തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസില് തുടരന്വേഷണം വേണമെന്ന മുന് വനിതാ ഇടത് എംഎല്എമാരുടെ ആവശ്യം എതിര്ത്ത് സംസ്ഥാന സര്ക്കാര്. അന്ന് പ്രതിപക്ഷത്തായിരുന്ന മുന് എംഎല്എമാരായ സിപിഐയിലെ ബിജിമോളും ഗീതാ ഗോപിയുമാണ് ഹര്ജി നല്കിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയില് സമര്പ്പിച്ച ഹര്ജിക്കെതിരെയാണ് സര്ക്കാര് നിലപാട്.
കേസില് വിചാരണ നീട്ടാനുള്ള നീക്കമാണ് ഹര്ജിയെന്നാണ് പ്രോസിക്യൂഷന് വാദിച്ചത്. എന്നാല് തങ്ങള്ക്ക് വാദിക്കാന് കൂടുതല് സമയം വേണമെന്ന് ഹര്ജിക്കാരും കോടതിയോട് ആവശ്യപ്പെട്ടു. ഇവരുടെ ഹര്ജിക്കെതിരെ കെപിസിസി തടസ്സ ഹര്ജി നല്കിയിട്ടുണ്ട്. ഹര്ജി അനുവദിക്കരുതെന്നും തള്ളണമെന്നുമാണ് കെപിസിസിയുടെ ആവശ്യം. ഇതേ നിലപാടാണ് സംസ്ഥാന സര്ക്കാരും സ്വീകരിച്ചത്.
സംഭവം നടന്ന ദിവസം ഭരണപക്ഷ എംഎല്എമാരുടെ ആക്രമണത്തില് പരിക്കേറ്റിരുന്നുവെന്ന് മുന് എംഎല്എമാരായ ബിജിമോളും ഗീതാ ഗോപിയും ആരോപിക്കുന്നത്. മ്യൂസിയം പോലീസില് പരാതി നല്കിയിട്ടും അന്വേഷണമുണ്ടായില്ല. ഈ കേസില് മൊഴിയെടുക്കുകയോ സാക്ഷിയാക്കുകയോ ചെയ്തിട്ടില്ലെന്നും ഇരുവരും ഹര്ജിയില് ആരോപിക്കുന്നു. നിയമസഭാ കൈയാങ്കളിയില് പ്രതിസ്ഥാനത്ത് നില്ക്കുന്നത് സിപിഎം എംഎല്എമാരാണ്. എന്നിട്ടും തങ്ങള്ക്കൊപ്പം നിന്ന മുന് വനിതാ എംഎല്എമാര്ക്കെതിരെയുള്ള നിലപാട് മാറ്റിയിരിക്കുകയാണ് പിണറായി സര്ക്കാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: