ചെന്നൈ: തമിഴ്നാട്ടില്‍ അറസ്റ്റ് യുദ്ധം തുടരുന്നു. തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍. രവിയേയും ദേശീയ വനിത കമ്മീഷന് അംഗം ഖുശ്ബു സുന്ദറിനെയും അപമാനിച്ച ഡിഎംകെ വക്താവ് ശിവജി കൃഷ്ണമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു.
നേരത്തെ ഡിഎംകെ ശിവജി കൃഷ്ണമൂര്‍ത്തിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. അതിന് പിന്നാലെയാണ് ചെന്നൈയിലെ കൊടുങ്ങയൂര് പൊലീസ് അദ്ദേഹത്തെ അറസ്റ്റ്. ചെയ്തത്. കൊടുങ്ങയൂര് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ബിജെപിയില്‍ നിന്നും മറ്റും കടുത്ത സമ്മര്‍ദ്ദമുണ്ടായതിനെ തുടര്‍ന്നാണ് സ്റ്റാലിന് അറസ്റ്റിന് സമ്മതം മൂളിയതെന്ന് പറയുന്നു.
നേരത്തെ ഗവര്‍ണര്‍ ആര്.എന്‍. രവിയെ അപമാനിച്ച കേസില്‍ ഡിഎംകെ ഈ വര്‍ഷം ജനവരിയില്‍ ശിവജി കൃഷ്ണമൂര്‍ത്തിയെ സസ്പെന്റ് ചെയ്തിരുന്നു. അഞ്ച് മാസത്തിന് ശേഷം ഇയാളുടെ സസ്പെന്ഷന് പിന്‍വലിച്ചു. ഇതിന് ശേഷമാണ് ദ്വയാര്‍ത്ഥത്തില്‍ ഖുശ്ബുവിനെ പഴയ പാത്രം എന്ന് വിളിച്ച് ഇയാള്‍ വീണ്ടും അപമാനിച്ചത്.
ഇതോടെ ഖുശ്ബു കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്റ്റാലിനെ കഠിനമായി വിമര്‍ശിച്ചിരുന്നു. തമിഴ്നാട് വനിതാ കമ്മീഷനിലും ഖുശ്ബു പരാതി നല്‍കിയിരുന്നു. സ്ത്രീകള്‍ക്കെതിരെ വില കുറഞ്ഞ പ്രസ്താവനകള്‍ നടത്തുന്ന, ദ്വയാര്‍ത്ഥത്തില്‍ സംസാരിക്കുന്ന നേതാക്കളെ കയറൂരി വിടുകയാണ്. ഡിഎംകെ. അവര്‍ക്ക് കൂടുതല്‍ അവസരവും കൊടുക്കുന്നു. സ്റ്റാലിന് ഇത് നിങ്ങള്‍ക്ക് സ്വീകാര്യമാണോ ട്വീറ്റില്‍ ഖുശ്ബു ചോദിച്ചു.
ഇതിന് പിന്നാലെ അണ്ണാമലൈയും സ്റ്റാലിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ സമൂഹമാധ്യമങ്ങളില്‍ സ്റ്റാലിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു വന്നു. സ്പോര്‍ട്സ് നൈപുണ്യവികസനം എന്നിവയുടെ ചുമതലയുള്ള തമിഴ്നാട്ടിലെ ബിജെപി പ്രസിഡന്റ് അമര്‍ പ്രസാദ് റെഡ്ഡിയും ട്വീറ്റിലൂടെ സ്റ്റാലിനെ വിമര്‍ശിക്കുകയും പൊലീസില്‍ ശിവജി കൃഷ്ണമൂര്‍ത്തിക്കെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു.
നാല് ഭാഗത്തുനിന്നും സമ്മര്‍ദ്ദം കടുത്തതോടെ ശിവജി കൃഷ്ണമൂര്‍ത്തിയെ അറസ്റ്റ് ചെയ്തേ മതിയാവൂ എന്ന നില വന്നപ്പോഴാണ് സ്റ്റാലിന് തന്നെ പൊലീസിന് അറസ്റ്റിനുള്ള പച്ചക്കൊടി വീശിയത്.
അറസ്റ്റ് യുദ്ധം തുടരുന്നു
തമിഴ്നാട്ടിലെ ഡിഎംകെ മന്ത്രി സെന്തില്‍ ബാലാജിയെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പകരമായി ബിജെപി സംസ്ഥാന സെക്രട്ടറി സൂര്യയെ ഡിഎംകെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരുന്നു. ഡിഎംകെയുടെ മധുരയിലെ നേതാവ് സു വെങ്കടേശ്വനെ പരിഹസിച്ച് ട്വീറ്റ് ചെയ്തതിന് മധുര ജില്ലാ സൈബര്‍ ക്രൈം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിന് തൊട്ടുപിന്നാലെയാണ് ഡിഎംകെ നേതാവ് ശിവജി കൃഷ്ണമൂര്‍ത്തിയുടെ ഈ അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: