ദീപ്തി എം. ദാസ്
കൊച്ചി: അപകടത്തില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ യുവാവിനു ചികിത്സ നിഷേധിച്ച്, മസ്തിഷ്ക മരണമെന്നു വരുത്തിത്തീര്‍ത്ത് അവയവക്കൊള്ള നടത്തിയെന്നാരോപിച്ച് എടുത്ത കേസില്‍, എറണാകുളം ലേക്ഷോര് ആശുപത്രിക്കും അന്നത്തെ ഡോക്ടര്‍മാരായ ഡോ. ഫിലിപ്പ് അഗസ്റ്റിന്, ഡോ. എസ്. മഹേഷ്, ഡോ. ജോര്‍ജ് ജേക്കബ് ഈരാളി, ഡോ. സായി സുദര്ശന്, ഡോ. തോമസ് തച്ചില്‍, ഡോ. മുരളീകൃഷ്ണ മേനോന്, ഡോ. സുജിത് വാസുദേവന്‍ എന്നിവര്‍ക്കും കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ ഡോ. സജീവ് എസ്. വടക്കേടനും കോടതി സമന്‍സ് അയച്ചു.
സംഭവത്തില്‍ ദൂരൂഹത ആരോപിച്ച് കൊല്ലം സ്വദേശിയായ ഡോ. ഗണപതി നല്കിയ പരാതിയിലാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എല്‍ദോസ് മാത്യു അന്വേഷണത്തിന് ഉത്തരവിട്ടത്. 2009 നവംബര്‍ 29നാണ് ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി വി.ജെ. എബിനെ ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിറ്റേ ദിവസം വിദഗ്ധ ചികിത്സയ്ക്കായി ലേക്ഷോര് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ മസ്തിഷ്ക മരണം സംഭവിച്ചെന്ന് എബിന്റെ അമ്മയെ തെറ്റിദ്ധരിപ്പിച്ച് ഡോക്ടര്‍മാര്‍ അവയവക്കൊള്ള നടത്തുകയായിരുന്നെന്നാണ് കേസ്.
യുവാവിനെ എത്തിച്ച രണ്ട് ആശുപത്രികളും രക്തം തലയില്‍ കട്ട പിടിച്ചാല്‍ തലയോട്ടിയില്‍ സുഷിരമുണ്ടാക്കി അതു നീക്കാനുള്ള പ്രാഥമിക ചികിത്സ മനഃപൂര്‍വം നിഷേധിച്ചെന്നാണ് ഡോക്ടര്‍ കൂടിയായ പരാതിക്കാരന് കോടതിയെ അറിയിച്ചത്. അമ്മയെ തെറ്റിദ്ധരിപ്പിച്ചു നടത്തിയ അവയവ ദാനത്തില്‍ നടപടിക്രമങ്ങളൊന്നും പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. രക്തം കട്ട പിടിക്കാതിരിക്കാനുള്ള ചികിത്സ രണ്ട് ആശുപത്രികളും നല്‍കിയതായി രേഖകളിലില്ലെന്ന് കോടതി കണ്ടെത്തി. ഇതു കൂടാതെ വിദേശിക്ക് എബിന്റെ അവയവം നല്കിയ നടപടിക്രമങ്ങളില്‍ അപാകമുണ്ടെന്നും കോടതി വിലയിരുത്തി.
മഞ്ചേരി, തിരുവനന്തപുരം മെഡി. കോളജുകളിലെ വിദഗ്ധ ഡോക്ടര്‍മാരെയടക്കം വിസ്തരിച്ച ശേഷമാണ് കോടതി പ്രഥമ ദൃഷ്ട്യാ ആരോപണത്തില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയതും എതിര്‍കക്ഷികള്‍ക്ക് സമന്‍സ് അയയ്ക്കാന്‍ ഉത്തരവിട്ടതും. അവയവ ദാനത്തിനായി തൊറാസിക് ചേംബര്‍ തുറന്നതായും മരണം സംഭവിക്കുന്നതിനു മുമ്പുതന്നെ ട്രാന്സ്പ്ലാന്റേഷന് ടീമിലെ ഡോക്ടര്‍മാര്‍ കരളിന്റെ പ്രവര്‍ത്തനം വിലയിരുത്തിയതായും കോടതി കണ്ടെത്തി.
മലേഷ്യന്‍ എംബസിയില്‍ നല്കിയ സര്‍ട്ടിഫിക്കറ്റില്‍ വിദേശ പൗരന്റെ ഭാര്യയെയാണ് ദാതാവായി കാണിച്ചിരിക്കുന്നത്. എന്നാല്‍ അപകടത്തില്‍പ്പെട്ട യുവാവിന്റെ കരളാണ് ദാനം ചെയ്തിരിക്കുന്നത്. എന്തുകൊണ്ടാണ് ഈ സത്യം മറച്ചുവച്ചതെന്നു ചോദിച്ച കോടതി ഇത് അങ്ങേയറ്റം സംശയാസ്പദമാണെന്നും നിരീക്ഷിച്ചു. 1994ലെ അവയവ മാറ്റിവയ്ക്കല്‍ നിയമത്തിലെ 18, 20, 21 വകുപ്പുകള്‍ പ്രകാരമാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: