ന്യൂദല്‍ഹി: നെഹ്രുവിന്റെ തീന്‍മൂര്‍ത്തി ഭവനിലെ നെഹ്രു സ്മാരക മ്യൂസിയത്തിന്റെ പേര് മാറ്റി പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം എന്നാക്കി മാറ്റിയത് നന്നായെന്ന് മുന്‍പ്രധാനമന്ത്രിയും ജനതാ പാര്‍ട്ടി നേതാവുമായ ചന്ദ്രശേഖറിന്റെ മകന്.
“എന്റെ അച്ഛനായ മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ ദേശീയ താല്പര്യത്തിന് വേണ്ടിയാണ് എല്ലായ്പോഴും പ്രവര്‍ത്തിച്ചത്. അദ്ദേഹം കോണ്‍ഗ്രസിന് വേണ്ടി പോലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പക്ഷെ കോണ്‍ഗ്രസ് ഒരിയ്ക്കലും കുടുംബവാഴ്ചയ്ക്കപ്പുറം നോക്കില്ല. ഇപ്പോള്‍ പ്രധാനമന്ത്രി ഈ പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയത്തിലൂടെ പാര്‍ട്ടി നോക്കാതെ എല്ലാ പ്രധാനമന്ത്രിമാരെയും ബഹുമാനിക്കുകയാണ്. ഇതില്‍ കോണ്‍ഗ്രസ് ആകെ പ്രകോപിതരായിരിക്കുന്നു. ഭീകരമായ മനോഭാവം!”- മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകന് നീരജ് ശേഖര്‍ ട്വീറ്റ് ചെയ്തു.
നെഹ്രു 16 വര്‍ഷം താമസിച്ച തീന്‍മൂര്‍ത്തി ഭവനില്‍ പ്രധാനമന്ത്രി നെഹ്രു മുതല്‍ മോദി വരെയുള്ള പ്രധാനമന്ത്രിമാരുടെ ജീവിതം പറയുന്ന പ്രദര്‍ശനങ്ങളുണ്ട്. ഇതിന് മോദിയുടെ കാലത്ത് പ്രധാനമന്ത്രി സംഗ്രഹാലയ എന്ന് പേര് പുതുക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ പ്രൈം മിനിസ്റ്റേഴ്ശ് മ്യൂസിയം ആന്റ് ലൈബ്രറി (പിഎംഎല്‍) എന്നാക്കി മാറ്റിയത്. ഇതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അമര്‍ഷം പ്രകടിപ്പിക്കുകയാണ്. ഇതിനെതിരെയാണ് നീരജ് ശേഖറിന്റെ പ്രതികരണം.
“പ്രധാനമന്ത്രിമാരുടെ മ്യൂസിയത്തില്‍ പാര്‍ട്ടി പക്ഷപാതമില്ലാതെ എല്ലാ പ്രധാനമന്ത്രിമാര്‍ക്കും ബഹുമാനവും ആദരവും ലഭിക്കുന്നു. അവരുടെ സംഭാവനകള്‍ ഉയര്‍ത്തിക്കാട്ടുന്നു. ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജ്യതന്ത്രജ്ഞതയാണ് കാണിക്കുന്നത്.” – മറ്റൊരു ട്വീറ്റില്‍ നീരജ് ശേഖര്‍ പറയുന്നു.
കെട്ടിടത്തിന്റെ പേര് മാറ്റിയാല്‍ മഹദ് പാരമ്പര്യങ്ങള്‍ ഇല്ലാതാവില്ലെന്നാണ് കോണ്‍ഗ്രസിന്റെ വാദം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കൂട്ടായ യാത്രയെ ചിത്രീകരിക്കുകയും വിവിധ പ്രധാനമന്ത്രിമാരുടെ സംഭാവനകള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്ന മ്യൂസിയമായതിനാലാണ് പേരുമാറ്റമെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നു. തീന്‍മൂര്‍ത്തി ഭവനിലെ നെഹ്രു മ്യൂസിയത്തെ എല്ലാ പ്രധാനമന്ത്രിമാര്‍ക്കും പ്രധാന്യം നല്കുന്ന മ്യൂസിയമാക്കണമെന്ന ആശയം 2016ലാണ് മോദി മുന്നോട്ട് വെച്ചത്. പിന്നീട് കഴിഞ്ഞ വര്‍ഷം ആദ്യടിക്കറ്റെടുത്ത് മോദി തന്നെ ഉദ്ഘാടനം ചെയ്തു. ഇപ്പോള്‍ നെഹ്രു മുതല്‍ മോദി വരെയുള്ള പ്രധാനമന്ത്രിമാരുടെ സംഭാവനകള്‍ പ്രദര്‍ശിപ്പിക്കുന്നതിനാലാണ് പേര് മാറ്റുന്നതെന്ന് ഇപ്പോഴത്തെ എന്‍എംഎംഎല്‍ (നെഹ്രു മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനായ നൃപേന്ദ്ര മിശ്ര അറിയിച്ചു. ഇത് സംബന്ധിച്ച പ്രമേയം പാസാക്കുകയും ചെയ്തു. ഇനി മുതല്‍ പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്റ് ലൈബ്രറി എന്നാവും അറിയപ്പെടുക എന്നും സാംസ്കാരിക മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: