പെരിങ്ങര: അശാസ്ത്രീയമായ റോഡ് നിര്‍മാണവും അനധികൃത കയ്യേറ്റങ്ങളും പെരിങ്ങര പഞ്ചായത്തിലെ അപ്പര്‍കുട്ടനാടന്‍പാത കുളമാക്കുന്നു. പലയിടത്തും വലിയ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. പെരിങ്ങര ലക്ഷ്മീനാരായണ ക്ഷേത്രം മുതല്‍ ചാത്തങ്കേരിവരെ മഴക്കാലത്ത് ദുരിതയാത്രയാണ്. വിപികെ പടിയിലാണ് ആദ്യവെള്ളക്കെട്ട്. പൊതുമരാമത്ത് വകുപ്പ് ഓടകള്‍ സ്ഥാപിക്കും എന്ന് പറഞ്ഞിട്ടും വേണ്ട നടപടി ഉണ്ടായില്ല. പിന്നീട് ഇലങ്കത്ത് ജംങ്ഷനിലും സമാന അവസ്ഥ. ഇവിടെ പൈപ്പ് പൊട്ടലാണ് പ്രധാന വില്ലന്‍.
പഞ്ചായത്ത് പടിക്കല്‍ ചെറിയ വെള്ളം വരുമ്പോള്‍തന്നെ ദുരിതമാണ്. കളത്തെട്ട് ജംങ്ഷന് മുമ്പും വെള്ളക്കെട്ടുണ്ട്. പ്രിന്‍സ് സ്‌കൂളിന് ശേഷമാണ് അടുത്ത ദുരിതം. ഇവിടെ ചെളിവെള്ളം ഒഴുകിപോകാന്‍ കൂടി അവസരമില്ല. പിന്നീട് ഗണപതിപുരത്തിന് മുമ്പും ചാത്തങ്കേരിപാലത്തിന് താഴയും മഴയായാല്‍ ദുരിതമാണ്. അപ്പര്‍കുട്ടനാടന്‍ മേഖലയിലേക്കുള്ള പ്രധാന പാതയാണിത്. എംഎല്‍എ, എംപി അടക്കമുള്ളവരോട് പലതവണ പറഞ്ഞിട്ടുകാര്യമില്ല. പഞ്ചായത്തിനും വേണ്ട ഗൗരവം ഇല്ല. വിഷയത്തില്‍ ഉടന്‍ നടപടിവേണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎ പ്രതിനിധികള്‍ പലതവണ ആവശ്യം ഉന്നയിച്ചതാണ്.
റോഡുകള്‍ കുഴിച്ച് കുളമാക്കുന്നു
ജല്‍ ജീവന്‍ പദ്ധതിയുടെ പേരില്‍ റോഡുകള്‍ കുഴിച്ച് കുളമാക്കുകയാണ്. പലയിടത്തും എടുത്ത കുഴികള്‍ ഇതുവരെ മൂടിയിട്ടില്ല. പഞ്ചായത്തില്‍ മഴക്കാലം ആയതോടുകൂടി റോഡുകളുടെ അവസ്ഥ വളരെ ശോചനീയമാണ് ജനങ്ങള്‍ക്ക് നടന്നു പോകാന്‍ കൂടി കഴിയാത്ത സ്ഥിതിയാണ് ഇപ്പോള്‍. ജലജീവന്‍ മിഷന്‍ പ്രകാരം പൈപ്പ് കണക്ഷന്‍ കൊടുത്ത കോണ്‍ക്രീറ്റ് ചെയ്യണം എന്നാണ് കോണ്‍ട്രാക്ടില്‍ ഉള്ളത്. എന്നാല്‍ മിക്കവാര്‍ഡുകളിലും ചെയ്തിരിക്കുന്നത് ജെസിബി കൊണ്ടുവന്ന് അശാസ്ത്രീയമായ രീതിയില്‍ വലിയ കുഴിയെടുത്തത് കാരണം പഴയ പൈപ്പുകള്‍ പൊട്ടുന്ന സ്ഥിതി വിശേഷം ഉണ്ടായി. പുതിയ പൈപ്പുകള്‍ക്ക് നല്ല രീതിയില്‍ കണക്ഷന്‍ കൊടുക്കാതെയാണ് കാര്യങ്ങള്‍ ചെയ്തത്. ആര്‍ക്കോവേണ്ടി എന്തൊക്കെയോ കാട്ടിക്കൂട്ടി ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളുകയാണ് ഉണ്ടായത്.
നടപടിവേണം, ബിജെപി
റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതില്‍ വീഴ്ചവരുത്തിയ പഞ്ചായത്ത് നിലപാടിനെതിരെ വ്യാപക പ്രതിഷേധം. വിഷയത്തില്‍ ഉടന്‍ നടപടിവേണമെന്ന് ബിജെപി പഞ്ചായത്ത് അദ്ധ്യക്ഷന്‍ മനോജ് വെട്ടിക്കല്‍ ആവശ്യപ്പെട്ടു. ജല ജീവന്‍ പദ്ധതിക്കായി എടുക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണി കൃത്യസമയത്ത് നടത്തേണ്ടത് കരാറുകാരുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ ഇതില്‍ വേണ്ട ശ്രദ്ധപുലര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചിട്ടില്ല. എംഎല്‍എയും എംപിയും അടക്കം വിഷയത്തില്‍ ഒളിച്ച് കളിക്കുകയാണ്. ആവശ്യമായ ഓടകള്‍പോലും സജ്ജമാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: