മലപ്പുറം: പട്ടികജാതി പീഡനങ്ങളും കൊലപാതകങ്ങളും പെരുകുമ്പോള്‍ സര്‍ക്കാര്‍ അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയും അവരെ രക്ഷപ്പെടുത്തുവാന്‍ ബോധപൂര്‍വമായ ശ്രമം നടത്തുകയുമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു. പട്ടികജാതി-പട്ടികവര്‍ഗ്ഗ സമൂഹത്തിനെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ മലപ്പുറം കളക്ടറേറ്റിന് മുമ്പില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ സംഘടന നേതാക്കളും സാമൂഹ്യനീതി കര്‍മ്മസമിതിയും നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് മലപ്പുറം കീഴിശ്ശേരിയില്‍ നടന്ന രാകേഷ് മാഞ്ചിയുടെ കൊലപാതകവും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മേപ്പാടി സ്വദേശി വിശ്വനാഥന്റെ ആത്മഹത്യയും വിരല്‍ചൂണ്ടുന്നത് സംസ്ഥാന സര്‍ക്കാരിന് നേരെയാണ്. പ്രതികളെ സംരക്ഷിക്കുക മാത്രമല്ല മതിയായ നഷ്ടപരിഹാരം നല്കാന് പോലും തയാറാകാത്ത ഹിന്ദു വിരുദ്ധ സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാര്‍. പട്ടികജാതി-പട്ടിക വര്‍ഗ്ഗ പീഡനങ്ങളും കൊലപാതകങ്ങളും തുടര്‍ക്കഥയായിട്ടും സംവരണ സീറ്റില്‍ ജയിച്ചു കയറിയ എംഎല്‍എമാര്‍ ഈ സമൂഹത്തിന് വേണ്ടി ഒരക്ഷരം പറയാന്‍ തയാറാകാത്തത് പട്ടികജാതി സമൂഹത്തോടുള്ള അവഹേളനമാണ്.
അട്ടപ്പാടി മധുവിന്റെയും വാളയാറിലെ പിഞ്ചുകുട്ടികളുടെ ബലാത്സംഗ കേസും അട്ടിമറിക്കാന്‍ കൂട്ടുനിന്ന പിണറായി സര്‍ക്കാര്‍ രാകേഷ് മാഞ്ചി കൊലപാതകക്കേസും ദുര്‍ബലപ്പെടുത്തി പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാരിന്റെ പട്ടിക ജാതി ഹിന്ദു വിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായ സമര പരിപാടിയുമായി മുന്നോട്ടു പോകുമെന്നും ഇ.എസ്. ബിജു പറഞ്ഞു. കെപിഎംഎസ് ജില്ലാ പ്രസിഡന്റ് കൃഷ്ണന് മഞ്ചേരി അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: