ആലപ്പുഴ: എസ്എഫ്ഐയില്‍ വീണ്ടും വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം. ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം നിഖില്‍ തോമസിനെതിരെയാണ് എസ്എഫ്ഐയിലെ മറ്റൊരു അംഗം പരാതി നല്‍കിയത്. എംകോം പ്രവേശനത്തിന് വേണ്ടി ഹാജരാക്കിയത് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണെന്നാണ് ആക്ഷേപം. വെള്ളിയാഴ്ച ചേര്‍ന്ന എസ്എഫ്ഐ ഫ്രാക്ഷന് യോഗത്തില്‍ ഈ വിഷയം ഉയര്‍ന്നുവന്നതോടെ ഇയാളെ ജില്ലാ കമ്മിറ്റിയില്‍നിന്ന് നീക്കാന്‍ സിപിഎം നിര്‍ദേശം നല്കി.
സിപിഎം ജില്ലാ സെക്രട്ടറി ആര് നാസര്‍ ഇക്കാര്യം സ്ഥീരീകരിച്ചു. നിലവില്‍ കായംകുളം എംഎസ്എം കോളജിലെ രണ്ടാം വര്‍ഷ എംകോം വിദ്യാര്‍ത്ഥിയാണ് നിഖില്‍. കോളജില്‍ പ്രവേശനം ലഭിക്കാന്‍ ഇയാള്‍ സമര്‍പ്പിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പരാതി. 2018- 2020 കാലഘട്ടത്തില്‍ നിഖില്‍ ഇതേ കോളജില്‍ ബികോം ചെയ്തെങ്കിലും പാസായില്ല. പക്ഷെ 2021ല്‍ ഇവിടെതന്നെ ഇയാള്‍ എംകോമിന് ചേര്‍ന്നു. പ്രവേശനത്തിനായി 2019- 2021 കാലത്തെ കലിംഗ സര്‍വകലാശാലയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ് ഇയാള്‍ ഹാജരാക്കിയത്.
ഒരേ കാലത്ത് എങ്ങനെ കായംകുളത്തും കലിംഗയിലും പഠിക്കാനാകുമെന്നാണ് പരാതിക്കാരി ചോദിച്ചത്. രേഖാമൂലം തെളിവ് സഹിതമാണ് ആലപ്പുഴയിലെ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗവും കോളജില്‍ നിഖിലിന്റെ ജൂനിയര്‍ വിദ്യാര്‍ഥിയുമായ പെണ്‍കുട്ടി പരാതി നല്‍കിയത്. മൂന്ന് മാസം മുമ്പാണ് നിഖിലിനെതിരെ ആദ്യം പരാതി ഉയര്‍ന്നത്. ഇതോടെ ഇയാളെ എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. എന്നാല്‍ ഇയാളുടെ പ്രായപരിധി കഴിഞ്ഞതിനാല്‍ പദവിയില്‍നിന്ന് നീക്കുകയായിരുന്നെന്നാണ് വിശദീകരണം.
വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ യഥാര്‍ത്ഥ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നിഖിലിനോട് പാര്‍ട്ടി ആവശ്യപ്പെട്ടു. എന്നാല്‍ സര്‍വകലാശാലയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലെന്ന വാദമാണ് നിഖില്‍ ഉന്നയിച്ചത്. തുടര്‍ന്നാണ് പാര്‍ട്ടി നേതൃത്വം ഇടപെട്ട് നിഖിലിനെ എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്നും നീക്കിയത്. വിഷയം പാര്‍ട്ടി തലത്തില്‍ വിശദമായി അന്വേഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: