സിപിഎം സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ വളയമില്ലാതെ ചാടിക്കൊണ്ടിരിക്കുന്ന എം.വി.ഗോവിന്ദന്‍ ഒടുവില്‍ വെട്ടിലായിരിക്കുകയാണോ? തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കല്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുന്ന പോക്‌സോ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെയും മൊഴിയുണ്ടെന്നാണ് ഗോവിന്ദന്റെ വെളിപ്പെടുത്തല്‍. പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ മോന്‍സണ്‍ തന്റെ സങ്കേതത്തില്‍ പീഡിപ്പിക്കുമ്പോള്‍ സുധാകരനും അവിടെ ഉണ്ടായിരുന്നുവെന്നാണ് ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇക്കാര്യം പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യമൊഴിയില്‍ പറയുന്നുണ്ടെന്നും, ദേശാഭിമാനി പത്രം ഇത് വാര്‍ത്തയാക്കിയിട്ടുണ്ടെന്നും ഗോവിന്ദന്‍ അടിവരയിട്ട് പറഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇങ്ങനെയൊരു സംഭവമില്ലെന്നും, മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിലെ പ്രതിയെന്ന നിലയ്‌ക്കാണ് സുധാകരനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുള്ളതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരിക്കുന്നു. ഇതോടെ ആര് പറയുന്നതാണ് ശരി എന്ന കടുത്ത ആശയക്കുഴപ്പത്തിലായിരിക്കുകയാണ് ജനങ്ങള്‍. ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന നേതാവാണ് ഗോവിന്ദന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന വകുപ്പാണ് ആഭ്യന്തരവും അതില്‍പ്പെടുന്ന ക്രൈംബ്രാഞ്ചും. ഇതില്‍ ആരു പറയുന്നതാണ് വിശ്വസിക്കേണ്ടത്? ഏതെങ്കിലുമൊന്ന് ശരിയാണെന്ന് വരുന്നു. പോലീസ് പറയുന്നതിന് കടകവിരുദ്ധമായി ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പറയുന്നതിനാല്‍ സത്യാവസ്ഥ എന്താണെന്ന് വ്യക്തമാക്കാനുള്ള ബാധ്യത ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കുമുണ്ട്.
എം.വി.ഗോവിന്ദന്റെ വെളിപ്പെടുത്തല്‍ വളരെ ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒന്നാമതായി പീഡനത്തിന് ഇരയായ പെണ്‍കുട്ടി കോടതിക്ക് നല്‍കിയ രഹസ്യമൊഴി എങ്ങനെ ഗോവിന്ദന് ലഭിച്ചു എന്ന ചോദ്യമുണ്ട്. സുധാകരന്‍ ഉന്നയിക്കുന്ന ചോദ്യവും ഇതാണ്. ഇതിന് മറുപടി പറയാന്‍ ഗോവിന്ദന്‍ ബാധ്യസ്ഥനാണ്. ഒരുവിധത്തിലും ഒഴിഞ്ഞുമാറാനാവില്ല. സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷ് കോടതിക്ക് കൊടുത്ത രഹസ്യമൊഴിയില്‍ മുഖ്യമന്ത്രിക്കും മറ്റുമെതിരെ ഗുരുതരമായ ആരോപണമുന്നയിച്ചതായുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ രഹസ്യമൊഴി എങ്ങനെ പുറത്തായി എന്നു ചോദിച്ചാണ് സര്‍ക്കാര്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചത്. ഗോവിന്ദന്‍ അടക്കമുള്ള സിപിഎം നേതാക്കളും ഈ ചോദ്യമുന്നയിച്ചാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയെ നേരിട്ടത്. ഈ ചോദ്യമാണ് ഇപ്പോള്‍ സിപിഎമ്മിനെ തിരിഞ്ഞുകുത്തിയിരിക്കുന്നത്. ഈ പ്രശ്‌നത്തില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ട് എന്നുറപ്പാണ്. മുഖ്യമന്ത്രി രാജ്യത്തില്ലാതിരുന്ന അവസരത്തില്‍ ആഭ്യന്തരവകുപ്പിനെതിരെ വളരെ ഗുരുതരമായ ആരോപണമാണ് പാര്‍ട്ടി സെക്രട്ടറി ഉന്നയിച്ചിരിക്കുന്നത്. ഗോവിന്ദന് ഒരു നാക്കുപിഴ സംഭവിക്കുകയല്ല, വളരെ ആലോചിച്ചുതന്നെയാണ് ഇതു പറഞ്ഞത്. താന്‍ പറയുന്നത് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണന്നും, ആര്‍ക്കും അത് പരിശോധിക്കാവുന്നതാണെന്നുംകൂടി ഗോവിന്ദന്‍ പറയുമ്പോള്‍ സംശയം ദൃഢമാവുകയാണ്. ദേശാഭിമാനിക്ക് എവിടെനിന്നാണ് ഈ വിവരം കിട്ടിയിട്ടുള്ളതെന്ന ചോദ്യവുമുണ്ട്. അത് ആഭ്യന്തര വകുപ്പില്‍നിന്നോ അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്നോ ആയിരിക്കും.
വാര്‍ത്താ സമ്മേളനം വിളിച്ച് ഒരു കാര്യം പരസ്യമായി പറയുന്നതിന്റെ ഗൗരവം അറിയാത്തയാളല്ല ഗോവിന്ദന്‍. ആഭ്യന്തര വകുപ്പിനെയും മുഖ്യമന്ത്രി പിണറായി വിജയനെയുമാണ് പാര്‍ട്ടി സെക്രട്ടറി പ്രതിക്കൂട്ടില്‍ കയറ്റിയിരിക്കുന്നത്. വി.എസ്. മുഖ്യമന്ത്രിയായിരിക്കെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ നടത്തിയ പോരാട്ടത്തെ ഓര്‍മിപ്പിക്കുന്നതാണ് ഗോവിന്ദന്റെ നടപടി. കെ. സുധാകരനെതിരെ ഗോവിന്ദന്‍ പറയുന്നത് ശരിയാണെങ്കില്‍ ഇക്കാര്യത്തില്‍ ഒരു ഒത്തുകളി നടന്നിരിക്കുന്നു. സുധാകരനെതിരെ പോ ക്‌സോ കേസിലെ ഇര മൊഴിനല്‍കാന്‍ ഉദ്ദേശിച്ചിരുന്നോ? ഇതിനെക്കുറിച്ച് പോലീസിന് നേരത്തെ വിവരം കിട്ടിയതിനാല്‍ പെണ്‍കുട്ടിയെ പിന്തിരിപ്പിക്കുകയായിരുന്നോ? സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അതിരൂക്ഷമായി വിമര്‍ശിക്കുന്ന സുധാകരനെ വരുതിയിലാക്കാന്‍ ഈ അവസരം ഉപയോഗിക്കുകയായിരുന്നോ? ഇങ്ങനെയൊക്കെ സംശയിക്കാവുന്നതാണ്. വിരുദ്ധമുന്നണികള്‍ക്ക് നേതൃത്വം കൊടുക്കുമ്പോഴും അഴിമതിക്കേസുകളും ലൈംഗികപീഡനക്കേസുകളുമൊക്കെ പരസ്പര ധാരണയോടെ ഒത്തുതീര്‍ക്കുന്ന രീതി സിപിഎമ്മിനും കോണ്‍ഗ്രസ്സിനുമുണ്ട്. ഐസ്‌ക്രീം പെണ്‍വാണിഭം, എസ്എന്‍സി ലാവ്‌ലിന്‍, ബാര്‍കോഴ കേസ് എന്നിങ്ങനെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. കെ.എം.മാണിക്കെതിരായ ബാര്‍കോഴ കേസ് സിപിഎം വഴിയിലുപേക്ഷിച്ചത് എങ്ങനെയെന്ന് സിപിഐ നേതാവ് സി.ദിവാകരന്‍ അടുത്തിടെ ആത്മകഥയില്‍ വെളിപ്പെടുത്തുകയുണ്ടായല്ലോ. ഇങ്ങനെയൊരു ഒത്തുകളി സുധാകരനുവേണ്ടിയും നടന്നിട്ടുണ്ടോ? ഇതൊക്കെ അറിയുന്ന ഗോവിന്ദന്‍, തന്റേതായ ചില ആവശ്യങ്ങള്‍ ബന്ധപ്പെട്ടവര്‍ അംഗീകരിക്കാത്തതിനാല്‍ ഒരു ആഭ്യന്തരയുദ്ധം നടത്തുകയാണോ? ഇതാണ് ഇനി അറിയേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: