ബാലുശ്ശേരി (കോഴിക്കോട്): കുറുമ്പ്രനാട് രാജാവ് നിര്‍മ്മല്ലൂര്‍ കൊട്ടാരമുക്കിലെ മല്ലിശ്ശേരി കിഴക്കേടത്ത് കോവിലകത്ത് വലിയ തമ്പുരാന് കാര്‍ത്തിക തിരുനാള്‍ രവിവര്‍മ്മ രാജ (78) അന്തരിച്ചു. ബാലുശ്ശേരി ഹൈസ്കൂളിന് സമീപം മീത്തലെ മണഞ്ചേരി വസതിയില്‍ അന്ത്യം.
പരേതരായ പെരുമണ്ണ താഴെ പാട്ടത്തില്‍ ചെറിയ കൃഷ്ണന് നമ്പൂതിരിയുടെയും മല്ലിശ്ശേരി കോവിലകത്ത് അംബികാദേവി വലിയമ്മ രാജയുടെയും മകനാണ്. ഭാര്യ: പരേതയായ മീരാ റാണി (തിരുവണ്ണൂര്‍ കോവിലകം). മകള്‍: രശ്മി വര്‍മ്മ. മരുമകന്: ജിതേഷ് (കെഎസ്ആര്‍ടിസി). സഹോദരങ്ങള്‍: വീരവര്‍മ്മ രാജ, സുമ വര്‍മ്മ, സുധ വര്‍മ്മ, ശാന്ത വര്‍മ്മ.
1945ല്‍ കിഴക്കേടത്ത് കോവിലകത്ത് ജനിച്ച രവിവര്‍മ്മ രാജ ശിവപുരം ശങ്കരന് മാസ്റ്റര്‍ മൊമ്മോറിയല്‍ എയുപി സ്കൂളിലും ബാലുശ്ശേരി ഹൈസ്കൂളിലുമായി സ്കൂള്‍ വിദ്യാഭ്യാസവും തെക്കേ വയനാട് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ്കോളജിലും മഞ്ചേരി എന്‍എസ്എസ് കോളജിലും പ്രീഡിഗ്രിയും പൂര്‍ത്തിയാക്കി. കോഴിക്കോട് ഗുരുവായൂരപ്പന് കോളജില്‍ നിന്ന് പൊളിറ്റിക്സില്‍ ബിരുദം നേടി. മൈസൂരില്‍ നിന്ന് എംഎയും ഗുവാഹത്തിയില്‍ നിന്ന് എല്‍എല്‍ബിയും പൂര്‍ത്തിയാക്കി. അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.
ബാലുശ്ശേരി കോട്ട വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റി കൂടിയായ രവിവര്‍മ്മ രാജ മലബാറിലെ പ്രസിദ്ധമായ ഒട്ടനേകം ക്ഷേത്രങ്ങളില്‍ ഊരായ്മ സ്ഥാനം വഹിക്കുന്നുണ്ട്. മലബാര്‍ എക്പ്രസ് സായാഹ്ന പത്രത്തിന്റെ പത്രാധിപര്‍, കണ്‍സ്യൂമര്‍ ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ജില്ല, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, കരുമല സര്‍വീസ് സഹകരണ ബാങ്ക് വൈസ്പ്രസിഡന്റ്, ദേശബന്ദു സഹകരണ സംഘം വൈസ് പ്രസിഡന്റ് നന്മണ്ട ഹൗസിങ്് സൊസൈറ്റി വൈസ് പ്രസിഡന്റ്, ഭാരത അയ്യപ്പ സേവാസംഘം ആജീവനാന്ത അംഗം, താലൂക്ക്, സംസ്ഥാന കൗണ്‍സിലര്‍, പഴശ്ശി രാജാ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി, കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് മാനേജിംഗ് കമ്മിറ്റി മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
കിനാലൂര്‍ എസ്റ്റേറ്റ് ഭൂമി ഉള്‍പ്പെടെ രാജകുടുംബത്തിന്റെ അന്യാധീനപ്പെട്ട ഭൂമിക്കായുള്ള നിയമ പോരാട്ടം നടത്തുന്നതിനിടെയാണ് അന്ത്യം. കേസ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി നടക്കുകയാണ്. ഭൗതികദേഹം തറവാട്ടുവളപ്പില്‍ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: