അഹമ്മദാബാദ് : മുന്‍കൂട്ടി ഉളള തയാറെടുപ്പുകള്‍ ബിപാര്‍ജോയ് ചുഴലിക്കാറ്റ് മൂലം ഉണ്ടായേക്കാമായിരുന്ന ജീവഹാനിയും മറ്റ് നാശനഷ്ടങ്ങളും പരമാവധി കുറയ്ക്കാന്‍ സഹായിച്ചതായി ഗുജറാത്ത് സര്‍ക്കാര്‍. ഒരു ലക്ഷത്തിലധികം ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലാണെന്ന് സംസ്ഥാന ദുരിതാശ്വാസ കമ്മീഷണര്‍ അലോക് പാണ്ഡെ പറഞ്ഞു.
അഞ്ച് ദിവസത്തോളം പ്രകൃതിക്ഷോഭം നേരിട്ടെങ്കിലും ആയിരക്കണക്കിന് ജീവന് രക്ഷിക്കാന്‍ കഴിഞ്ഞതായും പാണ്ഡെ കൂട്ടിച്ചേര്‍ത്തു.
ചുഴലിക്കാറ്റ് നാശം വിതച്ച ജില്ലകളില്‍ സാമ്പത്തികവും പാരിസ്ഥിതികവുമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവ ഉടന്‍ തന്നെ പരിഹരിക്കാനാകുമെന്ന് സംസ്ഥാന ദുരിതാശ്വാസ കമ്മീഷണര്‍ പറഞ്ഞു. ചുഴലിക്കാറ്റില്‍ 1,137 മരങ്ങള്‍ കടപുഴകി വീണതായും 263 റോഡുകളില്‍ ഗതാഗതം നിര്‍ത്തിവച്ചതായും അദ്ദേഹം പറഞ്ഞു. കടപുഴകിയ മരങ്ങളെല്ലാം നീക്കം ചെയ്ത് റോഡുകള്‍ ഗതാഗതത്തിനായി തുറന്ന് നല്‍കിയിട്ടുണ്ട്.
ശക്തമായ കാറ്റില്‍ വിവിധ ജില്ലകളിലായി 5,120 വൈദ്യുതി തൂണുകള്‍ നിലംപതിച്ചു. 4,600 ലധികം ഗ്രാമങ്ങളില്‍ വൈദ്യുതി മുടങ്ങിയതില്‍ 3,580 എണ്ണത്തിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. മഴ തുടരുന്നുണ്ടെങ്കിലും ബാക്കി ഗ്രാമങ്ങളിലും വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ശ്രമം നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: