ലക്ഷ്മി നാരായണന്‍
തെരുവ് നായ്‌ക്കളുടെ എണ്ണം ഫലപ്രദമായി നിയന്ത്രിക്കുന്നതിന് കൊന്നൊടുക്കല്‍ ഒരു പരിഹാരമല്ലെന്ന തിരിച്ചറിവിലാണ് 2001 ല്‍ രാജ്യമൊട്ടാകെ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (അആഇ) പദ്ധതി ആവിഷ്‌കരിച്ചത്. വര്‍ഷാവര്‍ഷം ഇതിലേക്ക് ഫണ്ട് വകയിരുത്തിയിട്ടും എബിസി സെന്ററുകള്‍ സ്ഥാപിച്ചിട്ടും 22 വര്‍ഷത്തിനിപ്പുറവും കേരളം തെരുവ് നായ്‌ക്കളെക്കൊണ്ട് വലയുന്നു. പദ്ധതിയുടെ പരാജയത്തോടൊപ്പം തെരുവ് നായയുടെ ആക്രമണം മൂലമുണ്ടായ എല്ലാവിധ അനിഷ്ട സംഭവങ്ങള്‍ക്കും ഉത്തരം പറയേണ്ടത് സര്‍ക്കാര്‍ തന്നെയാണ്.
തെരുവ്നായ്‌ക്കളുടെ എണ്ണം നിയന്ത്രിക്കേണ്ടത് പൊതുജനങ്ങളുടെ സൈ്വര്യവും ആരോഗ്യകരവുമായ ജീവിതത്തിനു അനിവാര്യമായ ഘടകമാണ്.മൃഗങ്ങളുമായി ബന്ധപ്പെട്ട ഒരുകാര്യമായല്ല, സാമൂഹ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന ഘടകമായി വേണം തെരുവ് നായ നിയന്ത്രണത്തെ ഒരു സര്‍ക്കാര്‍ സമീപിക്കേണ്ടത്. 2030 എത്തുമ്പോള്‍ ലോകത്തുനിന്ന് പേവിഷബാധ തുടച്ചു നീക്കും എന്നാണ് ലോകാരോഗ്യ സംഘടന (ണഒഛ) പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ലക്ഷ്യത്തിലേക്കെത്താന്‍ 8 വര്‍ഷം മാത്രം ബാക്കി നില്‍ക്കെ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. സര്‍ക്കാരിന്റെ കൈവശമുള്ള കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഇതുവരെ 95,000 പേരെയാണ് നായ്‌ക്കള്‍ കടിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ കണക്കുകള്‍ കൂടുതലാണ്. ഈ ഒരവസ്ഥ കേരളത്തിലെ ജനങ്ങള്‍ക്കുണ്ടായതില്‍ ഉത്തരം പറയേണ്ടത് സര്‍ക്കാര്‍ തന്നെയാണ്.
രാജ്യമൊട്ടാകെ തെരുവ് നായ്‌ക്കളെ നിയന്ത്രിക്കുന്നതിനുള്ള എബിസി പദ്ധതിക്ക് തുടക്കമിട്ട് 2001 ല്‍ കേന്ദ്രനിയമം നിലവില്‍ വന്നപ്പോള്‍ തുടര്‍വര്‍ഷങ്ങളില്‍ കേരളവും തെരുവ് നായ വന്ധ്യംകരണ പദ്ധതിക്ക് തുടക്കമിട്ടു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കാന്‍ തീരുമാനമായത്. തെരുവ് നായ്‌ക്കളെ ഡോഗ് കാച്ചറുടെ സഹായത്തോടെ പിടിച്ച്, വന്ധ്യംകരിച്ച്, പേ വിഷബാധയ്‌ക്ക് എതിരെയുള്ള വാക്‌സിനെടുത്ത ശേഷം പെണ്‍നായ്‌ക്കളെ 5 ദിവസത്തിന് ശേഷവും ആണ്‍നായ്‌ക്കളെ 3 ദിവസത്തിന് ശേഷവും പിടിച്ചെടുത്ത സ്ഥലത്ത് തന്നെ തിരികെ വിടുക എന്നതായിരുന്നു എബിസി പദ്ധതിയിലൂടെ വിഭാവനം ചെയ്തത്. ഇത്തരത്തില്‍ വന്ധ്യംകരിച്ചു പിടിച്ചെടുത്ത സ്ഥലത്ത് തുറന്നു വിടുന്ന നായ്‌ക്കളില്‍ ആക്രമണ സ്വഭാവം കുറയുന്നതായും അവര്‍ ആ പ്രദേശത്ത് കമ്മ്യൂണിറ്റി ഡോഗ് ആയി ശിഷ്ടകാലം കഴിയുകയും ചെയ്യുന്നു. ഒരു തെരുവ് നായയുടെ ശരാശരി ആയുസ് 7 മുതല്‍ 9 വര്‍ഷം വരെയാണ് എന്നിരിക്കെ നായ്‌ക്കളുടെ വര്‍ദ്ധനവ് കുറയുന്നു.
എന്ത്‌കൊണ്ട് വന്ധ്യംകരണം?
ഒരു നായ ഒറ്റ പ്രസവത്തില്‍ ശരാശരി 6 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നു. വര്‍ഷത്തില്‍ 2 തവണയായി 12 കുഞ്ഞുങ്ങള്‍! ഈ 12 ല്‍ 8 ഓളം പെണ്‍ നായ്‌ക്കള്‍ ജനിക്കുന്നു. അവ ജനിച്ചു 6 മാസം ആകുമ്പോഴേക്കും പ്രായപൂര്‍ത്തിയാകുകയും പ്രസവിക്കുകയും ചെയ്യുന്നു. അങ്ങനെ നോക്കിയാല്‍, 8 നായ്‌ക്കളുടെ ആദ്യപ്രസവത്തില്‍ 48 കുഞ്ഞുങ്ങളുണ്ടാകുന്നു. ഒരു വര്‍ഷത്തിലപ്പോള്‍ 96 കുഞ്ഞുങ്ങള്‍. വന്ധ്യംകരിക്കാത്ത ഒരു തെരുവ് നായ ഒന്നരവര്‍ഷം കൊണ്ട് 96 ല്‍ പരം തെരുവ് നായ്‌ക്കളെ സൃഷ്ടിക്കുന്നു എന്ന് ചുരുക്കം. ഇവിടെ സംഖ്യ 96 ല്‍ നില്‍ക്കുന്നില്ല. ഇത് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ശാസ്ത്രീയമായ രീതിയില്‍ തെരുവ്നായ്‌ക്കളുടെ എണ്ണം ഫലപ്രദമായി നിയന്ത്രിക്കാം എന്നിരിക്കെ അശാസ്ത്രീയമായ കൊന്നൊടുക്കല്‍ അങ്ങേയറ്റം നികൃഷ്ടവും മൃഗാവകാശലംഘനവുമാണ്. അതിനാലാണ് സംസ്ഥാനത്തെ മൃഗാവകാശപ്രവര്‍ത്തകര്‍ എബിസി പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇവിടെയാകട്ടെ, 2001 തുടക്കമിട്ട എബിസി പദ്ധതി ഇപ്പോഴും ശൈശവാവസ്ഥയില്‍ തന്നെയാണ്.
പദ്ധതി പാളിയത് എവിടെ?
ഓരോവര്‍ഷവും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ തങ്ങളുടെ വാര്‍ഷിക ബജറ്റില്‍ ഒരു നിശ്ചിത തുക പ്രദേശത്തെ തെരുവ്‌നായ്‌ക്കളുടെ വന്ധ്യംകരണത്തിനായി നീക്കിവയ്‌ക്കണമെന്നാണ് നിയമം. തെരുവ് നായ്‌ക്കളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തിയശേഷമാണ് ബജറ്റ് വകയിരുത്തേണ്ടത്. എന്നാല്‍ കോഴിക്കോട് കോര്‍പ്പറേഷന്‍, മലപ്പുറം ജില്ലയിലെ ഏതാനും പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ഒഴികെ മറ്റെല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും എബിസി നടത്തിപ്പിനായി തുക വകയിരുത്തുന്നത് ഒരു ചടങ്ങു മാത്രമായി മാറുകയാണ്. തിരുവനന്തപുരം ജില്ലാ കോര്‍പ്പറേഷന്‍ പരിധിയിലുള്ള എബിസി സെന്റര്‍ പോലീസ് കേസിന്റെ ഭാഗമായി പിടിച്ചെടുത്ത വളര്‍ത്തുനായ്‌ക്കളുടെ ബോര്‍ഡിങ്ങായി മാറിയത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇത് പോലെ എത്രയെത്ര എബിസി സെന്ററുകള്‍!
എബിസി പദ്ധതിയുടെ ഗുണം മനസിലാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധികാരികള്‍ക്ക് കഴിഞ്ഞില്ല എന്നതും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൃത്യമായ മോണിറ്ററിംഗ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലം നടത്തിയില്ല എന്നതുമാണ് പദ്ധതി പരാജയപ്പെടാനുള്ള മൂലകാരണം. ഇതോടൊപ്പം കൃത്യമായ പ്ലാനിങ്ങില്ലായ്മ, പരിചയസമ്പന്നരായ വെറ്റിറിനറി ഡോക്ടര്‍മാരുടെയും പാരാവെറ്റുകളുടെ സേവനം ലഭ്യമാക്കാത്തത്, ഡോഗ് കാച്ചര്‍മാരുടെ അഭാവം എന്നിവ സംസ്ഥാനത്ത് എബിസി പദ്ധതിയുടെ പരാജയത്തിനായുള്ള സാങ്കേതിക കാരണങ്ങളായി നമുക്ക് വിലയിരുത്താം. ഒരു എബിസി സെന്ററില്‍ വന്ധ്യംകരണത്തിനായി ഒരു അനസ്‌തേഷ്യ ഡോക്ടര്‍ ഉള്‍പ്പെടെ 3 വെറ്റിറിനറി ഡോക്ടര്‍മാരുടെ സേവനം അനിവാര്യമാണ് എന്നിരിക്കെ മെഡിക്കല്‍ എത്തിക്‌സിന് തീരെ ചേരാത്ത രീതിയില്‍ കുടുംബശ്രീ അംഗങ്ങളെക്കൊണ്ട് നായ്‌ക്കളുടെ വന്ധ്യകരണം നടത്തുന്ന തികച്ചും മ്ലേച്ഛമായ രീതിയാണ് സര്‍ക്കാര്‍ അവലംബിച്ചത്.
ഓരോ ജീവനും വിലപ്പെട്ടതാണ് എന്നിരിക്കെ, സ്ത്രീ ശാക്തീകരണം മുന്‍നിര്‍ത്തി മത്സ്യം മുറിക്കുന്ന ലാഘവത്തോടെ നായ്‌ക്കളുടെ ഗര്‍ഭപാത്രം എടുത്തു മാറ്റുന്നതിന് അവസരം നല്‍കിയ ഒരേയൊരു സംസ്ഥാനം കേരളമാണ്. മെഡിക്കല്‍ രംഗത്ത് വൈദഗ്ധ്യം ഇല്ലാത്തവരുടെ വന്ധ്യകരണത്തിനു ഇരയായി മുറിവ് ഉണങ്ങാതെ, ആന്തരാവയവങ്ങള്‍ പുറത്ത് വന്ന് നരകിച്ചു ചത്ത നായ്‌ക്കളുടെ എണ്ണം അനേകമാണ്. കാര്യങ്ങള്‍ കൈവിട്ടുപോകുന്ന ഈ അവസ്ഥയിലാണ് ഇത്തരം വന്ധ്യകരണ നടപടികളെ മൃഗാവകാശ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തത്. സംസ്ഥാനത്ത് എബിസി വഴി വന്ധ്യംകരണം നടത്തി അതിനുള്ള അടയാളമായി ചെവി ഢ അടയാളത്തില്‍ മുറിച്ച നായ്‌ക്കള്‍ പ്രസവിക്കുന്നു എന്നത് പദ്ധതിയുടെ പരാജയത്തോടൊപ്പം നാണക്കേട് ഉണ്ടാക്കുന്ന സംഭവമാണ്.
തെരുവ്നായ ആക്രമണം നടക്കുമ്പോഴോ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമ്പോഴോ മാത്രം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും നായ്‌ക്കളെ പിടിച്ച് അടിയന്തര വന്ധ്യകരണം നടത്തുകയും ചെയ്യുന്ന രീതിയാണ് ഇപ്പോള്‍ നടക്കുന്നത്.
കണ്ണൂരില്‍ നിഹാല്‍ എന്ന പത്ത് വയസുകാരന്‍ തെരുവ് നായയുടെ ആക്രമണത്തില്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് നടക്കുന്നതും അത് തന്നെ. പെട്ടന്ന് ഫലം കാണുന്ന ഒന്നല്ല എബിസി പദ്ധതി എന്ന് ആദ്യം മനസിലാക്കുക. കൃത്യമായി നടപ്പിലാക്കിയാല്‍ രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് പൂര്‍ണമായും പരിഹരിക്കാന്‍ കഴിയുന്ന ഒന്നാണ് തെരുവ്‌നായ്‌ക്കളുടെ വര്‍ദ്ധനവ്. എന്നാല്‍ അനിഷ്ടസംഭവങ്ങളുണ്ടാകുമ്പോള്‍ കുറച്ചു നായ്‌ക്കളെ പിടിച്ചു വന്ധ്യംകരിച്ച് പിടിച്ചിടത്ത് വിടാതെ എവിടെയെങ്കിലും ഇറക്കി വിടുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകുന്നു. ടെറിട്ടോറിയല്‍ സ്വഭാവമുള്ള നായ്‌ക്കള്‍ പുതിയ പ്രദേശത്തെ നായ്‌ക്കളുമായി ചേര്‍ന്ന് പോകാതെ ആക്രമണ സ്വഭാവം കാണിക്കുന്നു. 2019 നു ശേഷം എബിസി പദ്ധതി നടപ്പിലാക്കിയതിന്റെ രേഖകള്‍ സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ ഇല്ല എന്നത് തന്നെ പദ്ധതി നടത്തിപ്പിന്റെ അലംഭാവം വിളിച്ചോതുന്നു.
ആര്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍? എന്തിന് വേണ്ടിയാണ് പദ്ധതികള്‍?
കുടുംബാസൂത്രണം പോലെ, ദീര്‍ഘകാല അടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ട എബിസി പദ്ധതിയോട് മൃഗസംരക്ഷണ സംഘടനകള്‍ക്ക് എല്ലാം പൂര്‍ണ യോജിപ്പാണ്. എന്നാല്‍ പദ്ധതിയോട് സഹകരിക്കാത്തത് സര്‍ക്കാര്‍ തന്നെയാണ്. തെരുവ്‌നായ്‌ക്കളുടെ വര്‍ധനവ് കൂട്ടക്കുരുതിയിലൂടെ ഇല്ലാതാക്കാന്‍ കഴിയില്ല എന്ന് 2000 വരെയുള്ള കാലഘട്ടത്തില്‍ തെളിഞ്ഞതാണ്. ഒരു നായക്ക് 2200 രൂപ എന്ന നിലയില്‍ വകയിരുത്തിയ ഫണ്ട് ആരുടെയൊക്കെ പോക്കറ്റിലേക്കാണ് പോയത് എന്ന ചോദ്യത്തിനും പൊതുജനങ്ങളുടെ ആരോഗ്യത്തിനും സര്‍ക്കാര്‍ തന്നെയാണ് ഉത്തരം പറയേണ്ടത്. എബിസി പദ്ധതി വളരെ വിജയകരമായി നടപ്പിലാക്കിയ ചരിത്രം കേരളത്തില്‍ ദയ പോലുള്ള അനിമല്‍ വെല്‍ഫെയര്‍ സംഘടനകള്‍ക്ക് ഉള്ളപ്പോള്‍ എന്ത് കൊണ്ട് അത്തരം സംഘടകളെ പദ്ധതിയുടെ നടത്തിപ്പ് ഏല്പിച്ചു സര്‍ക്കാര്‍ കൃത്യമായി വിലയിരുത്തുന്നില്ല?
വളര്‍ത്തു നായ്‌ക്കള്‍ക്ക് ലൈസന്‍സും ചിപ്പും
തെരുവ്‌നായ്‌ക്കളുടെ സ്വാഭാവിക വര്‍ദ്ധനവ് പോലെ പ്രശ്‌നം സൃഷ്ടിക്കുന്ന ഒന്നാണ് ബ്രീഡ് വളര്‍ത്തുനായ്‌ക്കളെ പൂതി തീരുമ്പോള്‍ തെരുവിലേക്ക് ഇറക്കിവിടുന്ന പ്രവണത. സ്വയം ഭക്ഷണം തേടി കണ്ടെത്താന്‍ കഴിവില്ലാത്ത ഈ നായ്‌ക്കള്‍ ഒറ്റപ്പെടലിന്റെ അരക്ഷിതവസ്ഥയില്‍ അക്രമസ്‌കതരാകുന്നത് സ്വാഭാവികം. ഇത് തടയുന്നത്തിനായി ലൈസന്‍സ് സംവിധാനം, ചിപ്പ് പിടിപ്പിക്കല്‍ എന്നീ ആവശ്യങ്ങള്‍ മൃഗാവകാശ പ്രവര്‍ത്തകര്‍ മുന്നോട്ട് വച്ചു. സര്‍ക്കാര്‍ ആര്‍ക്കോ വേണ്ടി എന്ന പോലെ ലൈസന്‍സ് സംവിധാനം ഏര്‍പ്പെടുത്തി. കേരളത്തിലെ പല തദ്ദേശഭരണസ്ഥാപനങ്ങളിലും വളര്‍ത്തുനായ്‌ക്കള്‍ക്കുള്ള ലൈസന്‍സ് എന്നത് ലൈസന്‍സ് ഫീസ് അടച്ച രസീത് മാത്രമാണ്. നായ്‌ക്കളുടെ പേരോ, ബ്രീഡോ, വയസ്സായോ , ലിംഗമോ , തിരിച്ചറിയാനുള്ള അടയാളമോ ഒന്നും ഇതില്‍ രേഖപ്പെടുത്തുന്നില്ല. ഇത്തരത്തില്‍ ടോയ്ലറ്റ് ടിഷ്യുവിന്റെ പോലും വിലയില്ലാത്ത പെറ്റ് ലൈസന്‍സ് കയ്യില്‍ മുറുക്കി പിടിച്ചുകൊണ്ട് തന്നെ പലരും വളര്‍ത്തുനയ്‌ക്കളെ തെരുവില്‍ ഉപേക്ഷിച്ചു.
എന്തിനാണ് ഇവിടെ സര്‍ക്കാര്‍? ആര്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍? എന്തിന് വേണ്ടിയാണ് സര്‍ക്കാര്‍ പദ്ധതികള്‍? മനുഷ്യര്‍ ആക്രമിക്കപ്പെടുമ്പോള്‍ മാത്രം ഓടിപ്പോയി നായ്‌ക്കളെ വന്ധ്യംകരിക്കുന്ന ഈ ഏര്‍പ്പാട് ആരുടെ കണ്ണില്‍ പൊടിയിടാന്‍ ആണ്? എന്നോ പരിഹരിക്കപ്പെടുമായിരുന്ന തെരുവ് നായ പ്രശ്‌നം ഇത്ര വഷളാക്കിയത് മാറി മാറി വന്ന സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനം തന്നെയാണ്. മൃഗസേവനം എന്നാല്‍ സമൂഹസേവനം കൂടിയാണ്, മനുഷ്യസേവനമാണ് എന്ന് സമൂഹവും മനസ്സിലാക്കണം. നായ്‌ക്കളെ വന്ധ്യംകരണം നടത്തി ജീവിക്കാന്‍ ഉള്ള അവയുടെ അവകാശം നിലനിര്‍ത്തിക്കൊണ്ട് സമൂഹത്തിന് തന്നെയാണ് തെരുവ് നായ ഭീതിയില്‍ നിന്നും സംരക്ഷണം നല്‍കുന്നത് എന്ന് മനസിലാക്കുക.
(മാധ്യമ-മൃഗാവകാശ പ്രവര്‍ത്തകയാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: