സൂറത്ത്: ഭാര്യയെയും ഇളയമകളെയും കൊലപ്പെടുത്തിയ കേസില്‍ 53 കാരനായ വ്യവസായി ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയില്‍ പിടിയില്‍. പ്രതി ഭാര്യയെ കൊന്നതിനു ശേഷം ചാക്കില്‍ കെട്ടി വീട്ടില്‍ സൂക്ഷിക്കുകയും 15 വയസ്സുള്ള മകളെ 10 കഷ്ണങ്ങളാക്കി മുറിച്ച് കനാലില്‍ വലിച്ചെറിഞ്ഞുവെന്നും പോലീസ് പറഞ്ഞു.
നൂല്‍ വ്യാപാരം നടത്തിയിരുന്ന യോഗേഷ് മേത്ത ഭാര്യ രേഷ്മയ്‌ക്കും (43) 18ഉം 15ഉം വയസ്സുള്ള രണ്ട് പെണ്‍മക്കള്‍ക്കൊപ്പം സില്‍വാസയിലെ ഡോക്മാര്‍ഡിലാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ മഹുവ താലൂക്കാണ് പ്രതിയുടെ സ്വദേശം. വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് മേത്ത ഭാര്യയെയും മകളെയും കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.
തുടര്‍ന്ന് കത്തിയും ചുറ്റികയും ഉപയോഗിച്ച് മകളുടെ മൃതദേഹം 10 കഷ്ണങ്ങളാക്കി മുറിച്ച് ഭാഗങ്ങള്‍ നീക്കം ചെയ്തു. പിന്നീട് പോലീസ് നടത്തിയ തിരച്ചിലില്‍ തലയും കൈകാലുകളും ഉള്‍പ്പെടെ ശരീരത്തിന്റെ ചില ഭാഗങ്ങള്‍ കാനാലില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. മറ്റ് ശരീരഭാഗങ്ങള്‍ കണ്ടെത്തുന്നതിനായി തിരച്ചില്‍ തുടരുകയാണെന്ന് സില്‍വാസ്സ പോലീസ് പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരത്തോടെ മേത്തയുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ സില്‍വാസ പോലീസ് സ്‌റ്റേഷനെ സമീപിച്ചതിനു പിന്നാലെയാണ് കൊലപാതകം പുറത്തുവന്നത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതിനെ തുടര്‍ന്ന് രേഷ്മയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. മാനസിക വൈകല്യമുള്ള മേത്തയുടെ മൂത്ത മകളെയും പോലീസ് വീട്ടില്‍ കണ്ടെത്തി.
ഐപിസി സെക്ഷന്‍ 302 (കൊലപാതകം), 201 (തെളിവുകള്‍ നശിപ്പിക്കല്‍) എന്നിവ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും മേത്തയെ ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലില്‍, കൊലപാതകം നടത്തിയതായി ഇയാള്‍ സമ്മതിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി.
വാടക ഈടാക്കുന്നതിനെച്ചൊല്ലി ഭാര്യയുമായി പതിവായി മേത്ത വഴക്കിട്ടിരുന്നതായി സില്‍വാസ്സ പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം ഇത്തരമൊരു തര്‍ക്കത്തിനിടെ പ്രതി ഭാര്യയെ ആക്രമിക്കുകയും പിന്നീട് ചുറ്റിക കൊണ്ട് അടിക്കുകയുമായിരുന്നു. ആക്രമണം കണ്ട ഇളയ മകള്‍ അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ഇടപെട്ടു. എന്നാല്‍ അവളെയും മേത്ത ആക്രമിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
തുടര്‍ന്ന് രാത്രിയോടെ മൂത്ത മകളെ ഒരു മുറിയില്‍ പൂട്ടിയിട്ട പ്രതി തന്റെ ഇളയ മകളുടെ മൃതദേഹം 10 കഷണങ്ങളാക്കി നുറുക്കി വാഗ്ചിപ്പയിലെ ഒരു കനാലില്‍ വലിച്ചെറിഞ്ഞുവെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം വാഗ്ചിപ്പ മുതല്‍ ചിബദ്‌കോച്ച് വരെയുള്ള നാല് കിലോമീറ്റര്‍ ദൂരമുള്ള കനാലില്‍ പോലീസ് സംഘം തിരച്ചില്‍ നടത്തിയതിനു പിന്നാലെ ശരീരഭാഗങ്ങള്‍ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: