കൊച്ചി: മൂന്നാറിലെ കെട്ടിട നിര്‍മാണത്തിന് താത്കാലിക നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. രണ്ടുനിലയിലധികമുളള കെട്ടിടങ്ങളുടെ നിര്‍മാണത്തിന് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് വിലക്കേര്‍പ്പെടുത്തി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
മൂന്നാറിലെ പരിസ്ഥിതി- കെട്ടിട നിര്‍മാണ വിഷയത്തില്‍ നിരവധി കേസുകള്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നപ്പോള്‍ ചീഫ് ജസ്റ്റിസ് ഇടപെട്ട് മൂന്നാറിലെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ ബെഞ്ച് രൂപീകരിച്ചിരുന്നു. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് വീണ്ടും പരിഗണിക്കുന്നത് വരെ ഇടക്കാല ഉത്തരവ് നല്‍കിയത്.
മൂന്നാറിലെ നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാന്‍ അഡ്വക്കേറ്റ് ഹരീഷ് വാസുദേവനെ അമിസ്ക്കസ് ക്യൂറിയായും കോടതി നിയോഗിച്ചു.
കേസില്‍ ഒമ്പത് പഞ്ചായത്തുകളെ കക്ഷിചേര്‍ത്ത കോടതി വയനാട് പോലുള്ള പ്രദേശങ്ങളില്‍ കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന നിയമങ്ങള്‍ എന്തുകൊണ്ട് മൂന്നാറില്‍ നടപ്പാക്കുന്നില്ലെന്ന് ആരാഞ്ഞു..മൂന്നാറിലെ കൈയ്യേറ്റ വിഷയത്തില്‍ ഇടുക്കി കളക്ടര്‍ നല്കിയ റിപ്പോര്‍ട്ട് കോടതി വിലയിരുത്തി. മൂന്നാറിലെ നിര്‍മാണങ്ങള്‍ക്ക് റവന്യൂ വകുപ്പില്‍നിന്ന് എതിര്‍പ്പില്ലാരേഖ വാങ്ങണമെന്ന് കോടതി ഉത്തരവ് ഉണ്ടായിരുന്നു. ഇത് നടപ്പിലാക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: