ശാസ്താംകോട്ട: കാലാവസ്ഥ വ്യതിയാനങ്ങള്‍ അടക്കമുള്ള പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ ലോകബാങ്ക് പ്രഖാപിച്ച സഹായത്തില്‍ പ്രതീക്ഷ അര്‍പ്പിച്ച് മണ്‍റോതുരുത്തുകാര്‍. കാരണം കണ്ടെത്താനാകാത്ത വേലിയേറ്റത്തിന്റെ കെടുതിയില്‍ നട്ടം തിരിയുകയാണ് ടൂറിസം വില്ലേജ് എന്ന് സര്‍ക്കാര്‍ വീമ്പ് പറയുന്ന മണ്‍റോതുരുത്ത് പഞ്ചായത്തിലെ നൂറ് കണക്കിന് കുടുംബങ്ങള്‍.
കാലാവസ്ഥാ വ്യതിയാനം, പ്രകൃതിദുരന്തങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവ നേരിടാന്‍ ലോകബാങ്ക് കേരളത്തിന് 1228 കോടി രൂപയാണ് കഴിഞ്ഞ ദിവസം അനുവദിച്ചത്. മുന്‍പ് ഈ ആവശ്യങ്ങള്‍ക്കായി 12.5 കോടി അനുവദിച്ചിരുന്നങ്കിലും ഈ തുക വകമാറ്റി. ലോകബാങ്ക് ഇപ്പോള്‍ അനുവദിച്ച തുകക്ക് 14 വര്‍ഷമാണ് കാലാവധി. മാത്രമല്ല ആറ് വര്‍ഷത്തിന് ശേഷമാകും തിരിച്ചടവ്.
സുനാമി ദുരന്തത്തിന് ശേഷമാണ് കാലാവസ്ഥ വ്യതിയാനങ്ങളും തുടര്‍ന്നുള്ള ജീവിത ബുദ്ധിമുട്ടുകളും തുരുത്ത് നിവാസികളെ വേട്ടയാടാന്‍ തുടങ്ങിയത്. വേലിയേറ്റം അതിരൂക്ഷമായി. വേലിയേറ്റത്തില്‍ കല്ലടയറ്റാലിലൂടെ മലവെള്ള പാച്ചിലിനെക്കാള് ഭയാനകമായി വെള്ളം തിരിച്ചൊഴുകി തുരുത്തിനെ ആകെ മുക്കും. നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് വേലിയേറ്റ കെടുതിയുടെ തീവ്രത കൂടുക. പഞ്ചായത്തിലെ കടപ്രം, പട്ടംതുരുത്ത്, നെന്മേനി, പെരുങ്ങാലം, പേഴുംതുരുത്ത്, റെയില്വേസ്റ്റേഷന് ഭാഗം, കണ്ട്രംകാണി തുടങ്ങിയ പ്രദേശങ്ങളിലാണ് വേലിയേറ്റം ജനജീവിതം താറുമാറാക്കുന്നത്.
ശാസ്ത്രിയ മാര്‍ഗങ്ങള്‍ പരിഗണിക്കപ്പെട്ടില്ല
മണ്റോതുരുത്തില് തുടരെയുണ്ടാകുന്ന വേലിയേറ്റത്തില്‍ നിന്ന് സംരക്ഷണമൊരിക്കാന് ശാസ്ത്രീയ മാര്‍ഗങ്ങള്‍ തേടണമെന്ന ജനങ്ങളുടെ ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. വീടുകള്‍ താഴുന്നത് ഉള്‍പ്പെടെ പൊതുവെ നേരിടുന്ന വെല്ലുവിളികള്‍ക്കൊപ്പം വേലിയേറ്റം കൂടി ആയതോടെ നിരവധി കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്.
തുരുത്തിലെ ഇത്തരം ബുദ്ധിമുട്ടുകളുടെ കാരണമെന്ന് കണ്ടെത്താന്‍ ഇതുവരെയും ശാസ്ത്രീയമായി കഴിഞ്ഞിട്ടില്ല. വേലിയേറ്റം മൂലം വീടുകളില്‍ വെള്ളം കയറി താമസിക്കാന്‍ കഴിയാത്ത സാഹചര്യം ഒഴിവാക്കാന്‍ മണ്‍റോതുരുത്തിലെ കാലാവസ്ഥാ വ്യതിയാനം പഠനവിധേയമാക്കണമെന്ന് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തലത്തില്‍ ധാരണകളായിട്ടില്ല.
തുരുത്ത് ഉപേക്ഷിക്കുന്നു
ബുദ്ധിമുട്ടുകള്‍ പതിവായതോടെ പലരും കിട്ടുന്ന വിലയ്ക്ക് വസ്തു വിറ്റ് തുരുത്തിന് പുറത്തേക്ക് താമസം മാറുന്നു. ടികെഎം ആര്‍ട്സ് കോളേജിന്റെ സഹകരണത്തോടെ താഴ്ന്ന് പോകാത്ത വീടുകളുടെ നിര്‍മാണം തുടങ്ങിയെങ്കിലും അത്തരം നിര്‍മാണ ശൈലികള്‍ പൂര്‍ണമായും ജനകീയമായിട്ടില്ല.
സഞ്ചാരികളുടെ കേന്ദ്രം
ബുദ്ധിമുട്ടുകളെയാകെ മറികടക്കാന്‍ ടൂറിസത്തെ മുറുകെ പിടിക്കുകയാണ് തുരുത്തിലെ ജനങ്ങള്‍. അഷ്ടമുടിക്കായലും കല്ലടയാറും അതിരിടുന്ന മണ്‍റോതുരുത്ത് നിറയെ ചെറുതോടുകളാണ്. ഈ കൈതോടുകളിലൂടെ കൊതുമ്പ് വള്ളങ്ങളിലാണ് ഇവിടുത്തെ ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങുന്നതും ആവശ്യങ്ങള്‍ക്ക് പുറത്തേക്ക് പോകുന്നതും.
ഇതിനെ അതേപടി സഞ്ചാരികള്‍ക്കായും തുരുത്ത് തുറന്ന് നല്കി. കൈതോടുകളിലൂടെ കൊതുമ്പ് വള്ളങ്ങളില്‍ സഞ്ചരിച്ച് തുരുത്തിനെ അടുത്തറിയാന്‍ ഒട്ടനവധി വിദേശികളും സ്വദേശികളുമാണ് എത്തുന്നത്. കൊവിഡ് കാലത്ത് വിദേശ സഞ്ചാരികള്‍ എത്തിയിരുന്നില്ലങ്കിലും ഇപ്പോള്‍ സ്ഥിതി മാറി. തദ്ദേശീയരായ സഞ്ചാരികള്‍ വന്‍ തോതില്‍ എത്തുന്നുണ്ട്.
ടൂറിസത്തെ പ്രധാന വരുമാന മാര്‍ഗമാക്കി പ്രതിസന്ധികളെ മറികടക്കുകയാണ് തുരുത്തിലെ ജനങ്ങളുടെ ലക്ഷ്യം. വലിയ തോതില്‍ ഹോം സ്റ്റേകളും ഇവിടെ തുടങ്ങിയിട്ടുണ്ട്. ലോകബാങ്കിന്റെ പുതിയ പ്രഖ്യാപനത്തില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് ഈ തുരുത്തിലെ നൂറ് കണക്കിന് കുടുംബങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: