ചെന്നൈ : ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ മന്ത്രി സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ എടുത്തുമാറ്റി. വൈദ്യുതി, പൊഹിബിഷന്‍ ആന്‍ഡി എക്‌സൈസ് എന്നീ വകുപ്പുകളാണ് ബാലാജിക്കുണ്ടായിരുന്നത്.
ഇതില്‍ വൈദ്യുതി വകുപ്പ് ധനമന്ത്രി തങ്കം തെന്നരസുവിനും പ്രൊഹിബിഷന്‍ ആന്‍ഡ് എക്‌സൈസ് വകുപ്പ് ഭവന മന്ത്രി മുത്തുസ്വാമിക്കുമാണ് കൈമാറിയത്. എന്നാല്‍ നിലവില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചിട്ടില്ല. വകുപ്പില്ലാ മന്ത്രിയായി നിലനിര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ബാലാജിക്ക് നെഞ്ചുവേദനയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിശോധനയില്‍ രണ്ട് ബ്ലോക്കുണ്ടെന്നും അതിനാല്‍ എത്രയും പെട്ടന്ന് ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കണമെന്നുമാണ് സര്‍ക്കാര്‍ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്. എന്നാല്‍ ഇഡി ഈ റിപ്പോര്‍ട്ടിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.
ബാലാജിക്കെതിരെ ബിനാമി സ്വത്തിന് തെളിവുണ്ടെന്ന് ഇഡിയുടെ കസ്റ്റഡി അപേക്ഷയില്‍ പറയുന്നുണ്ട്. 25 കോടി വിലയുള്ള ഭൂമി ബന്ധുവിന്റെ പേരില്‍ സ്വന്തമാക്കിയെന്നും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദാനത്തിന് തെളിവുണ്ടെന്നുമാണ് ഇഡി അവകാശപ്പെടുന്നത് . 3.75 ഏക്കര്‍ ഭൂമിയുടെ ബിനാമി ഇടപാടാണ് നടന്നത് എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ബാലാജിയുടെ ജാമ്യാപേക്ഷ ചെന്നൈ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്.
അതിനിടെ ബാലാജിയുടെ അറസ്റ്റില്‍ ബിജെപിക്കെതിരെ തമിഴ്‌നാ്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വീഡിയോ പുറത്തുവിട്ടു. തങ്ങള്‍ തിരിച്ചടിച്ചാല്‍ ബിജെപിക്ക് താങ്ങാനാകില്ല. ഇത് ഭീഷണിയല്ല, മുന്നറിയിപ്പാണെന്നായിരുന്നു സ്റ്റാലിന്റെ പ്രസ്താവന. ബാലാജിയോട് ഇഡി പെരുമാറിയത് മോശമായിട്ടാണെന്ന് ആരോപണം ഉയര്‍ന്നതോടെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം മന്ത്രിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: