയത്തിൽ പ്രവർത്തിക്കുന്ന, ബന്ധപ്പെട്ട ഏവരെയും ഉൾക്കൊള്ളുന്ന ഗവണ്മെന്റിന്റെ സർവതോമുഖ സമീപനം സ്വീകരിക്കുക എന്നിവയെ സൂചിപ്പിക്കുന്നു. അന്താരാഷ്‌ട്ര യോഗാ ദിനത്തോടനുബന്ധിച്ച് യോഗാ പരിപാടികൾ സംഘടിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ എംബസികളെയും വിദേശത്തുള്ള ഇന്ത്യൻ മിഷനുകളെയും ലോകമെമ്പാടുമുള്ള കോൺസുലേറ്റുകളെയും പ്രോത്സാഹിപ്പിക്കുന്നു. ഇത് ആഗോള സമൂഹത്തിൽ യോഗയ്‌ക്കു പ്രോത്സാഹനമേകുകയും ഇന്ത്യയുടെ സാംസ്കാരിക നയതന്ത്രത്തിനു കരുത്തേകുകയും ചെയ്യുന്നു. അതുപോലെ, മറ്റു മന്ത്രാലയങ്ങളും അവയ്‌ക്കു കഴിയുംവിധം പ്രവർത്തിക്കുന്നു.
2023ലെ അന്താരാഷ്‌ട്ര യോഗാ ദിന പ്രമേയത്തിന്റെ സാധ്യതകളാകെ പ്രയോജനപ്പെടുത്തുന്നതിന്, ആദ്യത്തേതും സുപ്രധാനവുമായ ദൗത്യം ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തിച്ചേരുക എന്നതാണ്. കഴിഞ്ഞ വർഷം ഈ ആവശ്യത്തിനായി നമുക്ക് “ഗാർഡിയൻ റിങ് ഓഫ് യോഗ” ഉണ്ടായിരുന്നു. ഈ വർഷം നാം യോഗാ പ്രദർശനം “ഓഷൻ റിങ്” എന്ന പേരിലും “യോഗ ആർട്ടിക് മുതൽ അന്റാർട്ടിക്ക വരെ – പ്രൈം മെറിഡിയൻ രേഖയ്‌ക്കോ സമീപത്തോ ഉള്ള രാജ്യങ്ങൾ” എന്ന പേരിലും നടത്തുന്നു. ജൂൺ 21-ലെ ഈ രണ്ട് ആചരണങ്ങളും ആഗോള സമൂഹങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുക മാത്രമല്ല, ഏതു സാഹചര്യത്തിലും ഏതു സ്ഥലത്തും ജീവൻ നിലനിർത്തുന്ന ശക്തിയാണു യോഗയെന്നു തെളിയിക്കുകയും ചെയ്യും. ആർട്ടിക്കിലെ സ്വാൽബാർഡിലുള്ള ഇന്ത്യൻ ഗവേഷണ കേന്ദ്രമായ ഹിമാദ്രി, അന്റാർട്ടിക്കയിലെ മൂന്നാമത്തെ ഇന്ത്യൻ ഗവേഷണ കേന്ദ്രമായ ഭാരതി എന്നിങ്ങനെ ഉത്തര-ദക്ഷിണ ധ്രുവ മേഖലകളിലും യോഗാപ്രദർശനം നടക്കും.
യോഗാ ദിനാചരണത്തിൽ എല്ലാ വിഭാഗങ്ങളെയും വർഗങ്ങളെയും ഉൾപ്പെടുത്തുന്നതിന്, നമ്മുടെ രാജ്യത്തും അന്താരാഷ്‌ട്ര യോഗാ ദിനത്തിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കും. ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകൾ, തീരദേശസംരക്ഷണ സേന, അതിർത്തി റോഡ് ഓർഗനൈസേഷൻ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് യോഗാ ഭാരത്മാല സൃഷ്ടിക്കുക. ഗ്രാമവികസന മന്ത്രാലയത്തിന്റെ അമൃതസരോവരങ്ങളും ഈ വർഷത്തെ ആഘോഷങ്ങളുടെ ഭാഗമാകും. വിദ്യാഭ്യാസ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം എന്നിവയ്‌ക്കൊപ്പം കേന്ദ്രഗവണ്മെന്റിന്റെ മറ്റു പ്രധാന മന്ത്രാലയങ്ങളും ഈ ആഘോഷത്തിന്റെ ഭാഗമാകും. ഇതു ഗവണ്മെന്റിന്റെ സർവതോമുഖ സമീപനത്തെ പ്രതിഫലിപ്പിക്കുന്നു. അന്താരാഷ്‌ട്ര യോഗാ ദിനം ഓരോരുത്തരുടെയും കാര്യമാണെന്നും നമുക്കോരോരുത്തർക്കും ഒരു പങ്കു വഹിക്കാനുണ്ടെന്നും വ്യക്തമായി കാട്ടിക്കൊടുക്കുക എന്നതാണ് ഇതിനു പിന്നിലെ ആശയം.
ഗ്രാമതലത്തിൽ പൊതുവായ യോഗാ രീതികളുടെ (Common Yoga Protocol-CYP) പ്രദർശനമുണ്ടാകും. ഇതിനായി പൊതു സേവന കേന്ദ്രങ്ങളെയും ഉൾപ്പെടുത്തും. ദേശീയ ആയുഷ് ദൗത്യത്തിനു കീഴിലുള്ള ആയുഷ് ആരോഗ്യ-സ്വാസ്ഥ്യ കേന്ദ്രങ്ങളും ഇതിനു സാക്ഷ്യം വഹിക്കും. രാജ്യത്തെ എല്ലാ ആരോഗ്യ-സ്വാസ്ഥ്യ കേന്ദ്രങ്ങളിലും പ്രദർശനമുണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ മുതലായ എല്ലാ ആയുഷ് സൗകര്യങ്ങളിലും CYP പരിശീലിക്കും. ഓരോ സംസ്ഥാനത്തെയും ഒരു ആയുഷ് ഗ്രാമം CYP പരിശീലനത്തിൽ പങ്കെടുക്കും. ഇതിനായി യോഗാ പരിശീലകരെ തിരഞ്ഞെടുത്ത ഗ്രാമത്തിൽ നിയമിക്കും. അതുവഴി “സമ്പൂർണ യോഗാ ഗ്രാമം” എന്ന പദവി കൈവരിക്കാൻ കഴിയും. രാജ്യത്തെ രണ്ടു ലക്ഷത്തിലധികം ഗ്രാമങ്ങളിലെ ജനങ്ങളെ പൊതുവായ യോഗാ രീതികൾ പരിശീലിപ്പിക്കാൻ വ്യവസ്ഥ ചെയ്തിരിക്കുന്നതിനാൽ, ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും “ഓരോ മുറ്റത്തും യോഗ” എത്തിക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യം.
ഈ വർഷം, ന്യൂയോർക്കിലെ ഐക്യരാഷ്‌ട്രസഭ ആസ്ഥാനത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യോഗാ പ്രദർശനം നയിക്കും. ഇത് അന്താരാഷ്‌ട്ര തലത്തിൽ യോഗയ്‌ക്ക് വലിയ പിന്തുണ നൽകുമെന്ന് എനിക്കുറപ്പുണ്ട്. കൂടാതെ, ഈ വർഷത്തെ അന്താരാഷ്‌ട്ര യോഗാ ദിനാചരണത്തിന്റെ പ്രധാന പരിപാടി നടക്കുന്നത് ജൂൺ 21ന് മധ്യപ്രദേശിലെ ജബൽപുരിലാണ്. ജബൽപുരിലെ ഗാരിസൺ മൈതാനത്ത് ബഹുജന യോഗാ പ്രദർശനത്തിന് ഉപരാഷ്‌ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ നേതൃത്വം നൽകും. മധ്യപ്രദേശ് ഗവർണർ ശ്രീ മംഗുഭായ് പട്ടേൽ, മുഖ്യമന്ത്രി ശ്രീ ശിവരാജ് സിങ് ചൗഹാൻ, ആയുഷ് സഹമന്ത്രി ഡോ. മുഞ്ജ്പര മഹേന്ദ്രഭായി തുടങ്ങിയവർ പങ്കെടുക്കും.
2023ലെ അന്താരാഷ്‌ട്ര യോഗാ ദിനാഘോഷം വൻ വിജയമാക്കുന്നതിൽ നമുക്കോരോരുത്തർക്കും പങ്കുണ്ട്. ഞാൻ ദിവസവും ചെയ്യുന്നതുപോലെ, കുറച്ചു സമയമെടുത്ത് യോഗയുടെ രോഗശാന്തി ശക്തിയിൽ മുഴുകുക. “വസുധൈവ കുടുംബകം” എന്ന ശക്തിയുമായി ‘യോഗ’യെ സംയോജിപ്പിക്കുന്നതിനാൽ ഈ വർഷത്തെ അന്താരാഷ്‌ട്ര യോഗാ ദിനാചരണം സവിശേഷമായ ഒന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: