റോട്ടര്‍ഡാം: ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ യുവേഫ നേഷന്‍സ് ലീഗ് ആദ്യ സെമികടന്ന് ക്രൊയേഷ്യ. ആതിതേയരായ നെതര്‍ലന്‍ഡ്‌സിന്റെ കരുത്തന്‍ വെല്ലുവിളിയെ മറകടന്നാണ് ടീം കലാശപ്പോരിന് യോഗ്യരായത്. ഓറഞ്ച് പട നേടിയ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ക്രോട്ട് വിജയം.
ക്രൊയേഷ്യയുടെ സുവര്‍ണതലമുറയുടെ പ്രധാന താരം ലൂക്കാ മോഡ്രിച്ചിനാണ് ജയത്തിന്റെ എല്ലാ ക്രെഡിറ്റും. മദ്ധ്യനിരയിലെ നല്ലനീക്കങ്ങള്‍ മുതല്‍ 116-ാം മിനിറ്റില്‍ പിഴയ്‌ക്കാതെ തൊടുത്ത പെനല്‍റ്റിയില്‍ വരെ ആ കളിമികവ് വിജയത്തിന്റെ അടയാളമാകുന്നു.
ഒപ്പത്തിനൊപ്പം നിന്ന പോരാട്ടത്തിന്റെ ആദ്യപകുതി ഡച്ച്പട പിടിച്ചെടുത്തു. 34-ാം മിനിറ്റില്‍ ഡോനിയെല്‍ മാലെന്‍ ഗോള്‍ നേടി.
രണ്ടാം പകുതിയിലും കളി ഒപ്പത്തിനൊപ്പം നീങ്ങവെ മോഡ്രിച് ഗോള്‍ നേടുമെന്ന അവസരം വന്നെത്തിയപ്പോള്‍ ഡച്ച് ബോക്‌സിനകത്ത് വിദഗ്ധമായൊരു ഫൗളിന് ഇരയായി. സ്‌പോട്ട് കിക്കെടുത്ത ക്രമറിച്ച് പന്ത് പിഴവ് കൂടാതെ വലയിലെത്തിച്ചു. 72-ാം മിനിറ്റില്‍ മരിയോ പാസാലിച്ചിന്റെ ഗോളില്‍ ആദ്യപകുതിയില്‍ പിന്നിലായിരുന്ന ക്രൊയേഷ്യ മുന്നിലെത്തി. റെഗുലര്‍ ടൈമില്‍ ക്രൊട്ടുകള്‍ ജയിക്കുമെന്ന് ഏറെക്കുറേ ഉറപ്പായ അവസരത്തില്‍ നോവാ ലാങ് 90+6 മിനിറ്റില്‍ നെതര്‍ലന്‍ഡ്‌സിനെ ഒപ്പമെത്തിച്ചു.
കളി എക്‌സ്ട്രാ ടൈമിലേക്ക്. 98-ാം മിനിറ്റില്‍ ബ്രൂണോ പെറ്റ്‌കോവിച്ചിന്റെ കരുത്തന്‍ ഷോട്ടില്‍ പന്ത് ഡച്ച് വല ഭേദിച്ചു. വീണ്ടും ക്രൊയേഷ്യ മുന്നില്‍. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ ക്രൊയേഷ്യയ്‌ക്ക് അനുകൂലമായ പെനല്‍റ്റി. കിക്കെടുത്തത് നായകന്‍ ലൂക്കാ. ഗോള്‍. ക്രൊയേഷ്യ ഫൈനല്‍ ഉറപ്പാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: