ഇടുക്കി : ഇടുക്കി ജില്ലക്കാര്‍ക്ക് സഹായകമാകുന്ന ബോഡിനായ്‌ക്കന്നൂരില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ ഇന്ന് പുറപ്പെടും. കേന്ദ്രമന്ത്രി ഡോ. എല്‍. മുരുകന്‍ രാത്രി 8.30ന് ഫ്‌ളാഗ് ഓഫ് ചെയ്യും. ട്രെയിന്‍ നമ്പര്‍ 20602 മധുര- എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ എക്സ്പ്രസാണ് സര്‍വീസ് നടത്തുന്നത്.
മധുര- തേനി- ബോഡിനായ്‌ക്കന്നൂര്‍ റൂട്ടില്‍ ബ്രോഡ്ഗേജ് ആക്കിയതോടെയാണ് ഇവിടെ റെയില്‍വേ സ്റ്റേഷന്‍ അനുവദിച്ചത്. മധുരയില്‍ നിന്നും രാവിലെ 8.20ന് ആരംഭിക്കുന്ന സര്‍വീസ് 10.30ന് ബോഡിനായ്‌ക്കന്നൂരില്‍ എത്തും. തുടര്‍ന്ന് വൈകിട്ട് 5.50ന് ബോഡിനായ്‌ക്കന്നൂരില്‍ നിന്നും പുറപ്പെടുന്ന സര്‍വീസ് രാത്രി 7.50ന് മധുരയില്‍ എത്തും.
ബോഡിനായ്‌ക്കന്നൂരില്‍ നിന്ന് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത് ഇടുക്കി ജില്ലക്കാര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ്. ഇടുക്കിയുടെ അതിര്‍ത്തി മേഖലയായ ബോഡിമേട്ടില്‍ നിന്നും 27 കിലോമീറ്രആണ് ബോഡിനായ്‌ക്കന്നൂരിലേക്കുള്ളത്. എല്ലാദിവസവും മധുര- ബോഡിനായ്‌ക്കന്നൂര്‍ റൂട്ടില്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് നടത്തും.
ഇടുക്കി ജില്ലയിലെ പൂപ്പാറയില്‍നിന്ന് 35 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബോഡിനായ്‌ക്കനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്താം. മറയൂരില്‍നിന്ന് 47 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഉദുമലൈപ്പേട്ട റെയില്‍വേ സ്റ്റേഷനിലെത്താം. കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്‌ക്കും ഏറെ ഗുണം ചെയ്യുന്നതാണ് മധുര ബോഡിനായ്‌ക്കന്നൂര്‍ ട്രെയിന്‍ സര്‍വീസ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കുമാണ് ഇത് ഏറെ ഗുണം ചെയ്യുന്നത്.
കൂടാതെ ഇടുക്കി ജില്ലയില്‍ നിന്നും മധുര, വേളാങ്കണ്ണി, രാമേശ്വരം, പഴനി, തിരുപ്പതി എന്നീ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് ഇടുക്കി ജില്ലക്കാര്‍ക്കും ഇനിമുതല്‍ എളുപ്പത്തില്‍ പോകാം. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ചെന്നൈയില്‍നിന്ന് ബോഡിനായ്‌ക്കന്നൂരിലേക്കും ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ ബോഡിനായ്‌ക്കനൂരില്‍നിന്ന് ചെന്നൈയിലേക്കും സര്‍വീസ് നടത്തും. ഉസിലംപെട്ടി, ആണ്ടിപ്പട്ടി, തേനി ഇന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: