ചെന്നൈ: തമിഴ്നാട്ടിൽ ചെന്നൈ ഉൾപ്പടെ വിവിധ ജില്ലകളിൽ കനത്ത മഴ. ഇന്നലെ അർധരാത്രി മുതൽ ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തന്നെ തുടരുകയാണെന്നാണ് വിവരം. കഴിഞ്ഞ 24 മണിക്കൂറിനിടെ 140 മില്ലി മീറ്ററിലധികം മഴയാണ് ഇവിടെ പെയ്തത്. ചെന്നൈയിൽ 27 വർഷത്തിനിയെ പെയ്ത റെക്കോർഡ് മഴയാണ് ഇന്നലത്തേത്. അടുത്ത അഞ്ച് ദിവസം കൂടി മഴ പെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.
മഴയെത്തുടർന്ന് ചെന്നൈ ഉൾപ്പടെയുള്ള ആ റ് ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപേട്ട്, വെല്ലൂർ, റാണിപ്പേട്ട് എന്നീ ജില്ലകൾക്കാണ് അവധി. 1997ന് ശേഷം തമിഴ്നാട്ടിൽ ജൂണിൽ ഇത്ര ശക്തമായി മഴ പെയുന്നത് ആദ്യമായാണ്. ശക്തമായ മഴ കാരണം 10 വിമാനങ്ങൾ ബംഗളുരുവിലേക്ക് തിരിച്ചുവിട്ടു. ചെന്നൈയിൽ നിന്നും പുറപ്പെടേണ്ട വിമാനങ്ങൾ വൈകുകയാണ്. വിമാനങ്ങൾ എപ്പോൾ പുറപ്പെടുമെന്ന കാര്യം വ്യക്തമല്ല.
ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണ് പെയ്യുന്നത്. ചെന്നൈയിലെ മീനാക്ഷിപുരത്ത് ഇന്ന് പുലർച്ചെ 5.30 മുതൽ 13.7 സെ. മീ മഴയാണ് പെയ്തത്. കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയാണ്. കഴിഞ്ഞ ദിവസം വരെ 40 ഡിഗ്രി ചൂടായിരുന്നു ചെന്നൈ നഗരത്തിൽ. അപ്രതീക്ഷിതമായാണ് ഇത്രയധികം മഴയെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: