കോട്ടയം: കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ എട്ടു മാസം പ്രായമുള്ള കുട്ടി മരിക്കാനിടയായത് ചികിത്സാ പിഴവ് മൂലമെന്ന് ബന്ധുക്കള്‍. കോട്ടയം മണര്‍കാട് പ്ലാന്തോപ്പില്‍ എബി-ജോന്‍സി ആന്റണി ദമ്പതികളുടെ മകന് എട്ടു മാസം പ്രായമുള്ള ജോഷ് എബി മൈക്കിള്‍ ആണ് മരിച്ചത്. എന്നാല്‍ കൃത്യമായതും പിഴവില്ലാത്തതുമായ ചികിത്സ നല്‍കിയെന്നും മരണകാരണം ഹൃദയസ്തംഭനമാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
മെയ് 11നാണ് പനി ബാധിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ചത്. പിറ്റേദിവസം തന്നെ കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തിലാക്കി ചികിത്സ നല്‍കിയിരുന്നു. ചികിത്സയുടെ ഭാഗമായി ഇമ്യുണോ ഗ്ലോബിന് ഐവി എന്ന മരുന്ന് രണ്ടു തവണ വലിയ ഡോസില്‍ കുത്തിവച്ചതാണ് മെയ് 30ന് കുട്ടി മരിക്കാനിടയായതെന്നാണ് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ 11നാണ് കുട്ടിയെ ഐസിഎച്ചില്‍ പ്രവേശിപ്പിക്കുന്നത്. സൂക്ഷ്മ പരിശോധനയിലൂടെ കുട്ടിയുടെ ഹൃദയത്തിലേക്കുള്ള പ്രധാന രക്ത ധമനിയായ കൊറോണറി ആര്‍ട്ടറിക്ക് സാധാരണയില്‍ കവിഞ്ഞ വികാസവും ബലക്കുറവുമാണെന്ന് കണ്ടെത്തി. കവസാക്കി എന്നാണ് ഈ രോഗം അറിയപ്പെടുന്നത്. ഏതു സമയത്തും രക്തധമനി വീര്‍ത്തു പൊട്ടിപ്പോകാമെന്നതാണ് രോഗത്തിന്റെ അവസ്ഥ.
തിരുവനന്തപുരം എസ്എടിയിലെ ശിശുരോഗ വിദഗ്ധരുടെ അഭിപ്രായം കൂടി ചോദിച്ച ശേഷമാണ് കുട്ടിക്ക് ഇവിടെ ചികിത്സ നടത്തിയത്. 30 വരെ ഐസിയുവില്‍ കഴിയുകയായിരുന്ന കുട്ടിയുടെ മാതാപിതാക്കള്‍ വിദേശത്താണ്. ഇവരുടെ കുടുംബത്തില്‍ എല്ലാവര്ക്കും പനി വന്നിരുന്നു. കുട്ടിയില്‍ കൊവിഡ് ആന്റിബോഡിയുടെ അളവ് വളരെ കൂടുതലായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. കുട്ടിയുടെ മുത്തച്ഛനും അമ്മൂമ്മയുമാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. 30ന് കുട്ടിയെ ഇവര്‍ ലാളിച്ചുകൊണ്ടിരുന്നപ്പോള്‍ കുട്ടിക്ക് പെട്ടെന്ന് അനക്കമില്ലാത്ത അവസ്ഥയുണ്ടായി. ഈ സമയത്ത് ഹൃദയാഘാതം ഉണ്ടായി, കുട്ടി മരിച്ചു.
ചികിത്സയുടെ ഓരോ ഘട്ടത്തിലും ബന്ധുക്കളെ വിവരം അറിയിച്ചിരുന്നെന്നും വില കൂടിയ മരുന്നുകള്‍ ഉള്‍പ്പെടെ സൗജന്യമായി നല്‍കിയാണ് കുട്ടിയെ ചികിത്സിച്ചിരുന്നതെന്നും ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ് ജന്മഭൂമിയോടു പറഞ്ഞു. പരാതി കൊടുക്കുവാന്‍ രക്ഷിതാക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ആരോഗ്യ മന്ത്രിയോട് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: