ഉണ്ണികൃഷ്ണന്‍ വടക്കേടത്ത്
ദക്ഷിണ ഭാരതത്തിലെ മലയാള ദേശത്ത് ദക്ഷിണകാശി, തൃച്ചെറുമന്ന എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് കൊട്ടിയൂര്‍ ക്ഷേത്രം. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ എന്ന ഗ്രാമത്തില്‍ ബാവലിപ്പുഴയുടെ ഇരുകരകളിലുമായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്ര സങ്കേതം, തെക്ക് ഇക്കരെ കൊട്ടിയൂര്‍, വടക്ക് അക്കരെ കൊട്ടിയൂര്‍ എന്നുമാണ് അറിയപ്പെടുന്നത്. പ്രകൃതിയാണ് ഈശ്വരന്‍ എന്ന സങ്കല്‍പ്പത്തെ ഊട്ടി ഉറപ്പിക്കുന്ന വിധത്തില്‍ കാടും മലകളും പുഴയുമൊക്കെ ചേര്‍ന്ന പ്രകൃതിരമണീയമായ സ്ഥലത്താണ് ഈ ദേവസ്ഥാനം.
തിരുവഞ്ചിറ എന്നറിയപ്പെടുന്ന ജലാശയത്തിന് നടുവിലായുള്ള മണിത്തറയില്‍ സ്വയംഭൂവായി മഹാദേവനും, തൊട്ടടുത്തുള്ള അമ്മാറക്കല്‍ത്തറയില്‍ (അമ്മ മറഞ്ഞ സ്ഥലം എന്ന വാക്ക് ലോപിച്ച് അമ്മാറക്കല്‍ ആയതെന്ന് ഐതിഹ്യം) ശക്തിചൈതന്യമായി പാര്‍വ്വതിദേവിയും കുടികൊള്ളുന്നു. സ്ഥിരമായുള്ള ക്ഷേത്രം ഇക്കരെ കൊട്ടിയൂരിലാണെങ്കിലും, വര്‍ഷത്തില്‍ വൈശാഖോത്സവം നടക്കുന്ന 27 ദിവസം മാത്രമാണ് ഭക്തര്‍ക്ക് അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശനമുള്ളൂ. ഇടവമാസത്തിലെ ചോതി നാള്‍ മുതല്‍ മിഥുനത്തിലെ ചിത്തിര വരെയുള്ള 27 ദിവസങ്ങളില്‍ ഇക്കരെ കൊട്ടിയൂരില്‍ പൂജകള്‍ ഒന്നും നടക്കില്ല. ദക്ഷയാഗം നടന്ന സ്ഥലമെന്നതിനാലാവാം ഈ ക്ഷേത്രസങ്കേതത്തിന് ദക്ഷിണകാശി എന്ന പേര്‍ കൂടി വന്നത്. ഒരു യാഗശാലയുടെ അതേ രൂപത്തിലും ഭാവത്തിലുമുള്ള ചടങ്ങുകളാണ് അക്കരെ കൊട്ടിയൂരില്‍ നമുക്ക് കാണാന്‍ കഴിയുക. ഈ സങ്കേതത്തില്‍ എത്തുന്ന ഭക്തര്‍ക്ക്, മറ്റ് ക്ഷേത്രങ്ങളില്‍ കാണുന്നതുപോലെ ഒരു ക്ഷേത്രമോ ബലിക്കല്ലുകളോ കൊടിമരമോ സമയബന്ധിതമായുള്ള പൂജാക്രമങ്ങളോ ഒന്നും കാണാന്‍ കഴിയില്ല. ഞെട്ടി പനയോലകളും മുളകളും കൊണ്ട് കെട്ടിയുണ്ടാക്കിയ പര്‍ണശാലകളും, അതിനിഗൂഢമായ പൂജാ രീതികളുമാണ് നമുക്കിവിടെ കാണാനും അനുഭവിക്കാനും കഴിയുക.
പൂജാവിധികള്‍
ഇവിടുത്തെ പൂജാവിധികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് പരശുരാമനാണെന്നും ശങ്കരാചാര്യരാണെന്നും രണ്ടുപക്ഷമുണ്ട്. എടവത്തിലെ ചോതി നാളില്‍ തുടങ്ങി മിഥുനത്തിലെ ചിത്തിരയില്‍ അവസാനിക്കുന്ന 27 ദിവസങ്ങളിലും പ്രത്യേക തരത്തിലുള്ള പൂജകളാണ് ഇവിടെ നടക്കുന്നത്. ആദ്യത്തെ ഏഴ് ദിവസം ദേവോത്സമായും, പിന്നീടുള്ളത് മനുഷ്യോത്സവമായും അവസാന മൂന്ന് ദിനങ്ങള്‍ ഭൂതോത്സവുമായാണ് നടന്നുവരുന്നത്. ഈ ദിവസങ്ങളിലായി പ്രാക്കൂഴം, നീരെഴുന്നള്ളത്ത്, നെയ്യാട്ടം, ഭണ്ഡാരമെഴുന്നള്ളത്ത്, ഇളനീര്‍വെയ്പ്, ഇളനീരാട്ടം, ആലിംഗന പുഷ്പാഞ്ജലി, തൃക്കൂര്‍ അരിയളവ്, കലം വരവ്, കലംപൂജ, തൃക്കലശാട്ട് എന്നിങ്ങനെയുള്ള വിവിധങ്ങളായ ചടങ്ങുകളും ആനപ്പുറത്തുള്ള ശീവേലി എഴുന്നള്ളത്ത്, പാണികൊട്ട്, പാഠകം, കൂത്ത് മുതലായ ക്ഷേത്രകലാരൂപങ്ങളും നടക്കും. ദിവസങ്ങള്‍ നീളുന്ന കഠിന വ്രതം അനുഷ്ഠിച്ചാണ് അഭിഷേകത്തിനുള്ള നറുനെയ്യ്, ഇളനീര്‍, കലം എന്നിവ അതത് വിഭാഗക്കാര്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ച് കൊണ്ടുവരുന്നത്.
ചോതിനാളില്‍ ആരംഭിക്കുന്ന നെയ്യാട്ടത്തോടെയാണ് വൈശാഖോത്സവത്തിന് തുടക്കം കുറിക്കുന്നത്. അന്നുതന്നെ കുറ്റിയാടി ജാതിയൂര്‍ മഠത്തില്‍ നിന്നുള്ള അഗ്നി (ഓടയും തീയും) വരവും നടക്കും. പിറ്റേന്ന് സന്ധ്യയോടെ വയനാട്ടിലെ മുതിരേരിക്കാവില്‍ നിന്നുള്ള വാള്‍ എഴുന്നള്ളത്ത് ഇക്കരെ കൊട്ടിയൂരില്‍ എത്തും. ക്ഷേത്രത്തിലെ പ്രധാന പൂജാ ചടങ്ങുകളെല്ലാം തന്ത്രിമാരായ കോഴിക്കോട്ടിരി നമ്പൂതിരിപ്പാടും, നന്ത്യാര്‍വളളി നമ്പൂതിരിയുമാണ് നിര്‍വ്വഹിക്കുന്നതെങ്കിലും മറ്റ് പൂജകള്‍ക്കും സഹായിക്കാനുമായി പാരമ്പര്യ അവകാശികളായ മറ്റനേകം ബ്രാഹ്മണശ്രേഷ്ഠരും ഇവിടെയെത്തി അവരവരുടെ കര്‍മങ്ങള്‍ നിര്‍വ്വഹിച്ചു മടങ്ങുന്നു. പാരമ്പര്യമായി ഉപദേശരൂപേണ പകര്‍ന്നു കിട്ടിയ പൂജാവിധികളാണ് ഇവിടെ ഇന്നും തുടര്‍ന്നുപോരുന്നത്. അതിരാവിലെ തുടങ്ങുന്ന പൂജകള്‍ ചില ദിവസങ്ങളില്‍ അര്‍ദ്ധരാത്രി വരെ നീണ്ടുനില്‍ക്കുന്നത് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. കലം പൂജ സമയത്ത് പുറത്തുനിന്നുള്ളവര്‍ക്ക് ഇവിടേക്ക് പ്രവേശിക്കാന്‍ അനുവാദമില്ലെന്നു മാത്രമല്ല, ഇവിടുത്തെ പര്‍ണശാലകളില്‍ ഉള്ളവര്‍ പോലും വിളക്കുകള്‍ കെടുത്തി അകത്തിരിക്കണമെന്നാണ് നിയമം. അത്രയ്‌ക്ക് നിഗൂഢമാണ് ഇവിടുത്തെ ഓരോ പൂജകളും.
ജനാധിപത്യത്തിന്റെ ശ്രീകോവില്‍
മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ബ്രാഹ്മണരെ കൂടാതെ എല്ലാ സമുദായങ്ങള്‍ക്കും പ്രാതിനിധ്യവും പ്രാധാന്യവും കല്‍പ്പിക്കപ്പെടുന്ന മഹാസങ്കേതമാണ് കൊട്ടിയൂര്‍ സന്നിധി. നമ്പൂതിരി മുതല്‍ വനവാസി വരെയുള്ള വിഭാഗങ്ങള്‍ക്കും അറുപത്തിനാലോളം കുടുംബങ്ങള്‍ക്ക് വരെ ഇവിടുത്തെ ചടങ്ങുകളില്‍ പ്രത്യേക പ്രാധാന്യം ഉള്ളതായി പറയപ്പെട്ടുന്നു. ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ ക്ഷേത്രസന്നിധി എന്ന് നിസ്സംശയം പറയാം.
ബ്രാഹ്മണസ്ത്രീകള്‍ക്കും രാജകുടുംബാംഗങ്ങള്‍ക്കും ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന മറ്റൊരു ആചാരവും ഇവിടെ നിലനില്‍ക്കുന്നു. വിശാഖം നാളിലെ ഭണ്ഡാരം എഴുന്നള്ളത്തിന് മുമ്പും, മകം നാളിലെ ഉച്ചശീവേലിക്ക് ശേഷവും സ്ത്രീകള്‍ക്കും ഇവിടേക്ക് പ്രവേശനമില്ല.
ഹരിഗോവിന്ദാ…
ദക്ഷയാഗം നടന്ന സ്ഥലം എന്നറിയപ്പെടുന്നതിനാല്‍ മഹാദേവനും സതീദേവിക്കും പ്രാധാന്യം കല്‍പ്പിക്കുന്ന ഈ ക്ഷേത്രസങ്കേതത്തില്‍ എത്തുന്നവരൊക്കെയും ഹരി ഗോവിന്ദ എന്ന നാമം ഉരുവിട്ടാണ് ദര്‍ശനത്തിനെത്തുന്നത്. അതിന്റെ കാരണമെന്തെന്ന് ചോദിച്ചാല്‍ ഉത്തരമില്ല എന്നതാണ് വാസ്തവം. ഇവിടുത്തെ പൂജകളെ കുറിച്ചോ പൂജാവിധികളെ പറ്റിയോ പുറത്തോ കുടുംബത്തിലുള്ളവരോടോ പറയാന്‍ പാടില്ലെന്നും, ഇത് അടുത്ത തലമുറയ്‌ക്ക് പകര്‍ന്ന് നല്‍കാനുള്ള സമയം ഭഗവാന്‍ അടയാളരൂപേണ കാണിച്ച് കൊടുക്കും എന്നുമാണ് വിശ്വാസം. നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ചടങ്ങുകള്‍ക്ക് കോട്ടംതട്ടാതെ തുടര്‍ന്നുപോരുന്ന ഈ ആചാരങ്ങളും വിശ്വാസങ്ങളും ഇനിയുള്ള കാലവും നിലനില്‍ക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് നമുക്കും വിളിക്കാം, ഹരിഗോവിന്ദാ…
യാത്രാബലി
തൃക്കലശാട്ടത്തോടെയാണ് വൈശാഖോത്സവ ചടങ്ങുകള്‍ക്ക് സമാപനം കുറിക്കുക. കലശ മണ്ഡപത്തില്‍ സ്വര്‍ണം, വെള്ളി എന്നീ കുടങ്ങളില്‍ നിറച്ച് പൂജിച്ച കളഭവും, പരികലശങ്ങളും വാദ്യമേളത്തിന്റെ അകമ്പടിയോടെ മണിത്തറയിലേക്ക് എഴുന്നള്ളിച്ച് കൊണ്ടുവരും. തുടര്‍ന്ന് പരികലശങ്ങളും, സ്വര്‍ണക്കുടത്തിലുള്ള കളഭവും കോഴിക്കോട്ടിരി നമ്പൂതിരിപ്പാടും വെള്ളിക്കുടത്തിലുളള കളഭം നന്ത്യാര്‍വള്ളി നമ്പൂതിരിയും പെരുമാളിന് അഭിഷേകം ചെയ്യും. ശേഷം കുടിപതികളായുള്ള സ്ഥാനീയര്‍ തിടപ്പള്ളിയില്‍ ഇരുന്ന് നിവേദ്യം കഴിച്ച ശേഷമാണ് മടക്കയാത്രയ്‌ക്ക് തുടക്കം കുറിക്കുക.
ആദ്യം മുതിരേരിക്കാവില്‍ നിന്ന് കൊണ്ടുവന്ന വാളിന്റെ തിരിച്ചെഴുന്നളളത്തും പിന്നിട് ദേവീദേവന്മാരുടെ ശീവേലി ബിംബങ്ങളും, സ്വര്‍ണം, വെള്ളി പാത്രങ്ങളും ഭണ്ഡാരങ്ങളും തിരിച്ചെഴുന്നള്ളിക്കും. തുടര്‍ന്ന് തന്ത്രി കോഴിക്കോട്ടിരി നമ്പൂതിരിപ്പാട് പ്രത്യേക സ്ഥലങ്ങളില്‍ ബലി അര്‍പ്പിച്ച ശേഷം പെരുമാളോട് യാത്രചൊല്ലി ഇക്കരെ കൊട്ടിയൂരില്‍ എത്തും.
അവിടെ ബലിതര്‍പ്പണത്തിന് ശേഷം പാമ്പറപ്പാന്‍ തോട്ടില്‍ അവസാന ക്രിയകളും പൂര്‍ത്തിയാക്കി തോട് മറികടക്കുന്നതോടെ 27 ദിവസം നീളുന്ന കൊട്ടിയൂര്‍ വൈശാഖോത്സവത്തിന് സമാപനമാകും.
പ്രധാന വഴിപാടുകള്‍
സ്വര്‍ണ്ണക്കുടം, വെള്ളിക്കുടം സമര്‍പ്പിക്കല്‍, ആയിരം കുടം അഭിഷേകം, വലിയ വട്ടളം പായസ നേദ്യം (തിരുവാതിര, പുണര്‍തം, ആയില്യം, അത്തം എന്നീ നാളുകളില്‍ മാത്രം).
വിശേഷ ദിവസങ്ങള്‍
ജൂണ്‍ 1ന് നെയ്യാട്ടം, 2ന് ഭണ്ഡാരം എഴുന്നള്ളത്ത്, 8ന് തിരുവോണം ആരാധന, 9ന് ഇളനീര്‍വെപ്പ്, 10ന് ഇളനീര്‍ അഷ്ടമി ആരാധന-ഇളനീരാട്ടം, 13 ന് രേവതി ആരാധന, 17ന് രോഹിണി ആരാധന, 19ന് തിരുവാതിര ചതുശ്ശതം, 20ന് പുണര്‍തം ചതുശ്ശതം, 22ന് ആയില്യം ചതുശ്ശതം, 24ന് മകം കലംവരവ്, 27ന് അത്തം ചതുശ്ശതം-വാളാട്ടം-കലം പൂജ, 28ന് തൃക്കലശ്ശാട്ട്.
ക്ഷേത്രത്തില്‍ എത്താനുള്ള വഴികള്‍
ട്രെയിന്‍ മാര്‍ഗം വരുന്നവര്‍ തലശ്ശേരിയില്‍ ഇറങ്ങി ടൗണില്‍ നിന്നും കൂത്തുപറമ്പ്-പേരാവൂര്‍ വഴി റോഡ് മാര്‍ഗം ഏകദേശം 45 കി. മീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരാം. വയനാട്ടില്‍ നിന്നും വരുന്നവര്‍ക്ക് മാനന്തവാടി-തലപ്പുഴ-ബോയ്സ് ടൗണ്‍-അമ്പായത്തോട് വഴി 25 കിലോമീറ്റര്‍ ദൂരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: