ആലപ്പുഴ: ശവക്കോട്ടപ്പാലത്തിന് സമാന്തരമായി നിര്‍മിച്ച പുതിയ പാലത്തിന്റെയും പുനര്‍നിര്‍മിച്ച കൊമ്മാടി പാലത്തിന്റെയും ഔദ്യോഗിക ഉദ്ഘാടനം അടുത്ത മാസം ആദ്യം നടക്കും. ശവക്കോട്ടപ്പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. ദേശീയപാത കടന്നു പോകുന്ന ശവക്കോട്ടപ്പാലത്തിന്റെ വീതിക്കുറവ് ഗതാഗതക്കുരുക്കിന് ഇടയാക്കിയതോടെയാണ് നിലവിലുള്ള പാലത്തിന് സമാന്തരമായി മറ്റൊരു പാലം കൂടി നിര്‍മ്മിച്ചത്. പുതിയപാലം നിര്‍മിച്ചതിനു ശേഷം പഴയതുമായി ബന്ധപ്പെടുത്തുകയായിരുന്നു. നിശ്ചിച്ചതിനും ഏറെ മാസങ്ങള്‍ക്ക് ശേഷമാണ് പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനായത്. അപ്രോച്ച് റോഡിന്റെ അടക്കം സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തായാക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതാണ് പ്രതിസന്ധിയായത്.
അതിനിടെ ഗതാഗാതത്തിന് തുറന്നു കൊടുത്ത ശവക്കോട്ട പാലത്തില്‍ ട്രാഫിക് സിഗ്നലുകള്‍ അടിയന്തരമായി സ്ഥാപിക്കണമെന്ന് ആവശ്യം ഉയരുന്നു. പകല്‍ സമയം മാത്രമെ പോലീസ് സേവനം ഉണ്ടണ്ടാകാറുള്ളു. സിഗ്നല്‍ ലൈറ്റുകള്‍ ഇല്ലാത്തതിനാല്‍ അപകട സാദ്ധ്യതയേറെയാണ്. വടക്കുനിന്നുള്ള വാഹനങ്ങള്‍ പഴയ പാലത്തിലൂടെയും, തെക്ക് നിന്ന് വരുന്ന വാഹനങ്ങള്‍ പുതിയ പാലത്തിലൂടെയുമാണ് കടന്നു പോകേണ്ടത്. എന്നാല്‍ പലപ്പോഴും വാഹനങ്ങള്‍ ഇത് ലംഘിച്ച് പോകുന്നത് അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല, ഇരുകരകളിലൂടെയും കിഴക്കു നിന്നും പടിഞ്ഞാറു നിന്നും വരുന്ന വാഹനങ്ങള്‍ പാലത്തില്‍ പ്രവേശിക്കുന്നതും ആശയകുഴപ്പം സൃഷ്ടിക്കുന്നു.
കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ കൊമ്മാടി – കൈചൂണ്ടി റോഡില്‍ എ എസ് കനാലിന് കുറുകെയുള്ള പാലമാണ് പുനര്‍ നിര്‍മ്മിച്ചത്. രണ്ടു പാലങ്ങള്‍ക്കുമായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 2016 ഒക്ടോബര്‍ 31ന് 20 കോടി രൂപയുടെ ഭരണാനുമതി നല്കി. വിശദമായ പരിശോധനകള്‍ക്ക് ശേഷം 28.45 കോടി രൂപയുടെ സാമ്പത്തികാനുമതി കിഫ്ബി നല്കി. ഇതില്‍ 1.95 കോടി രൂപ സ്ഥലം ഏറ്റെടുപ്പിനായി വകയിരുത്തി. ശവക്കോട്ട – കൊമ്മാടി പാലങ്ങളെ ബന്ധിപ്പിക്കുന്ന 220 മീറ്റര്‍ റോഡും കൊമ്മാടി പാലം മുതല്‍ ദേശീയപാത 66 വരെയുള്ള 125 മീറ്റര്‍ റോഡിന്റെ പുനരുദ്ധാരണവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: