ഓച്ചിറ: ഓതിരം കടകംവെട്ടിയും കടകത്തിലൊഴിഞ്ഞും ചാടിയമര്ന്നും ഓണാട്ടുകരയുടെ ശക്തിയും ഓജസ്സും ധൈര്യവും പ്രകടമാക്കുന്ന ചരിത്രപ്രസിദ്ധമായ ഓച്ചിറക്കളിക്ക് പടനിലത്ത് തുടക്കം.ഓണാട്ടുകരയിലെ കാര്‍ത്തികപ്പള്ളി, കരുനാഗപ്പള്ളി, മാവേലിക്കര താലൂക്കുകളില്‍പ്പെട്ട 52 കരകളില്‍ നിന്നുള്ള നിരവധി രണവീരന്മാമാരാണ് പടനിലത്ത് അങ്കം വെട്ടിയത്. തലപ്പാവും പടച്ചട്ടയും അണിഞ്ഞ് കൈയ്യില്‍ വാളും പരിചയുമായി എത്തിയ യോദ്ധാക്കള്‍ പടനിലത്തെ യുദ്ധക്കളമാക്കി മാറ്റി.കൊച്ചു കുട്ടികള്‍ മുതല്‍ മുത്തച്ഛന്മാര് വരെ എട്ടുകണ്ടത്തില്‍ അങ്കത്തിനായി ഇറങ്ങി.
ഋഷഭ വാഹനത്തില്‍ എഴുന്നെള്ളുന്ന ഓംകാരമൂര്‍ത്തിയുടെ തിരുമുമ്പില്‍ നടത്തുന്ന ആയോധന കലാപ്രകടനമാണ് ഓച്ചിറക്കളി.രണ്ട് നൂറ്റാണ്ടു മുമ്പ് കായംകുളം രാജാവും ചെമ്പകശ്ശേരി രാജാവും തമ്മില്‍ ഓച്ചിറപടനിലത്തു നടന്ന യുദ്ധത്തിന്റെ സ്മരണ പുതുക്കലാണ് വര്‍ഷം തോറും മിഥുനം ഒന്ന്, രണ്ട് തീയതികളിലായി ആചരിക്കുന്ന ഓച്ചിറക്കളി.
30 ദിവസമായി കളരി ആശാന്മാരുടെ നേതൃത്വത്തില്‍ വിവിധ കളരികളില്‍ പരിശീലനം നടത്തിയാണ് പടയാളികള്‍ ഓച്ചിറക്കളിക്കെത്തിയത്.400ല്‍ പരം കളരി സംഘങ്ങളാണ് ഓച്ചിറക്കളിയില്‍ പങ്കെടുത്തത്. പ്രധാനമായും രണ്ടിനങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. കളിക്കളത്തില്‍ ഇറങ്ങുന്നതിന് മുമ്പുള്ള പയറ്റു പ്രദര്‍ശനമായ ‘കരക്കളിയും’ എട്ടുകണ്ടത്തില്‍ നടത്തുന്ന ‘തകിടകളിയും’ ഇതില്‍ ആദ്യത്തേത് തെക്കേകണ്ടത്തിലും കളിക്കാരുടെ അഭ്യാസ മികവ് തെളിയിക്കുന്ന പ്രദര്‍ശനം വടക്കേ കണ്ടത്തിലുമാണ് നടക്കുന്നത്. ഇന്നലെ കരുനാഗപ്പള്ളി എംഎല്‍എ സി.ആര് മഹേഷ് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്ത് ഘോഷയാത്രക്ക് നേതൃത്വം നല്കി.കിഴക്കും പടിഞ്ഞാറും നിന്നുമുള്ള കരനാഥന്മാര് പരബ്രഹ്മത്തിന്റെ ഋഷഭ ഘോഷയാത്രയെ സാക്ഷി നിര്‍ത്തി പരസ്പരം ഹസ്തദാനം ചെയ്ത് കര പറഞ്ഞ് അങ്കം വെട്ടി. അടുത്ത ദിവസം പടനിലത്ത് മുഖാമുഖം കാണാം എന്ന് പ്രതിജ്ഞയെടുത്ത് പിരിഞ്ഞതോടെ ഇന്നലത്തെ ചടങ്ങുകള്‍ അവസാനിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം യോദ്ധാക്കള്‍ കളിക്കണ്ടത്തില്‍ എത്തി ‘തകിടകളിയില്‍’ പ്രാഗല്ഭ്യം തെളിയിച്ച ശേഷം ഭരണസമിതി സമ്മാനമായി നല്കുന്ന ‘പണക്കിഴി’ സ്വീകരിച്ച് സദ്യയുണ്ട് കരകളിലേക്ക് മടങ്ങുന്നതോടെ ഓച്ചിറക്കളിക്ക് തിരശ്ശീല വീഴും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: