തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ നടന്ന യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍ തെരഞ്ഞെടുപ്പ് ആള്‍മാറാട്ട കേസില്‍ ഒന്നാം പ്രതി കോളജ് പ്രിന്‍സിപ്പാള്‍ ജി.ജെ. ഷൈജുവിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. അറസ്റ്റ് വിലക്കിയുള്ള ഇടക്കാല ഉത്തരവും കോടതി നീക്കം ചെയ്തു. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി പ്രസുന്‍ മോഹന്റേതാണ് ഉത്തരവ്. ഗൗരവമേറിയ കുറ്റകൃത്യത്തിലുള്‍പ്പെട്ട പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ ശിക്ഷ ഭയന്ന് ഒളിവില്‍ പോകാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനുമുള്ള സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് പ്രതിക്ക് കോടതി ജാമ്യം നിരസിച്ചത്.
വിദ്യാര്‍ഥികള്‍ക്ക് മാതൃകയാകേണ്ട ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജ് പ്രിന്‍സിപ്പാളാണ് ഇത്തരം വൈറ്റ്കോളര്‍ കുറ്റകൃത്യം ചെയ്തതായി പ്രഥമദൃഷ്ട്യാ കേസ് റെക്കോര്‍ഡുകളില്‍ കാണുന്നത്. പിശകായി സംഭവിച്ചതല്ലെന്നും ബോധപൂര്‍വ്വം ചെയ്തതായും അനുമാനിക്കാന്‍ കാരണമുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം നല്കിയാല് സമൂഹത്തിന് അത് തെറ്റായ സന്ദേശം നല്‍കുമെന്നും ജാമ്യം നിരസിച്ച ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.
വിജയിച്ച അനഘ രാജിക്കത്ത് കൊടുത്താല്‍ പോലും റിട്ടേണിങ് ഓഫീസര്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. രാജിക്കത്ത് രജിസ്ട്രാര്‍ക്കാണ് നല്‍കേണ്ടത്. അതില്‍ തീരുമാനമെടുക്കേണ്ടത് രജിസ്ട്രാര്‍ മാത്രമാണെന്നും പ്രിന്‍സിപ്പാളിന് അത്തരം കാര്യങ്ങളില്‍ യാതൊരു അധികാര പരിധിയില്ലെന്നും കോടതി ഉത്തരവില്‍ നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: