ശുക്രന്റെ സ്വക്ഷേത്രവും മൂലക്ഷേത്രവുമാണ് തുലാം. അതിനാല്‍ കാമനകളും ഭൗതികവാസനകളും ഇന്ദ്രിയപരതകളും ജീവിതത്തെ ഉത്സവമാക്കിമാറ്റുന്ന കാഴ്ചയാണ് തുലാം രാശിയില്‍ (തുലാം ലഗ്നം , തുലാക്കൂറ് എന്നിവയില്‍) കാണാനാവുന്നത്. ജീവിതത്തോട് പുറം തിരിഞ്ഞുനില്‍ക്കുന്നവര്‍ തുലാസ്സിന്റെ ജനുസ്സില്‍ ഉള്‍പ്പെടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
അങ്ങാടിയില്‍ തുലാസ്സുമേന്തി വ്യാപാരം നടത്തുന്ന പുരുഷനാണ് തുലാം രാശിയുടെ സ്വരൂപം. അതിനാല്‍ കച്ചവടം എന്നത് ജീവനോപാധിയാവും. മറ്റ് ഉദ്യോഗത്തിലിരുന്നാലും, നല്ല ഒരു ബിസിനസ്സ് എന്നത് ഇവരുടെ സ്ഥിരം സ്വപ്‌നങ്ങളിലൊന്നൊയിരിക്കും. അടുത്തൂണ്‍ പറ്റി പിരിഞ്ഞശേഷം ആ തുകകൊണ്ട് വീട്ടിന്മുറ്റത്ത് ഒരു കടമുറിയുണ്ടാക്കി ഉപജീവനം കണ്ടെത്തുന്ന പ്രവണത ഏറ്റുവും അധികം കാണപ്പെടുന്നത് തുലാം രാശിക്കാരില്‍ തന്നെയായിരിക്കും. അഥവാ ‘കച്ചവടക്കണ്ണ്’ ഉള്ളവരാവും, തുലാം രാശിക്കാര്‍. അങ്ങനെയും പറയാം.
എന്തിനും വിലപറയാനറിയുന്ന ശീലം ഉണ്ടാവും. പഴമൊഴിയില്‍ പറയുന്ന പോലെ ‘ആറ്റില്‍ക്കളഞ്ഞാലും അളന്നു കളയും.’ വിലകൂട്ടാനും വിലകുറയ്‌ക്കാനും ഉള്ള വ്യാപാരതന്ത്രങ്ങള്‍ തുലാം രാശിക്കാരില്‍ ജന്മായത്തം തന്നെയായിരിക്കും. ഏറ്റവും പ്രധാനം ഒരുകൂസലുമില്ലാതെ, നിര്‍മ്മമത്വത്തോടെ സ്വന്തം ജീവിതത്തെ തന്നെ ത്രാസ്സിലിട്ട് തൂക്കും, ചിലപ്പോള്‍. അത്രയും ആര്‍ജ്ജവവും ഉണ്ട്. മനുഷ്യന് ഏറ്റവും ദുഷ്‌കരമാകുന്നത്, അവനവനെ അറിയുക എന്നതാണ്. ആ കഴിവിന്റെ പെരുമാക്കന്മാരാണ് തുലാംരാശിക്കാര്‍. മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ പത്ത് ഗ്രാം തൊട്ട് ടണ്‍ കണക്കിനെണ്ണും. അതേ വൈഭവത്തോടെ സ്വന്തം കുറവുകളും അറിയും. അതും കഴഞ്ചിലും റാത്തലിലുമെല്ലാം തൂക്കിപ്പറയാനറിയുന്നവരുമാവും.
സൂര്യനാണ് ബാധകഗ്രഹം. അതിനാല്‍ തുലാം രാശിക്കാര്‍ക്ക് സര്‍ക്കാര്‍ ജോലി ഒരു സ്വപ്‌നം മാത്രമാവും. അഥവാ ജോലി കിട്ടിയാലും, ശോഭിക്കുന്നവര്‍ കുറവ്. അധികാരികളുടെ അപ്രീതി ഉറപ്പിക്കാം. സൂര്യന്‍ പിതൃകാരകനുമാണല്ലോ? അക്കാരണത്താല്‍ പിതാവുമായിട്ടും എന്നും അകല്‍ച്ചയും കന്മഷവും കലാപവും തന്നെയായിരിക്കും. അതിന്റെ അശാന്തി ഇവരുടെ ബാല്യ കൗമാരയൗവ്വനത്തെയാകെ മ്ലാനമാക്കും.
ശനിയുടെ ഉച്ചരാശിയാണ് തുലാം. ആകയാല്‍ ശുക്രന്റെ വൈകാരികദീപ്തി അതിരുകവിയാതെ സന്തുലിതമാകുന്നു. ശുക്രന്റെ മദഗര്‍വ്വങ്ങളെ, ശനി കാഷായം പുതപ്പിച്ച് ബാഷ്പീകരിക്കുകയായി. അതൊരു ‘ശനി ചികില്‍സയാണ്.’അങ്ങനെ ആത്മീയ/ആദ്ധ്യാത്മിക വാസനകളും നാമ്പെടുക്കുന്നു; ക്രമേണ പന്തലിക്കുന്നു. ജീവിതത്തില്‍ ഒരുപാട് വിയര്‍പ്പൊഴുക്കി പിടിച്ചെടുത്തവ, ഒരു മനക്ലേശവുമില്ലാതെ, പുനശ്ചിന്തയില്ലാതെ, വലിച്ചെറിയുന്നു. ഭോഗമുണ്ട്; അതേ കനത്തില്‍ ത്യാഗവും. ഭോഗിയാവാന്‍ കഴിയും; യോഗിയാവാനും കഴിയും എന്നതാവുന്നു, തുലാം രാശിക്കാരുടെ ജീവിതപാഠം.
പ്രതികരിക്കാൻ ഇവിടെ എഴുതുക