ജ്യോതിഷ ഭൂഷണം
എസ്. ശ്രീനിവാസ് അയ്യര്‍
വിവാഹം സംബന്ധിച്ച് സ്ത്രീപുരുഷ ജാതകങ്ങള്‍ ഒത്തുനോക്കുമ്പോള്‍ നക്ഷത്രം/രാശി എന്നിവയെ മുന്‍നിര്‍ത്തി പത്തുവിധം പൊരുത്തങ്ങളാണ് പരിശോധിക്കുക. അവയെ ദശവിധപ്പൊരുത്തങ്ങള്‍ എന്ന് പറയുന്നു. എന്നാല്‍ സ്ത്രീപുരുഷന്മാരുടെ നക്ഷത്രത്തെ ആധാരമാക്കി നോക്കുന്ന ‘പത്തുപൊരുത്തത്തില്‍’ ഉള്‍പ്പെടാത്ത മറ്റൊരു പൊരുത്തത്തെയാണ് ഇവിടെ ചര്‍ച്ചചെയ്യുന്നത്. ഇത് പ്രാധാന്യമില്ലാത്തതാണ് എന്ന് ചിലര്‍ കരുതുന്നു. എന്നാല്‍ ഇതില്‍ ആ സ്ത്രീപുരുഷന്മാര്‍ ദാമ്പത്യത്തിലേര്‍പ്പെട്ടാല്‍ അവരുടെ സാമ്പത്തികസ്ഥിതി എങ്ങനെയാവും എന്ന ചിന്തയുള്ളതിനാല്‍ വളരെ പ്രാധാന്യമുള്ളതാണ് എന്ന് ചിന്തിക്കുന്നവരുമുണ്ട്.
‘ആയവ്യയപ്പൊരുത്തം’ എന്നാണ് ഈ പൊരുത്തം അറിയപ്പെടുന്നത്. ആയം എന്നാല്‍ വരവ്, വ്യയം എന്നാല്‍ ചെലവും. ദാമ്പത്യ ജീവിതത്തിലെ വരവ് ചെലവുകളാണ്, അഥവാ സാമ്പത്തിക ഭദ്രതയാണ് ഇതില്‍ പരിശോധിക്കപ്പെടുന്നത് എന്ന് കരുതാം.സ്ത്രീയുടെ ജന്മനക്ഷത്രം മുതല്‍ പുരുഷന്റെ ജന്മനക്ഷത്രം വരെ എണ്ണിക്കിട്ടുന്ന സംഖ്യയെ അഞ്ച് കൊണ്ട് ഗുണിച്ച് ഏഴ് കൊണ്ട് ഹരിക്കണം. ശേഷിക്കുന്ന സംഖ്യ വ്യയം/ചെലവ്. പുരുഷന്റെ ജന്മനക്ഷത്രം മുതല്‍ സ്ത്രീയുടെ ജന്മനക്ഷത്രം വരെ എണ്ണിക്കിട്ടുന്ന സംഖ്യയെ അഞ്ച് കൊണ്ട് ഗുണിച്ച് ഏഴ് കൊണ്ട് ഹരിക്കണം. ശേഷിക്കുന്ന സംഖ്യ ആയം/വരവ്. ശിഷ്ടമില്ലെങ്കില്‍ ഏഴ് ആയി കണക്കാക്കും. ആയം/വരവ് അധികമായാല്‍ ആയവ്യയപ്പൊരുത്തം ഉത്തമം. മറിച്ചായാല്‍ അധമവും.
നിയമം കഴിഞ്ഞു. ഇനി അതിന്റെ പ്രയോഗമാണ്. തത്ത്വവും പ്രയോഗവും ചേരുമ്പോഴാണല്ലോ ആശയം പൂര്‍ണമാകുക. ഉദാഹരണങ്ങളിലേക്ക് കടക്കാം.
സ്ത്രീനക്ഷത്രം തിരുവോണം, പുരുഷ നക്ഷത്രം ഉത്രാടവും. സ്ത്രീനക്ഷത്രം മുതല്‍ എണ്ണിയാല്‍ പുരുഷനക്ഷത്രം 27. അതിനെ 5 കൊണ്ട് ഗുണിക്കണം, അപ്പോള്‍ 135 കിട്ടും. പിന്നെ ഏഴ് കൊണ്ട് ഹരിക്കണം. അപ്പോള്‍ 133 എന്ന് ഉത്തരം കിട്ടും. ശിഷ്ടം 2. അങ്ങനെ വ്യയം/ചിലവ് 2 എന്നായി. ഇനി ആയം/വരവ് നോക്കണം. നിയമം അവിടെയും ഇതുപോലെ തന്നെ. പുരുഷന്റെ നക്ഷത്രമായ ഉത്രാടത്തില്‍ നിന്നും സ്ത്രീയുടെ നക്ഷത്രമായ തിരുവോണത്തിന്റെ എണ്ണം 2 ആണല്ലോ? അതിനെ അഞ്ച് കൊണ്ട് പെരുക്കിയാല്‍ ഉത്തരം 10 എന്ന് കിട്ടുന്നു. അതിനെ 7 കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം 3. ഇവിടെ വ്യയം/ചെലവ് 2, ആയം/വരവ് 3. ആയവ്യയപ്പൊരുത്തം സംശയമില്ല, ഉത്തമം തന്നെ!
ഒരുദാഹരണം കൂടി നോക്കാം. സ്ത്രീനക്ഷത്രം രോഹിണി, പുരുഷനക്ഷത്രം ചതയം. രോഹിണി മുതല്‍ ചതയം വരെ എണ്ണിയാല്‍ 21, അതിനെ 5 കൊണ്ട് പെരുക്കിയാല്‍ 105, ഏഴ് കൊണ്ട് ഹരിച്ചാല്‍ 15 തവണ അടങ്ങും. ശിഷ്ടമില്ലെങ്കില്‍ 7 ആയിക്കണക്കാക്കണം എന്നാണല്ലോ നിയമം. അതായത് വ്യയം 7. ഇനി പുരുഷന്റെനക്ഷത്രമായ ചതയം തൊട്ടെണ്ണിയാല്‍ രോഹിണിയുടെ സംഖ്യ 8. അതിനെ 5 കൊണ്ട് പെരുക്കിയാല്‍ 40, ഏഴ് കൊണ്ട് ഹരിച്ചാല്‍ ഉത്തരം 35, ശിഷ്ടം 5. ഇവിടെ വ്യയം 7, ആയം 5 ‘ആയവ്യയം’ എന്ന പൊരുത്തം ഇല്ല. ഇരുവരുടേയും നക്ഷത്രം ഒന്നാകുമ്പോള്‍ ഈ നിയമം അത്ര പ്രബലമാവുകയുമില്ല. ആയവ്യയം എന്ന പൊരുത്തം ഇല്ലാതെ വന്നാല്‍ എന്ത്‌സംഭവിക്കും എന്ന് പ്രമാണഗ്രന്ഥങ്ങളിലില്ല. ചെലവേറിയ ജീവിതമാവും ആയുഷ്‌ക്കാലം മുഴുവന്‍ എന്നൊന്നും വിധിക്കുക വയ്യ! വിവാഹം കഴിഞ്ഞ് ജീവിക്കുന്നവര്‍ ഈ പൊരുത്തമുണ്ടോ എന്ന് നോക്കി തലപുണ്ണാക്കേണ്ടതില്ല. അഥവാ പൊരുത്തമില്ലെങ്കില്‍ ഉടനേ വല്ല പരിഹാരവുമുണ്ടോ എന്ന് ദൈവജ്ഞനെ തേടിയിറങ്ങുകയും വേണ്ട. വിവാഹജീവിതത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് വേണമെങ്കില്‍ പൊരുത്തചിന്തയില്‍ ഇതും ഉള്‍പ്പെടുത്താം. അത്രമാത്രം. ആയവ്യയങ്ങളുടെ കണക്കുപുസ്തകങ്ങള്‍ക്കും അപ്പുറമാണ് ജീവിതം. ആ നിയോഗത്തെ സ്വീകരിച്ചുകൊണ്ട് സന്തോഷപൂര്‍വം മുന്നോട്ട് നയിക്കാന്‍ മനസ്സിനെ പാകപ്പെടുത്തുകയാണ് കാമ്യം. ഇങ്ങനെയുമുണ്ട് ഒരു നിയമം എന്ന് ചൂണ്ടിക്കാട്ടുക മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: