ഹവാന: ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കനാലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. കേരളത്തിന് ക്യൂബയോടുള്ള ആഴത്തിലുള്ള മമതയും വിപ്ലവനായകന്മാരായ ഫിഡല്‍ കാസ്‌ട്രോയോടും ചെ ഗുവേരയോടുമുള്ള ആരാധനയും അദ്ദേഹം ക്യൂബന്‍ പ്രസിഡന്റിനെ അറിയിച്ചു
കായികം, ആരോഗ്യം, ബയോടെക്‌നോളജി തുടങ്ങിയ വിവിധ മേഖലകളില്‍ കേരളവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് മിഗ്വേല്‍ ഡിയാസ് കനാല്‍ പറഞ്ഞു.
സാമൂഹ്യ പുരോഗതിയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ മാതൃകാപരമാണ്. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെ സര്‍വകലാശാലകള്‍ തമ്മിലുള്ള സാങ്കേതിക ആശയവിനിമയവും സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പരിപാടികളും ഉള്‍പ്പെടെ കേരളവുമായി സഹകരിക്കാന്‍ പറ്റുന്ന മേഖലകളെ സംബന്ധിച്ച് ക്യൂബന്‍ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യുമെന്നും പ്രസിഡന്റ് പറഞ്ഞു.
ഇന്ത്യ സന്ദര്‍ശിക്കുന്ന അടുത്ത അവസരത്തില്‍ കേരളം സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം തവണയും ക്യൂബയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മിഗ്വേല്‍ ഡിയാസ് കനാലിന് മുഖ്യമന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു. കേരളത്തിന് ക്യൂബയോടുള്ള ആഴത്തിലുള്ള മമതയും വിപ്ലവനായകന്മാരായ ഫിഡല്‍ കാസ്‌ട്രോയോടും ചെ ഗുവേരയോടുമുള്ള ആരാധനയും അദ്ദേഹം ക്യൂബന്‍ പ്രസിഡന്റിനെ അറിയിച്ചു. 1994 ല്‍ അന്താരാഷ്‌ട്ര ക്യൂബന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിനായി ഹവാന സന്ദര്‍ശിച്ച കാര്യവും മുഖ്യമന്ത്രി ഓര്‍ത്തെടുത്തു.
വ്യാപാരം, വിദ്യാഭ്യാസം, കായികം, ആരോഗ്യസേവനം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും സഹകരണത്തിന് സാധ്യതയുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കായിക രംഗത്തെയും പൊതുജനാരോഗ്യ രംഗത്തെയും സഹകരണമാണ് കേരളം പ്രാഥമികമായി ലക്ഷ്യം വെക്കുന്നത്.
പൊതുജനാരോഗ്യ രംഗത്തും, വൈദ്യശാസ്ത്ര ഗവേഷണ രംഗത്തും ക്യൂബ കൈവരിച്ച നേട്ടങ്ങള്‍ ലോകമെങ്ങും അംഗീകരിക്കപ്പെട്ടതാണ്. ബയോ ടെക്‌നോളജി, ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തും വലിയ പുരോഗതി ക്യൂബ നേടിയിട്ടുണ്ട്. ഈ മേഖലകളില്‍ കേരളവുമായി സഹകരണത്തിനുള്ള സാധ്യതകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു. ആരോഗ്യ വിദഗ്ധര്‍ക്കുള്ള പരിശീലന പരിപാടികള്‍, ഗവേഷണ പരിപാടികള്‍ തുടങ്ങി ക്യൂബയുമായി ആരോഗ്യ മേഖലയിലെ സഹകരണത്തിനുള്ള സാധ്യതകള്‍ ധാരാളമാണ്.
കായിക രംഗത്തെ സഹകരണമാണ് കൂടിക്കാഴ്ചയിലുയര്‍ന്ന മറ്റൊരു വിഷയം. വോളീബോള്‍, ജൂഡോ, ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മേഖലകളില്‍ ക്യൂബയുണ്ടാക്കിയ അന്താരാഷ്‌ട്ര നേട്ടങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. കേരളത്തിന്റെ കായിക രംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കാന്‍ ഈ മേഖലകളിലെ സഹകരണം സഹായിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തിന്റെ വ്യാപാര രംഗത്തും വിദ്യാഭ്യാസ മേഖലയിലും വലിയ മുന്നേറ്റങ്ങളുണ്ടാക്കാനാവശ്യമായ സഹകരണസാധ്യതകളും ചര്‍ച്ചയിലുയര്‍ന്നു. ഇതുവഴി സമഗ്രവും ഊഷ്മളവും ക്രിയാത്മകവുമായ ഒരു ബന്ധം വളര്‍ത്തിയെടുക്കാനാണ് കേരളം ശ്രമിക്കുന്നതെന്ന് പ്രതിനിധി സംഘത്തിലെ അംഗങ്ങള്‍ അറിയിക്കുകയുണ്ടായി. ഇതിനായി എല്ലാവിധ സഹകരണവും ക്യൂബന്‍ പ്രസിഡന്റ് ഉറപ്പുനല്‍കി.
മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, വീണ ജോര്‍ജ് , ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍, ജോണ്‍ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി.പി ജോയ്, സംസ്ഥാന സര്‍ക്കാരിന്റെ ന്യൂഡല്‍ഹിയിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി. എം മുഹമ്മദ് ഹനീഷ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: