എടത്വാ: പൈപ്പ് പൊട്ടി റോഡില്‍ കുഴികള്‍ രൂപപ്പെട്ട തലവടി പഞ്ചായത്ത് ജങ്ഷനില്‍ ശുദ്ധജല വിതരണ ലൈന്‍ ചോര്‍ച്ച ജല അതോറിറ്റി എടത്വാ സെക്ഷന്‍ ഓഫീസ് പരിഹരിച്ചു. പൈപ്പ് ലൈന്‍ ചോര്‍ച്ച പരിഹരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് റോഡിലെ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്.
തിരുവല്ല സ്വദേശി ജോബിന് ജോസഫിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് അപകടം. നീരേറ്റുപുറം ഭാഗത്ത് നിന്ന് എടത്വയിലേക്ക് വന്ന ജോബിന്റെ സ്കൂട്ടര്‍ തലവടി പഞ്ചായത്തിന് സമീപത്തെ റോഡിലെ കുഴിയില്‍ വീണ് നീയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. നൈറ്റ് പെട്രോളിങിനെത്തിയ എടത്വാ പോലീസ് സ്റ്റേഷനിലെ എസ്ഐ സജികുമാര്‍, എഎസ്ഐ ശ്രീകുമാര്‍ എന്നിവര്‍ ജോബിന് ജോസഫിനെ ബിലീവേഴ്സ് ഹോസ്പിറ്റലില്‍ എത്തിച്ചു.
അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയില്‍ തലവടി പഞ്ചായത്ത് ജങ്ഷന് സമീപത്ത് ഒരുമാസമായി പൈപ്പ് ലൈന്‍ ചോര്‍ന്ന് റോഡില്‍ നിരവധി കുഴികള്‍ രൂപപ്പെട്ടിരുന്നു. ഈ ഭാഗങ്ങളില്‍ നിരവധി അപകടങ്ങളാണ് ദിവസേന നടക്കുന്നത്. അപകടം പതിവായതോടെ മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ജനപ്രതിനിധികള്‍ സംഭവത്തില്‍ ബന്ധപ്പെട്ടു.
ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്തിന്റെ നേത്യത്വത്തില്‍ നാട്ടുകാര്‍ ജല അതോറിറ്റി എടത്വാ സെക്ഷന്‍ ഓഫീസ് എ.എക്സ്.ഇ പ്രസീതയുമായി നടത്തിയ ചര്‍ച്ചയിലാണ് നടപടിയായത്. ഇന്നലെ രാവിലെ ജെ.സി.ബി ഉപയോഗിച്ച് റോഡ് തുരന്ന ശേഷം പൈപ്പ് ചോര്‍ച്ച പരിഹരിച്ചു. കേരളാ റോഡ് ഫണ്ട് ബോര്‍ഡ് റോഡ് ടാറിംഗ് നടത്തി പുനര്‍നിര്‍മ്മിക്കാനുള്ള ഉറപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: