പക്ഷി നിരീക്ഷകന്, പ്രകൃതി സംരക്ഷകന്‍, എഴുത്തുകാരന്, അധ്യാപകന് തുടങ്ങിയ നിലകളില്‍ പ്രസിദ്ധനാണ് ഇന്ദുചൂഡന്. 1923 ഏപ്രില്‍ 9ന് പാലക്കാട് ജില്ലയിലെ കാവശ്ശേരിയില്‍ തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചു. യഥാര്‍ത്ഥ പേര് കെ.കെ. നീലകണ്ഠന്. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ബിഎ ഓണേഴ്സ് (ഇംഗ്ലീഷ്) വിജയിച്ചു. തുടര്‍ന്ന് വിവിധ കോളജുകളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. 1978ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് വിരമിച്ചു.
മലയാളത്തിലെ ആദ്യത്തെ ആധികാരിക പക്ഷി പുസ്തകം എന്നു വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിലെ പക്ഷികള്‍ 1958ല്‍ രചിച്ചു. പക്ഷികളും മനുഷ്യരും, പുല്ലു തൊട്ട് പുനാര വരെ തുടങ്ങിയവയാണ് മറ്റു കൃതികള്‍. പക്ഷിപ്പിരാന്തന്‍ എന്നാണ് സ്വയം വിശേഷിപ്പിച്ചിട്ടുള്ളത്.
അതി മനോഹരമായ ഭാഷയിലാണ് ഇന്ദുചൂഡന് രചന നടത്തിയത്. ഒരുദാഹരണം നോക്കുക: ‘മുല്ല മലരിന്റെ തൂമണവും അന്തിമാനത്തിന്റെ തുടുപ്പും തിരമാലകളുടെ അനര്‍ഗള സംഗീതവും പൂമ്പാറ്റകളുടെ ചിറകിലെ വര്‍ണരേണുക്കളും പക്ഷികളുടെ പറക്കലും ഭൂമിയിലെ എണ്ണമറ്റ മറ്റത്ഭുതങ്ങളും… ഇവയൊന്നുമില്ലാത്ത ലോകത്ത് ജീവിക്കേണ്ടി വരുന്ന മനുഷ്യര്‍ ആത്മാവില്ലാത്ത വെറും യന്ത്രമായിരിക്കും.’
പക്ഷികളെക്കുറിച്ച് എഴുതുമ്പോള്‍ തന്നെ വന നശീകരണവും മറ്റു പരിസ്ഥിതി ദ്രോഹങ്ങളും സൃഷ്ടിക്കുന്ന വിപത്തുകളേപ്പറ്റി ഇന്ദുചൂഡന് മുന്നറിയിപ്പ് നല്‍കിയിരുന്നു. യുവ തലമുറയില്‍ പ്രകൃതിസ്നേഹം വളര്‍ത്തിയെടുത്താല്‍ മാത്രമേ പ്രകൃതിയില്‍ എന്തെങ്കിലും അവശേഷിക്കുകയുള്ളൂവെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. 1974ല്‍ തിരുവനന്തപുരത്ത് കേരള നാച്വറല്‍ ഹിസ്റ്ററി അസോസിയേഷന് രൂപീകരിച്ചു. നിത്യഹരിത വനമേഖലയായ സൈലന്റ്വാലിയെ സംരക്ഷിക്കാനായി 1970കളില്‍ രൂപംകൊണ്ട പ്രക്ഷോഭത്തിന്റെ മുന്‍നിരയിലും പ്രവര്‍ത്തിച്ചു. അക്കാലത്ത് ഇന്ദുചൂഡന് പറഞ്ഞത് ഇങ്ങനെ: ”ഭൂമിക്ക് ക്ഷമ എന്നൊരു പര്യായം തന്നെയുണ്ട്. പക്ഷെ ക്ഷമയ്ക്കുമുണ്ടല്ലോ ഒരതിര്!”
എന്തിനാണ് പക്ഷി നിരീക്ഷണം നടത്തുന്നതെന്ന ചോദ്യം ഒരിക്കല്‍ ഇന്ദുചൂഡന് നേരിടേണ്ടി വന്നു. അദ്ദേഹം അതിനു മറുപടി പറഞ്ഞത് ഇപ്രകാരമാണ്: ”ഒരിക്കല്‍ പ്രസിദ്ധ പര്‍വതാരോഹകനായ ജോര്‍ജ് മല്ലോറിയോട് ഒരാള്‍ എന്തിനാണ് ഇങ്ങനെ തുടര്‍ച്ചയായി എവറസ്റ്റ് കൊടുമുടി കയറാന്‍ ശ്രമിക്കുന്നതെന്ന് ചോദിച്ചു. മല്ലോറി പറഞ്ഞത് എവറസ്റ്റ് അവിടെയുള്ളതുകൊണ്ട് തന്നെ എന്നായിരുന്നു.” (കൊടുമുടി കയറാനുള്ള ശ്രമത്തിനിടെ 1924ല്‍ മല്ലോറിയെ കാണാതായി. പിന്നീട് 75 വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തിന്റെ ശരീരം 1999ല്‍ മഞ്ഞുമൂടിയ നിലയില്‍ കാണപ്പെടുകയായിരുന്നു.)
പക്ഷി നിരീക്ഷണം വിനോദം എന്നതുപോലെ ഒരു ശാസ്ത്രമാണെന്ന് വിശ്വസിച്ച ഇന്ദുചൂഡന് 1992 ജൂണ്‍ 14ന് 69-ാം വയസില്‍ അന്തരിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ പെലിക്കന്‍ സങ്കേതം ആന്ധ്രാപ്രദേശിലെ രാജേമന്ദ്രിക്കടുത്തുള്ള കൊല്ലേരുവിലെ തടാകക്കരയില്‍ കണ്ടെത്തിയതും അദ്ദേഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: