ന്യൂദല്‍ഹി: ഇന്ത്യയുടെ ഏറ്റവും വലിയ ചാന്ദ്ര ദൗത്യം ചന്ദ്രയാന്‍ -3 ജൂലൈയില്‍ വിക്ഷേപിക്കും. മാസത്തിന്റെ രണ്ടാം പകുതിയിലാകും വിക്ഷേപണത്തിനുളള സാധ്യത. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ ജിതേന്ദ്ര സിംഗ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കാര്യങ്ങള്‍ ആസൂത്രണം ചെയ്തതുപോലെ നടന്നാല്‍, ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ബഹിരാകാശ പേടകത്തെ ഇറക്കുന്നതിനുള്ള നിര്‍ണായക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ചന്ദ്രയാന്‍ -3 ദൗത്യം ജൂലൈയില്‍ നടക്കുമെന്ന് മന്ത്രി അറിയിച്ചു.
ബഹിരാകാശ പേടകം അതിന്റെ വിക്ഷേപണ വേളയിലും തുടര്‍ന്നുള്ള യാത്രയിലും അഭിമുഖീകരിക്കുന്ന കഠിനമായ അന്തരീക്ഷത്തെ ചെറുക്കാനുള്ള കഴിവ് സംബന്ധിച്ച പരീക്ഷണങ്ങള്‍ ചന്ദ്രയാന്‍ -3 വിജയകരമായി പൂര്‍ത്തിയാക്കിയതായി മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ചന്ദ്രയാന്‍ -1 ചന്ദ്രോപരിതലത്തിലെ ജലത്തിന്റെ സാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞതിലൂടെ രാജ്യത്തിന് ലോക വേദിയില്‍ അഭിമാനത്തിന്റെയും മേല്‍ക്കോയ്മയുടെയും സ്ഥാനം നേടിക്കൊടുത്തതായി മന്ത്രി പറഞ്ഞു. യുഎസ്എയുടെ നാസ പോലുള്ള ലോകത്തിലെ പ്രമുഖ ബഹിരാകാശ ഏജന്‍സികള്‍ ഈ വിവരം വളരെ പ്രാധാന്യത്തോടെയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചന്ദ്രയാന്‍-2-ന്റെ തുടര്‍ ദൗത്യമാണ് ചന്ദ്രയാന്‍-3. ചന്ദ്രയാനിലെ ലാന്‍ഡറിലെയും റോവറിലെയും ഉപകരണങ്ങള്‍ ചന്ദ്രന്റെ പരിസ്ഥിതിയും കാലാവസ്ഥ ഉള്‍പ്പെടെ വിവിധ വശങ്ങള്‍ പഠിക്കാനും പ്രാപ്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: