കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ പോലീസ് കൊണ്ടുവന്ന പ്രതി പിജി ഡോക്ടറെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. പരാതിയായപ്പോള്‍ പ്രതി ആശുപത്രിയില്‍ നിന്ന് ചാടിപ്പോയി.
ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെ ഏറ്റുമാനൂര്‍ പോലീസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച സീതത്തോട്, സീതക്കുഴിയില്, പുതുപ്പറമ്പില്‍ ബിജു പി. ജോണ്‍ (42) എന്നയാളാണ് ഡോക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്.
ഏറ്റുമാനൂര്‍ ഭാഗത്ത് രാത്രിയില്‍ തട്ടുകടയിലുണ്ടായ അടിപിടി കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ പോലീസ് പിടികൂടി ആശുപത്രിയിലെത്തിച്ചത്. അക്രമാസക്തനായ ഇയാളെ പിജി വനിതാ ഡോക്ടര്‍ പരിശോധിച്ച ശേഷം നിരീക്ഷണമുറിയിലേയ്ക്ക് മാറ്റി.
ഇയാളുടെ കൈകാലുകള്‍ കട്ടിലില്‍ ബന്ധിച്ചിരുന്നു. പിന്നീട് രോഗികളെ പരിശോധിക്കാന്‍ ഡോക്ടര്‍ നിരീക്ഷണമുറിയിലെത്തിയപ്പോള് ഇയാള്‍ അസഭ്യം പറഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ രാവിലെ 6.30ന് വനിതാ ഡോക്ടര്‍ പോലീസ് എയ്ഡ് പോസ്റ്റില്‍ പരാതി നല്കി. ഈ സമയം പ്രതിയായ ബിജു പി. ജോണ്‍ ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞു.
എയ്ഡ് പോസ്റ്റില്‍ നിന്ന് ഡോക്ടറുടെ പരാതി ഗാന്ധിനഗര്‍ പോലീസിനു കൈമാറി. ഒളിവില്‍ പോയ പ്രതിയെ പോലീസ് അന്വേഷിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: