ഉദയ്പൂര്‍: വനവാസി ജനതയുടെ തനിമ സംരക്ഷിക്കാന്‍ പട്ടികവര്‍ഗപ്പട്ടിക പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഉദയ്പൂരില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത ഹുങ്കാര്‍ റാലി. മതംമാറിയവരെ പട്ടികയില്‍ നിന്ന് പുറത്താക്കി ആനുകൂല്യങ്ങള്‍ യഥാര്‍ഥ വനവാസി ജനതയ്ക്ക് തന്നെ കിട്ടുമെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടികള്‍ വേണമെന്ന് ഉദയ്പൂരിലെ ഗാന്ധിമൈതാനത്ത് സംഗമിച്ച റാലി ആവശ്യപ്പെട്ടു. മഹാറാണാ പ്രതാപന്റെ പോരാട്ട സ്മരണകള്‍ തുടിക്കുന്ന ഹാല്‍ദിഘാട്ടി വിജയദിനത്തിലാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള വനവാസി സമൂഹം ജനജാതി സുരക്ഷാമഞ്ച് സംഘടിപ്പിച്ച റാലിയിലണിനിരന്നത്.
മതപരിവര്‍ത്തനം വനവാസി സംസ്കാരത്തിന് മാത്രമല്ല, രാജ്യത്തിനാകെ ഭീഷണിയാണെന്ന് റാലിയെ അഭിവാദ്യം ചെയ്ത വനവാസി കല്യാണാശ്രമം ദേശീയ അധ്യക്ഷന്‍ രാമചന്ദ്ര ഖരാഡി പറഞ്ഞു. വനവാസി സമൂഹത്തിന്റെ തനിമയും നിലനില്പും അപകടത്തിലാണ്. മതംമാറിയവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനുവേണ്ടിയുള്ള സമരം വനവാസി സമൂഹത്തിന്റെ ഭാവിക്കുവേണ്ടിയുള്ള പോരാട്ടമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സനാതന സംസ്കാരത്തിന് മേലുള്ള ആഗോള മതപരിവര്‍ത്തനശക്തികളുടെ ഗൂഢാലോചനയെ ചെറുക്കണം. മഹാറാണാപ്രതാപന് കരുത്തായി നിന്ന ഭീല്റാണാ പൂഞ്ചയുടെ വംശക്കാരാണ് രാജസ്ഥാനിലെ വനവാസികള്‍. നമ്മുടെ കുട്ടികളുടെ ഭാവിക്ക് ഇതേ ഗോത്രവും സംസ്കാരവും അനിവാര്യമാണെന്ന് ഉറപ്പിക്കണം, അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ 342-ാം അനുച്ഛേദം ഭേദഗതി ചെയ്ത് മതംമാറിയവരെ പട്ടികവര്‍ഗപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 1968ല്‍ കോണ്‍ഗ്രസ് എംപി ഡോ. കാര്‍ത്തിക് ഒറോണ്‍ ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചതാണ്. മതംമാറിയ അഞ്ച് ശതമാനം പേര് ജോലികളുടെയും സ്കോളര്‍ഷിപ്പുകളുടെയും സര്‍ക്കാര്‍ ഗ്രാന്റുകളുടെയും 70 ശതമാനവും ദേശീയതലത്തില്‍ കവരുകയാണെന്നാണ് അദ്ദേഹം ഉന്നയിച്ചത്. ഇതിനെത്തുടര്‍ന്ന് രൂപീകരിച്ച സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി ആര്‍ട്ടിക്കിള്‍ 342ല്‍ ഭേദഗതി വരുത്തണമെന്നും എസ്ടി പട്ടികയില്‍ നിന്ന് മതപരിവര്‍ത്തിതരെ ഒഴിവാക്കണമെന്നും ശിപാര്‍ശ ചെയ്തു. 348 എംപിമാരുടെ പിന്തുണ ലഭിച്ചിട്ടും ഈ കരടിന്മേല് അന്ന് നിയമമുണ്ടാക്കിയില്ലെന്ന് ഖരാഡി ചൂണ്ടിക്കാട്ടി.
പൂര്‍വികരുടെ വിശ്വാസം, സംസ്കാരം, പാരമ്പര്യം, ഭാഷ, പെരുമാറ്റം എന്നിവ ഉപേക്ഷിച്ച് അന്യമതത്തിലേക്ക് പോകുന്നവര്‍ ഗോത്രമെന്ന നിലയില്‍ നല്കിയ അവകാശങ്ങളും ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബെനേശ്വര്‍ ധാം മഠാധിപതി മഹന്ത് അച്യുതാനന്ദ്, ഗോത്ര വര്‍ഗ ആചാര്യന് സ്വാമി ഗുലാബ്ദാസ്, സുരതാധാമിലെ മഹന്ത് രത്തന്‍ ഗിരി, ലസുദിയ ധാമിലെ മഹന്ത് വിക്രം ഗിരി, ജനജാതി സുരക്ഷാമഞ്ച് ദേശീയ സഹ സംയോജകന്‍ രാജ്കുമാര് ഹന്‍സ്ദ, സംസ്ഥാന സംയോജകന്‍ ലാലുറാം കത്താറ, ജസ്റ്റിസ് പ്രകാശ് യു.കെ.എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: