തിരുവനന്തപുരം: പന്ത്രണ്ടാം വയസില്‍ ആകാശവാണിയിലെ ‘ബാലലോകം’ പരിപാടിയിലൂടെ നാടകത്തിലേക്ക്. 15 കുട്ടികളോടൊപ്പം രണ്ടു ദിവസത്തെ റിഹേഴ്സലിനെത്തുമ്പോള്‍ എം. രവീന്ദ്രന്‍നായര്‍ എന്ന കുട്ടിയില്‍നിന്ന് പൂജപ്പുര രവി എന്ന നടന് പിറവിയെടുക്കുകയായിരുന്നു. രവീന്ദ്രന്‍നായര്‍ ക്രമേണ ബാലലോകം നാടകങ്ങളിലെ സ്ഥിരം സാന്നിധ്യമായി മാറി. അധ്യാപകരുടെയും സുഹൃത്തുക്കളുടെയും ഇടയില്‍ താരമായി മാറിയ രവീന്ദ്രന്‍നായര്‍ ഇതിനകം അഭിനയം തൊഴിലായി സ്വീകരിക്കാന്‍ മനസിലുറപ്പിച്ചു കഴിഞ്ഞിരുന്നു.
വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ എസ്.എല്‍. പുരം സദാനന്ദന്റെ ‘ഒരാള്‍ കൂടി കള്ളനായി’ എന്ന നാടകത്തില്‍ ശ്രദ്ധേയമായ വേഷം ലഭിച്ചു. നാടകരംഗത്ത് വ്യക്തിത്വമുറപ്പിക്കാന്‍ കഴിഞ്ഞതോടെ സിനിമയിലേക്കെത്താന് തീവണ്ടി കയറി. മദിരാശിയിലെത്തിയ രവീന്ദ്രനായര്ക്ക് ഏതാനും സിനിമകളില്‍ മുഖം കാണിക്കാനായെങ്കിലും പിടിച്ചുനില്‍ക്കാനായില്ല. ഇതോടെ ഗണേഷ് ഇലക്ട്രിക്കല്‍സിലെ ജോലിക്കാരനായി ജീവിതമാര്‍ഗം തേടി.
അഭിനയ മോഹം പൊലിഞ്ഞ് തിരുവനന്തപുരത്തേക്ക് തിരിച്ചെത്തിയ രവീന്ദ്രന്‍നായരെ ജഗതി എന്‍.കെ. ആചാരിയാണ് കലാനിലയത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. അവിടെയെത്തിയ രവീന്ദ്രനായരെ കലാനിലയം കൃഷ്ണന്‍നായര്‍ തേച്ചുമിനുക്കിയെടുത്തു. കലാനിലയത്തിലും നാടകരംഗത്തും ഒന്നിലധികം രവിമാര് ഉണ്ടായതോടെ രവീന്ദ്രന്‍നായരുടെ പേര് പൂജപ്പുര രവി എന്ന് മാറ്റപ്പെട്ടു. കലാനിലയം നാടകങ്ങളിലെ കായംകുളം കൊച്ചുണ്ണി, രക്തരക്ഷസ് തുടങ്ങിയ നാടകങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധേയമായി. മാസം 40 നാടകങ്ങള്‍ കളിക്കുമ്പോള്‍ 150 രൂപ ശമ്പളമായി കിട്ടുമായിരുന്നു. കലാനിലയത്തിലെ പത്തുവര്‍ഷം ജീവിതത്തിലും വലിയ മാറ്റം വരുത്തി. കലാനിലയത്തിലെ നടിയായിരുന്ന തങ്കമ്മ ജീവിതസഖിയായി. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും നിരവധി സീരിയലുകളിലും വേഷമിട്ട് പൂജപ്പുര രവി അഭിനയരംഗത്ത് ചുവടുറപ്പിച്ചു.
1976 ല്‍ ഹരിഹരന് സംവിധാനം ചെയ്ത അമ്മിണി അമ്മാവന് എന്ന ചിത്രത്തിലൂടെ വീണ്ടും ചലച്ചിത്രലോകത്തേക്കെത്തി. സത്യന് മുതല്‍ ടൊവിനോ തോമസ് വരെയുള്ള വിവിധ തലമുറകളില്‍പ്പെട്ടവരുമായി ഒന്നിച്ചഭിനയിച്ചു. മലയാളത്തിലെ പ്രമുഖ ജനപ്രിയ സംവിധായകരുടെയെല്ലാം സിനിമകളില്‍ അഭിനയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: