തിരുവനന്തപുരം: ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന ജവാന് റം മദ്യത്തിന് ആവശ്യമുയര്‍ന്നതോടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനം.
നിലവിലെ ഉത്പദാനമായ 8000 കെയ്സില് നിന്നും 12,000 ആയി ഉയര്‍ത്തും. ഇതിനായി ഉത്പാദന ലൈനുകളുടെ എണ്ണം അടുത്ത ആഴ്ച മുതല്‍ നാലില്‍ നിന്ന് ആറാക്കി മാറ്റും. കൂടാതെ അരലിറ്റര്‍ കുപ്പിയും പുറത്തിറക്കും. നിലവില്‍ ഒരു ലിറ്റര്‍ മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. പ്രീമിയവും പുറത്തിറക്കാനുള്ള ആലോചനയുണ്ട്.
മദ്യം നിര്‍മിക്കുന്നതിനുള്ള എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ സംഭരണം 35 ലക്ഷം ലിറ്ററാക്കി ഉയര്‍ത്താന്‍ ജവാന് ഉത്പാദകരായ ട്രാവന്‍കൂര്‍ ഷുഗര്‍ ആന്‍ഡ് കെമിക്കല്‍സ് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ പ്രതിദിന നിര്‍മാണം 15,000 കെയ്സായി ഉയര്‍ത്തും. ഫാക്ടറിയിലേക്ക് കൊണ്ടുവന്ന സ്പിരിറ്റില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജവാന് റമ്മിന്റെ ഉത്പാദനം നിര്‍ത്തിവച്ചിരുന്നു.
അതേസമയം, ഐടി പാര്‍ക്കുകളിലെ ജീവനക്കാര്‍ക്ക് വിനോദവേളകളില്‍ മദ്യം വിതരണം ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍ വീണ്ടും നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കാന്‍ തീരുമാനം. പ്രതിപക്ഷ എംഎല്‍എമാര്‍ ചില നിര്‍ദേശങ്ങളില്‍ എതിര്‍പ്പ് ഉന്നയിച്ച സാഹചര്യത്തിലാണ് മാറ്റങ്ങള്‍ വരുത്തി സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കുന്നത്.
ലൈസന്‍സ് ഫീസ് 10 ലക്ഷം രൂപ ഈടാക്കാമെന്ന് ഐടി വകുപ്പും ക്ലബ്ബുകളുടേതു പോലെ 20 ലക്ഷം വേണമെന്ന് എക്സൈസും നിലപാടെടുത്തത് പ്രതിസന്ധിയായിട്ടുണ്ട്. മദ്യം വിതരണം ചെയ്യുന്നതിനുള്ള അനുമതി പാര്‍ക്കുകള്‍ക്കും പ്രധാന കമ്പനികള്‍ക്കും മാത്രമായി പരിമിതപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: