റോട്ടര്‍ഡാം: ഷൂട്ടൗട്ട് വരെ ആവേശം അലയടിച്ച ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ യുവേഫ നേഷന്‍സ് ലീഗ് കിരീടം സ്പെയിനിന്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും വിജയഗോള്‍ നേടാതിരുന്ന പോരാട്ടത്തില്‍ ഷൂട്ടൗട്ടിലാണ് സ്പെയിന് ചാമ്പ്യന്മാരായത്. ഷൂട്ടൗട്ടില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു സ്പെയിനിനിന്റെ വിജയം. ക്രൊയേഷ്യയുടെ രണ്ട് കിക്കുകള്‍ തടുത്തിട്ട സ്പാനിഷ് ഗോളി ഉനൈ സിമോണാണ് അവരുടെ വിജയശില്‍പ്പി.
ഷൂട്ടൗട്ടില്‍ ആദ്യ മൂന്ന് കിക്കുകളും രണ്ട് ടീമുകളും വലയിലെത്തിച്ചു. എന്നാല്‍ നാലാം കിക്കെടുത്ത ലൊവ്റോ മയേറിന്റെ ഷോട്ട്് സ്പാനിഷ് ഗോളി ഉനൈ സിമോണ്‍ രക്ഷപ്പെടുത്തിയപ്പോള്‍ അഞ്ചാം കിക്കെടുത്ത സ്പാനിഷ് താരം ലപോര്‍ട്ടയുടെ കിക്ക് ബാറില്ത്തടി മടങ്ങി. ഇതോടെ ആദ്യ അഞ്ച് കിക്ക് കഴിഞ്ഞപ്പോള്‍ സ്കോര്‍ 4-4 എന്ന നിലയില്‍. എന്നാല്‍ ആറാം കിക്കെടുത്ത ക്രൊയേഷ്യന്‍ താരം ബ്രൂണോ പെട്കോവിച്ചിന്റെ ഷോട്ട് സ്പെയിന് ഗോളി സിമോണ്‍ രക്ഷപ്പെടുത്തിയതിന് പിന്നാലെ സ്പെയിനിന്റെ കാര്‍വാജല്‍ എടുത്ത കിക്ക് വലയില്‍ കയറി. ഇതോടെ സ്പെയിനിന് കന്നി നേഷന്‍സ് ലീഗ് കിരീടം സ്വന്തമായി.
2012ല്‍ യൂറോ കപ്പ് വിജയിച്ച ശേഷം കഴിഞ്ഞ 11 വര്‍ഷത്തിനിടെ സ്പെയിന് നേടുന്ന ആദ്യ പ്രധാന കിരീടമാണിത്.
ഇതോടെ, ലോകകപ്പിനും യൂറോ കപ്പിനും പുറമേ യുവേഫ നേഷന്‍സ് ലീഗ് കിരീടവും നേടുന്ന രണ്ടാമത്തെ മാത്രം ടീമായി സ്പെയിന് മാറി. ഫ്രാന്‍സാണ് ഈ മൂന്നു കിരീടങ്ങളും നേടിയ ആദ്യ ടീം. 2021ലെ നേഷന്‍സ് ലീഗ് ഫൈനലില്‍ സ്പെയിനിനെ വീഴ്ത്തിയാണ് ഫ്രാന്‍സ് കിരീടം നേടിയത്.
കളിയില്‍ നേരിയ പന്തടക്കത്തില്‍ നേരിയ മുന്‍തൂക്കം സ്പാനിഷ് ചെമ്പടയ്ക്കായിരുന്നു. എന്നാല്‍ ക്രൊയേഷ്യയും വെറുതെയിരുന്നില്ല. ലൂക്കാ മോഡ്രിച്ചിന്റെ നേതൃത്വത്തില്‍ ക്രൊയേഷ്യയും മികച്ച ഫുട്ബോള്‍ കാഴ്ചവെച്ചു. രണ്ട് ഗോള്‍കീപ്പര്‍മാരും ബാറിന് കീഴില്‍ മികച്ച പ്രകടനവുമായി കളംനിറഞ്ഞതോടെ നിശ്ചിത സമയത്ത് വല കുലുക്കാനായില്ല.
അധികസമയത്തും ഈ പ്രകടനം ആവര്‍ത്തിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. നിശ്ചിത സമയത്തും അധിക സമയത്തും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പിഴവ് ഇരു ടീമിനും തിരിച്ചടിയായി.
ഫൈനല്‍ തോല്‍വിയോടെ സുവര്‍ണ തലമുറ പടിയിറങ്ങുന്നതിന് മുമ്പ് ഒരു രാജ്യാന്തര കിരീടമെന്ന ഇതിഹാസതാരം മോഡ്രിച്ചിന്റെയും ക്രൊയേഷ്യയുടെയും സ്വപ്നം കൂടിയാണ് പെനല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ന്നടിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: