തിരുവനന്തപുരം: ബി.ജെ.പിയില്‍നിന്ന് ആരെങ്കിലും വിട്ടുപോകുന്നുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും ഓരോരുത്തരും അവരവരുടെ കാര്യങ്ങള്‍ പറഞ്ഞാണ് പാര്‍ട്ടിവിടുന്നതെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സംസ്ഥാനത്ത് അധികാരങ്ങള്‍ വീതിച്ച് നല്‍കാനുളള അവസ്ഥയല്ല പാര്‍ട്ടിയിലുളളത്.
ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ പാര്‍ട്ടി വിടുന്നതിനോട് പ്രതികരിക്കുകയായിരുന്നു ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍. സംവിധായകരായ രാമസിംഹന് അബൂബക്കര്‍, രാജസേനന്, നടന് ഭീമന് രഘു എന്നിവര്‍ ബി.ജെ.പി വിട്ടതിനോടാണ് സുരേന്ദ്രന് പ്രതികരിച്ചത്.
രാമസിംഹന് അലി അക്ബര്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ നേരത്തെ തന്നെ രാജിവെച്ചതാണ്. ബി.ജെ.പി. സംസ്ഥാന സമിതിയില്‍ നിന്ന് രാജിവയ്ക്കുന്നതായി ഏഴ് മാസം മുമ്പ് പറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും രാജിവെച്ചതായി മാധ്യമങ്ങളിലൂടെയാണ് മനസിലായത്. ഓരോ വ്യക്തിയും ബി.ജെ.പിയില്‍നിന്ന് പോകുന്നത് നിര്‍ഭാഗ്യകരമാണ്. എന്നാല്‍ മറ്റുപാര്‍ട്ടികളില്‍നിന്നും സംഘടനകളില്‍നിന്നും ദിവസേന ബി.ജെ.പിയിലേക്ക് ആളുകള്‍ എത്തുന്നുണ്ട്.
പാര്‍ട്ടി കലാകാരന്മാര്ക്ക് മുന്തിയ പരിഗണനയാണ് നല്‍കുന്നത്. രാജസേനന് പാര്‍ട്ടിയിലെത്തിയപ്പോള്‍ അദ്ദേഹത്തെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കി. പാര്‍ട്ടിയുടെ എല്ലാ വേദികളിലും മാന്യമായ ഇടം നല്കി. അലി അക്ബറിനോടും ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: